30/9/16

നോവലിലെ പ്രവചനം

ഒരു നോവലിനെ വിലയിരുത്താനും അഭിപ്രായം പറയാനും ഒന്നും ഞാന്‍ ആളല്ല. എങ്കിലും ചെറിയൊരു കാര്യം മാത്രം ഇവിടെ കുറിക്കാം.

                     വര്‍ഷം 1898 മോര്‍ഗണ്‍ റോബര്‍ട്ട്‌സണ്‍ എന്ന എഴുത്തുകാരന്‍ ഒരു നോവലെഴുതി. "ഫ്യുട്ടിലിറ്റി" അതായിരുന്നു നോവലിന്‍റെ പേര്. ഒരു ആഡംബര കപ്പലിനെ കുറിച്ചായിരുന്നു നോവല്‍. ആദ്യത്തെ യാത്രക്കായി പുറപ്പെട്ട കപ്പല്‍ ഒരു മഞ്ഞുകട്ടയില്‍ ഇടിച്ച് തകര്‍ന്നു. കപ്പലില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ മരിച്ചു.

             നോവല്‍ പ്രസിദ്ധീകരിച്ചു. 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. 1912 ഏപ്രില്‍ 12 ലോകത്തന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ആഡംബര കപ്പല്‍ അതിന്‍റെ കന്നിയാത്ര പുറപ്പെട്ടു. പക്ഷെ ആ കപ്പല്‍ അന്ന് രാത്രി മഞ്ഞുകട്ടയില്‍ ഇടിച്ച് തകര്‍ന്നു. ആ കപ്പല്‍ "ടൈറ്റാനിക്ക്" ആയിരുന്നു. നോവലിലെ കപ്പലിന്‍റെ പേര് "ടൈറ്റന്‍" എന്നായിരുന്നു. നോവലില്‍ പറഞ്ഞിരിക്കുന്ന കപ്പലിന്‍റെ അതെ വലിപ്പവുമാണ്‌ ടൈറ്റാനിക്ക് ന്. നോവലിലെ കപ്പലില്‍ മുവ്വായിരത്തോളം പേര്‍ക്ക് സഞ്ചരിക്കാം. ടൈറ്റാനിക്കിലും അത്രയും പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.

           ടൈറ്റാനിക്ക് ദുരന്തവും റോബര്‍ട്ട്സണ് ന്‍റെ നോവലും തമ്മില്‍ എങ്ങനെ ഇത്രയതികം സാമ്യമുണ്ടായി? ആ നോവല്‍ ടൈറ്റാനിക്ക് ദുരന്തത്തെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായിരുന്നു എന്നാണ് ചിലരൊക്കെ കരുതുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ യാദൃശ്ചികതയായും ഇതിനെ കാണുന്നു.

നോവൽ ഡൗൺലോഡ് ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      
https://archive.org/details/wrecktitanorfut01robegoog

27/9/16

ഓർമ്മകൾ {കഥ}

പതിവ് പോലെ ജോലി  കഴിഞ്ഞ് ഫാരിസ് മേശപ്പുറത്തെ പത്രത്തിലേക്ക് കണ്ണോടിച്ചു. പെട്ടന്ന് ഒരു ഫോട്ടോക്ക് മുന്നിൽ കണ്ണുകൾ തടഞ്ഞു നിന്നു.
              ഫോട്ടോയുടെ അടിയിൽ എഴുതിയ കുറിപ്പവൻ വായിച്ചു. "ഷെറിൻ നടത്തുന്ന അനാഥാലയത്തിലേക്ക് പണം അയക്കാൻ താല്പര്യമുള്ളവർ... ഈ അഡ്രസ്സിൽ പണം അയക്കണമെന്ന് വിനീതപൂർവ്വം അപേക്ഷിക്കുന്നു". ആ വാർത്ത വായിച്ച് അവനാകെ അസ്വസ്ഥനായി. കാറെടുത്ത് ഫ്ളാറ്റിലേക്ക് പോകുമ്പോൾ അവന്റെ മനസ്സിൽ നിറഞ്ഞത് കുറ്റബോധമായിരുന്നു. ഫ്ളാറ്റിലെത്തി ഊണ് പോലും കഴിക്കാതെ നേരെ ബെഡ്റൂമിലെത്തി കട്ടിലിലേക്ക് വീണു. ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം കാരണം അവൻ കണ്ണടച്ചു കിടന്നു. കഴിഞ്ഞ കാലത്തെ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് എത്തുകയായിരുന്നു. അവൻ ഓർക്കുകയായിരുന്നു ഷെറിനെ പരിജയപ്പെട്ട ദിവസം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പഠിക്കാനുള്ളതുകൊണ്ട് ഞായറാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നേരം വൈകിയിരുന്നു.  രാവിലെ എഴുന്നേറ്റ് കോളേജിലേക്ക് പോകാൻ റെഡിയാകുമ്പോഴാണ് ഉമ്മ കാപ്പി കുടിക്കാൻ വിളിച്ചത്. വീട്ടിലെ നിത്യചെലവും അവന്റെയും സഹോദരിയുടേയും വിദ്യാഭ്യാസവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഉമ്മയെക്കുറിച്ച് ഓർത്തപ്പോൾ ഫാരിസിന്റെ കണ്ണുകൾ നിറഞ്ഞു. ഉപ്പ മരിച്ച ശേഷം എല്ലാ ചുമതലയും വന്നു ചേർന്നത് ഉമ്മയുടെ തലയിലായിരുന്നു. ഉമ്മ അവനോട് എപ്പഴും പറയും ഫാരീ, നീ പഠിച്ച് ഒരു ജോലി നേടിയാലേ നമ്മുടെ കഷ്ടപ്പാട് മാറുകയുള്ളു. അത് കേൾക്കുമ്പോൾ അവൻ ഉമ്മയെ ആശ്വസിപ്പിക്കും.
               വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 9 ആയിരിക്കുന്നു. ബസ്സിന്റെ ഹോണടി കേട്ടപ്പോൾ മറ്റൊന്നും ഓർക്കാതെ ബാഗുമെടുത്ത് ഓടിച്ചെന്ന് ബസ്സിൽ കയറി. കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോഴാണ് പേഴ്സ് എടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്. അവൻ നിന്ന് വിറക്കാൻ തുടങ്ങി. കണ്ടക്ടറുടെ വായയിൽ നിന്ന് ചീത്ത മുഴുവനും കേട്ട ശേഷം അപ്പോൾത്തന്നെ അവനോട് ബസ്സിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. പെട്ടന്ന് ബസ്സിന്റെ മുൻസീറ്റിൽ ഇരുന്ന പെൺകുട്ടി കണ്ടക്ടറോട് അയാളെ ബസ്സിൽ നിന്ന് ഇറക്കി വിടണ്ട എന്ന് പറഞ്ഞ് അവന്റെ  ടിക്കറ്റ് എടുത്തു. ആരാണ് തന്റെ ടിക്കറ്റ് എടുത്തത് എന്ന് ഫാരിസ് നോക്കി. അത് ഷെറിനായിരുന്നു. അവളെ അറിയാത്തവരായി ക്യാമ്പസിൽ ആരും തന്നെ ഉണ്ടാവില്ല. കാരണം ഷെറി അതി സുന്ദരിയാണ്. മാത്രമല്ല, നന്നായി പാടുകയും ചെയ്യും. അതു കൊണ്ട്തന്നെ അവളുടെ പ്രണയം പിടിച്ചുപറ്റാൻ പലരും ശ്രമിക്കാറുണ്ട്. പക്ഷേ ആരും തന്നെ വിജയിച്ചിട്ടില്ല.  കോളേജിനടുത്ത് ബസ്സ് നിറുത്തിയപ്പോൾ ബസ്സിൽ നിന്നിറങ്ങി ഷെറിന്റെ അടുത്ത് ചെന്ന് ടിക്കറ്റ് എടുത്തതിന് നന്ദി പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും അവർ തമ്മിൽ കാണാറുണ്ടായിരുന്നു. അപ്പോൾ ആ സൗഹൃദം ഒരു പുഞ്ചിരിയിലോ ഒന്ന് രണ്ട് വാചകത്തിലോ ഒതുക്കുമായിരുന്നു. ആ സൗഹൃദത്തിൽ നിന്നാണ് പിന്നീടവർ പ്രണയത്തിലായത്. ക്യാമ്പസിലെ മരങ്ങളുടെ ചുവട്ടിലൂടെ നടക്കുമ്പോൾ അവൻ അവളോട് പറയും "ഷെറീ നിനക്ക്  എന്നേക്കാൾ സ്വത്തും നല്ല വീടും ഒക്കെ ഉള്ള ഒരാളെ ഭർത്താവായി കിട്ടും. അതു കൊണ്ട് നീ...." ബാക്കി പറയാൻ ഒരിക്കലും അവൾ സമ്മതിക്കാറില്ല. ആ പ്രണയം ഷെറിന്റെ വീട്ടിൽ അറിഞ്ഞു. അവളെ ഉപ്പ ഫാരിസിനെ വീട്ടിൽ വിളിച്ചു വരുത്തി പറഞ്ഞത് ഉദ്യോഗവും നല്ലൊരു വീടും, പണവും ഒന്നുമില്ലാത്ത അവന് ഷെറി നെ വിവാഹം കഴിച്ച് കൊടുക്കില്ല എന്നായിരുന്നു. ഷെറിക്ക് എന്താണ് ആ വിഷയത്തെക്കുറിച്ച് പറയാനുള്ളത് എന്ന് കേൾക്കാൻ പോലും നിക്കാതെ ഫാരി ആ വീട്ടിൽ നിന്നും ഇറങ്ങി. അപ്പോൾ അവൻ  ഓർമ്മിച്ചു ഉദ്യോഗവും പണവും ഇല്ല എന്ന് പറഞ്ഞാണ് ഷെറിന്റെ വീട്ടുകാർ തന്നെ അപമാനിച്ചത്. അതെ, ഇനി തന്റെ ലക്ഷ്യം അതാണ്. നല്ലൊരു ഉദ്യോഗം നേടനം. കുറച്ചധികം പണം  സമ്പാദിക്കണം. അവനാ ലക്ഷ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ പല തവണ ഷെറിൻ അവനെ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ അവൻ അവളിൽ നിന്ന് ഒഴിഞ്ഞ്മാറി. അത് ഒരു പ്രതികാരം ചെയ്യലായിരുന്നു.  ഷെറിൻ ദുഃഖിക്കുമ്പോൾ അവനത് വളരെ  സന്തോഷമുള്ള കാര്യമായിരുന്നു. ക്രമേണ ഫാരിസ് ഷെറിൻ നെ മറക്കാൻ ശ്രമിച്ചു എന്ന് പറയുന്നതിലധികം മറന്നു എന്ന് പറയുന്നതാണ് ശരി.
           ഇന്ന് അവൻ വലിയ പണക്കാരനാണ്. കുടുംബസമേതം ജോലിസ്ഥലത്തുള്ള ഒരു ഫ്ളാറ്റിൽ താമസിക്കുന്നു. റോഡിൽ നിന്ന് കാറിന്റെ നിറുത്താതെയുള്ള ഹോണടി കേട്ട് ഭാര്യ അയാളെ വിളിച്ചുണർത്തിയപ്പോൾ ഓർമ്മകളിൽ നിന്ന് അവനുണർന്നു. എണീറ്റ് വന്ന് നോക്കിയപ്പോൾ ഓഫീസിലെ ജോലിക്കാരനാണ് കാറിൽ വന്നത്. ഫാരിസിനെ മാനേജർ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവൻ കാറിലേക്ക് കയറി. കാർ ഓടികൊണ്ടിരിക്കുന്നതിനിടയിൽ അവൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ച് ആ അനാഥാലയത്തിലെ അഡ്രസ്സ് ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു.......

24/9/16

ആത്മ നൊമ്പരം

കൂട്ടൂകാരെ ആദ്യമായി എഴുതിയ കഥയാണ്... 
തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം... പറഞ്ഞ് തിരുത്തിക്കണം...


           തന്റെ പിറന്നാൾ ദിനത്തിലെ ഈ പ്രഭാതത്തിന് എന്തേ ഒരു വിളർച്ച. എല്ലാ പിറന്നാളിനും നിറഞ്ഞ ചിരിയുമായി എത്തിയിരുന്ന പ്രഭാതം ഇപ്പോൾ മുഖം കറുപ്പിച്ചിരിക്കുന്നു. ഇക്കുറി എല്ലാം വളർച്ചയുടെ മുഖംമൂടിയിലല്ലേ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് "നീ ഇനിയും ഒരുങ്ങിയില്ലേ?" എന്ന ചോദ്യവുമായി അമ്മ കയറി വന്നത്. 'നേരത്തേ എത്തണം പറഞ്ഞത് ഓർമ്മയില്ലേ? എന്തിനും ഏതിനും ഞാനൊപ്പം വേണമെന്ന് വെച്ചാൽ ഞാനെന്താ ചെയ്യ്യാ? ഈ കുട്ടിയുടെ ഒരു കാര്യം. വേഗം ഒരുങ്ങാൻ നോക്ക് ' എന്നും പറഞ്ഞ് അമ്മ പോയപ്പോൾ സ്നേഹ വീണ്ടും ചിന്തകളിൽ മുഴുകി.

               ' സ്നേഹ ' അച്ഛന്റെ ഇഷ്ടപ്പെട്ട പേര്. തന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ അമ്മയുടെ വയറ്റിൽ മുഖം ചേർത്ത് 'മോളൂട്ടി' എന്ന് വിളിക്കുമ്പോൾ താൻ വയറ്റിൽ കിടന്ന് ഇളകിയിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. ഒരുപാട്  സ്നേഹമുള്ള അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഹങ്കരിച്ചിട്ടുമുണ്ട്. സംഗീതപ്രിയനായ അച്ഛൻ ആനന്ദഭൈരവിയും, മോഹനവും, ഭൂവാളവും ആലപിക്കുമ്പോൾ താൻ നിശബ്ദനായി ശ്രവിക്കുമായിരുന്നത്രെ. എന്റെ മോളെ ഞാൻ രാജകുമാരിയെപ്പോലെ വളർത്തും സംഗീതവും നൃത്തവും എല്ലാം അവളെ പഠിപ്പിക്കും എന്ന് അച്ഛൻ ചെറുപ്പത്തിലേ പറയുമായിരുന്നത്രെ. അച്ഛന്റെ ആഗ്രഹം പോലെ വളർന്ന ഞാൻ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും എല്ലാം മുന്നിലായിരുന്നു. എവിടെയും തന്റെ സാന്നിദ്ധ്യം പ്രമുഖമായിരുന്നു. മറ്റുള്ളവരുടെ അനിഷ്ടമോ ദൈവത്തിന്റെ കളിയോ എന്താണ് തന്റെ ഈ വിധിക്ക് കാരണം എന്ന് പലപ്പോഴും ആലോചിച്ചു. കളികളിലൂടെയും തമാശകളിലൂടെയും തന്നെതന്നെ മറക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാലും പലപ്പോഴും തനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥകൾ വന്നിട്ടുണ്ട്. മനസ്സിന്റെ വിങ്ങൽ ആരേയുമറിയിച്ചില്ല. തന്റെ പ്രിയപ്പെട്ട നന്ദനെപ്പോലും. അതായിരുന്നല്ലോ അവന്റെ പരാതിയും.  നീയെന്തിനാ ഇങ്ങനെ എല്ലാം ഉള്ളിലൊതുക്കി നടക്കുന്നത്?  ആരോടെങ്കിലും ഒന്ന് തുറന്ന് പറഞ്ഞ് മനസ്സിന്റെ ഭാരം അൽപം കുറച്ചൂടെ എന്ന് അവൻ പലപ്പോഴും ചോദിച്ചിരുന്നു. എന്റെ വേദന എന്റേത് മാത്രമായി തീരുന്നതാണ് എനിക്കിഷ്ടം. മറ്റുള്ളവരുടെ പരിഹാസം അവഗണിക്കാൻ ഞാൻ എന്നെ തന്നെ പഠിപ്പിച്ചു. സഹതാപം ഒട്ട് ആഗ്രഹിച്ചുമില്ല.

                          പിറന്നാളിന് കിട്ടിയ സമ്മാനങ്ങളിൽ നിന്ന് മുത്തശ്ശി വാങ്ങി തന്ന തന്റെ പ്രിയപ്പെട്ട വെള്ള നിറമുള്ള പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് കാറിൽ കയറുമ്പോൾ 'ചേച്ചി ഞങ്ങളും വരുന്നെന്ന്' അനിയന്മാർ പറഞ്ഞപ്പോൾ മൗനമായി നിന്നു. തിരിച്ച് വരാത്ത ഒരു യാത്രയാണ് ഇനിയുള്ളതെന്ന് അവർക്കറിയില്ലല്ലോ. ചേച്ചിക്ക് ഇനി അവരുമായി അടികൂടാൻ കഴിയില്ലെന്ന് അവരറിയണ്ട. നനഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ ശ്രദ്ധ പുറത്തേക്ക് തിരിച്ചു. തന്നെ ശുണ്ഠി പിടിപ്പിക്കാൻ ശ്രമിച്ച അവരെ അമ്മ ശാസിച്ചു. 'സാരല്ല്യ അമ്മേ ഇനി അധികകാലമൊന്നും ഇല്ലല്ലോ' എന്ന് പറഞ്ഞ് താനും അവരെ കൂടെ കൂടാൻ ശ്രമിച്ചു.

              കാറിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ, തന്റെ പ്രിയപ്പെട്ട മഴത്തുള്ളികൾ കാറിന്റെ ചില്ലിലൊന്ന് തട്ടി. നേരമില്ലാത്ത നേരത്ത് ഒരു മഴ എന്ന് പറഞ്ഞ് അമ്മ ചില്ല് താഴ്ത്തി. മണ്ണിന്റെ നേർത്ത ഗന്ധവും, തുള്ളികളുടെ കുളിർമയും താൻ ആസ്വതിക്കുമ്പോൾ നിനക്ക് വട്ടാണെന്ന് പറഞ്ഞ് നന്ദൻ തന്നെ കളിയാക്കിയിരുന്നു. ഓർമ്മകളിൽ മുഴുകി അറിയാതെ തന്റെ ചിരിയുടെ ശബ്ദം ഉയർന്നു. എന്താ നീ ചിരിക്കുന്നത് എന്ന് അമ്മ ചോദിച്ചപ്പോഴാണ് പരിസരബോധമുണ്ടായത്. ചേച്ചിക്ക് ഇപ്പോൾ എപ്പഴും സ്വപ്നം കാണലാണ് പണിയെന്ന് പറഞ്ഞ് അനുജന്മാർ കളിയാക്കിയിരുന്നു.

                  എപ്പോഴായിരുന്നു തന്റെ അസുഖത്തിന്റെ തുടക്കം എന്ന് കൃത്യമായി ഓർക്കുന്നില്ല. ഇടക്കിടക്ക് വരുന്ന തലവേദനയെ വേദനസംഹാരികളിൽ ഒതുക്കി നിർത്തും. ഓട്ടവും ചാട്ടവും ഒന്ന് കുറച്ചൂടെ കുട്ട്യേ എന്ന് പറഞ്ഞ് മുത്തശ്ശി തലയിൽ ചന്ദനം പുരട്ടി തരും. ഒരിക്കൽ മൂക്കിൽകൂടി രക്തം വന്ന് കൂട്ടുകാർ വീട്ടിൽ കൊണ്ടു വന്നപ്പോൾ അതൊരു ദുരന്തത്തിന്റെ തുടക്കമാണ് എന്നറിഞ്ഞിരുന്നില്ല.

               അച്ഛന്റെ ഫ്രണ്ടായ ഡോക്ടറെ കാണിച്ചപ്പോൾ വിശദമായ ഒരു ചെക്കപ്പ് നടത്താൻ ആവശ്യപ്പെട്ടു. ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത ക്യാൻസറിന്റെ പിടിയിലാണ് തന്റെ മകൾ എന്നറിഞ്ഞ അമ്മയുടെ മുഖം തനിയ്ക്ക് ഇപ്പോൾ ഓർക്കാൻ കഴിയുന്നില്ല. ദുഃഖമോ, നിർവികാരതയോ, ഞെട്ടലോ ഒക്കെ ആ മുഖത്തിൽ പ്രതിഫലിച്ചിരുന്നു. ഏങ്ങലടിച്ചു കരയുന്ന മുത്തശ്ശിയെ എങ്ങനെ ആശ്വസിപ്പിക്കും. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിയാത്തതിനാൽ അനിയന്മാർക്ക് പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. നേർച്ചകൾക്കും പ്രാർത്ഥനകൾക്കും രക്ഷിക്കാൻ കഴിയില്ലെന്നറിയാമായിരുന്നിട്ടും അറിയാവുന്ന അമ്പലങ്ങളിൽ എല്ലാം കയറി മുത്തശ്ശിയും അമ്മയും പ്രാർത്ഥനകളും വഴിപാടുകളും കഴിച്ചു.

                       'മോൾക്ക് കുറച്ച് പൂവ് വാങ്ങി കൊള്ളു' എന്ന അമ്മയുടെ ശബ്ദം എന്റെ  ഓർമ്മകളെ മുറിച്ചു. പൂവ് വാങ്ങി തന്റെ മുടിയിൽ ചൂടിക്കുമ്പോൾ നനഞ്ഞ കണ്ണുകൾ മറക്കാൻ അമ്മ പാടുപെടുന്നത് താൻ കണ്ടില്ലെന്നു നടിച്ചു. കോളേജിൽ പോകുമ്പോൾ എന്നും അമ്മയായിരുരുന്നു മുടി കെട്ടി തന്നിരുന്നത്. ഇത്രയും വലുതായിട്ടും ഒറ്റക്ക് മുടി കെട്ടാൻ അറിയില്ലേ എന്ന് ചോദിച്ച് കൂട്ടുകാരികൾ കളിയാക്കുമായിരുന്നു.  ഇപ്പോൾ മുടിയെല്ലാം കൊഴിഞ്ഞിരിക്കുന്നു. എന്റെ തലക്ക് സുഖമില്ല എന്ന് പറഞ്ഞ് കൂട്ടുകാരികൾ കളിയാക്കി. തന്നെ ഇനിയും കോളേജിൽ വിടാൻ അമ്മക്ക് പേടിയായിരുന്നു. തുടർച്ചയായ ചെക്കപ്പുകളും മരുന്നുകളും തന്നെ തളർത്തിയിരുന്നു.  മാസത്തിൽ രക്തം മാറ്റണമായിരുന്നു. അതിനു വേണ്ടി അച്ഛൻ ആരോഗ്യവും സമ്പാദ്യവും എല്ലാം നഷ്ടപ്പെടുത്തി ഓടി നടന്നു.  മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും രക്ഷപ്പെടാൻ പഠനം തുടരാൻ താൻ വാശി പിടിച്ചു. അവസാനം തന്റെ വാശിക്ക് മുന്നിൽ അമ്മ വഴങ്ങി.

              ചെറിയൊരു ഇടവേളക്കുശേഷം കോളേജിൽ എത്തിയ താൻ പഴയ പ്രസരിപ്പ് മുഖത്ത് വരുത്താൻ ശ്രമിച്ച് കൂട്ടുകാർക്കിടയിലേക്ക് നീങ്ങി. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്ന തന്നെ അവർ മാവേലി എന്നാണ് വിളിച്ചിരുന്നത്.  ആരും ഒന്നും അറിയരുതെന്നും സഹതാപനേത്രങ്ങളും ആശ്വാസവചനങ്ങളും പൊതിയരുതെന്നും ആഗ്രഹിച്ചു. പഴയതിലും കൂടുതൽ പ്രസരിപ്പോടെ എല്ലാത്തിലും മുന്നിൽ പ്രവർത്തിക്കാൻ തുടങ്ങി. പക്ഷെ തന്റെ ഒരു ചെറിയ ചലനം പോലും ശ്രദ്ധിച്ചിരുന്ന നന്ദനോട് എല്ലാം തുറന്നു പറഞ്ഞു. തനിയ്ക്കു വേണ്ടി അവന്റെ ജീവിതം പാഴാക്കുന്നത് എന്തിനാണ്. അവന്റെ മുഖഭാവം എന്താണ് എന്ന് നോക്കാൻ നിൽക്കാതെ റിഹേഴ്സൽ ക്യാമ്പിലേക്ക് നടന്നു. താനും നന്ദനും ചിട്ടപ്പെടുത്തിയ മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരിയുടെ' അവതരണം. ജീവിതത്തിൽ കൊതിച്ചതൊന്നും കിട്ടാതിരുന്ന നായികയുടെ ദുഃഖം താൻ പൂർണ്ണമായും ഉൾകൊണ്ടോ എന്ന് തോന്നി. പ്രാക്ടീസിന്റെ കാഠിന്യം തന്നെ തളർത്തി. നന്ദന്റെ വിങ്ങുന്ന നോട്ടത്തിനു മുന്നിൽ എല്ലാം ഒരു ചിരിയിൽ ഒതുക്കി. മൂക്കിൽ നിന്നും വരുന്ന രക്തം ആരും കാണാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകി. തനിയ്ക്ക് പകരം വേറെ ആരെയെങ്കിലും കണ്ടുപിടിക്കാൻ പറഞ്ഞ്  ഞാൻ അവിടെ നിന്നും ഇറങ്ങി.

                   ഇന്ന് തന്റെ പിറന്നാളാണെന്നും, അന്നാണ് ട്രീറ്റ്മെന്റിന് ആശുപത്രിയിൽ പോകുന്നതെന്നും അവനോട് പറഞ്ഞിരുന്നു. താൻ ഇറങ്ങുന്നതുവരേയും അവൻ വന്നില്ല. 'എന്തൊരു മഴ' കുട നിവർത്തിക്കോ മോളേ എന്ന് അമ്മ പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ എത്തിയ കാര്യം അറിയുന്നത്. കുടയും പിടിച്ച് മഴയിലൂടെ ലാബിന്റെ മുന്നിലേക്ക് നടന്നു. അറിയാതെ കണ്ണുകൾ നന്ദൻ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. ഈ ദിവസത്തിന്റെ ഓർമ്മ അവനിൽ ഇല്ലേ?. ഇനിയും  എനിക്ക് ആഘോഷിക്കാൻ ഒരുപാട് പിറന്നാളില്ലല്ലോ എന്ന് അവനറിയില്ലല്ലോ.

                  ലാബിൽ നിന്ന്  ഇറങ്ങി മുറിയിലെത്തിയപ്പോഴാണ് മേശപ്പുറത്തെ സമ്മാനപൊതി ശ്രദ്ധിച്ചത്. 'സ്നേഹയ്ക്ക് പിറന്നാളാശംസകളോടെ നന്ദൻ'. തുറന്നു നോക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട ലഡ്ഡുവായിരുന്നു അതിൽ. എന്താ ചേച്ചി എന്ന് ചോദിച്ച്  അനിയന്മാർ തമ്മിൽ ലഡ്ഡുവിന് അടി കൂടാൻ തുടങ്ങി. അമ്മ അവരെ ശാസിച്ചു നിർത്തി.  കണ്ണുനീരിന്റെ ഉപ്പ് ചുണ്ടിൽ എത്തിയപ്പോഴാണ് താൻ കരയുകയാണെന്ന് ബോധ്യം വന്നത്. എന്താ മോളേ? ക്ഷീണമുണ്ടെങ്കിൽ കിടന്നോളൂ എന്ന അമ്മയുടെ ശബ്ദം തന്റെ പ്രിയപ്പെട്ട മഴയുടെ ശബ്ദത്തിൽ അലിഞ്ഞു ചേർന്നു.

22/9/16

വിതുമ്പുന്ന പൂവ്

വെൺപുലരിയിൽ പൂക്കൾ വിരിഞ്ഞപ്പോൾ
ചിത്രശലഭങ്ങൾ പാറി നടന്നപ്പോൾ
ആ നദി തീരത്തൊരു പൂവിടർന്നു
ആരാരും കാണാതെളിച്ചുനിന്നു.
പൂവിൻ പരിമളമെങ്ങും പരന്നു.
പൂവിനേ തേടി പലരും വന്നു.
അതിനെ തഴുകുവാൻ കാറ്റും കൊതിച്ചു.

 മധുപാനമോർത്തു മധുപൻ മുരണ്ടു.
പൂമ്പാറ്റപാറി കളിച്ചു തുടങ്ങി.
സൂര്യകിരണങ്ങൾ ഇരുൾ കൊതിച്ചില്ല.
നുളളി നോവിക്കാൻ മുതിർന്നില്ല തുമ്പി.
ഏതോ പ്രചോദനമുൾകൊണ്ട പോലെ
ഓരോ ദളവും പൊഴിച്ചു തുടങ്ങി.
കാറ്റുവന്നെത്താത്ത നൈരാശ്യമാവാം
സന്തപ്ത ജീവിതത്തെയോർത്തു വിതുമ്പി.

21/9/16

കന്നി വൈഖരി


     ഇങ്ങനൊന്നും നോക്കണ്ട, കണ്ണ് പുറത്ത് ചാടും. വൈഖരി എന്ന് കേട്ടപ്പോ ഇത് എന്തേത്ത് സാദനാണെന്ന് ഒന്ന് ചിന്തിച്ചോ?
      എങ്കിൽ ചുമ്മ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട. സംഭവം സിംബിളാണ്. പക്ഷേ പവർഫുളാണ്. അതായത്, ഭാഷയുടെ ജാഗ്രദാവസ്ഥയാണ് വൈഖരി. ഉച്ച സ്വരത്തിൽ പുറത്ത് വരുന്ന ചിന്ത അഥവാ ചിന്തയുടെ ശബ്ദരൂപമാണ് വൈഖരി. ആദിയുടെ ഒരു കുഞ്ഞു ബ്ലോഗാണ് വൈഖരി.  നോട്ടം കണ്ടിട്ട് മനസ്സിലായില്ലാന്ന് തോന്നുന്നുണ്ടല്ലോ.....! സാരമില്ല, ഒരു തവണ കൂടി പറയാം.
       ധ്വനി രൂപത്തിലുള്ള ഭാഷാ വ്യവഹാരത്തെയാണ് വൈഖരി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേയ് ഇത്ര സിംബിളായി ഇനി പറഞ്ഞ് തരാൻ എനിക്ക് അറിയില്ല.
         യോഗശാസ്ത്ര പ്രകാരം ഒരു ചിന്ത വാക്കായി മാറുന്നതിന്നെ നാലായി തിരിച്ചിരിക്കുന്നു.
1) പരാ:- ചിന്തയുടെ ഏറ്റവും ആദ്യത്തെ പ്രകടമല്ലാത്ത അവസ്ഥയാണിത്.
2) പശ്യന്തി :- ഇതിനർത്ഥം കാണുന്നു എന്നാണ്. മനസ്സിലുണ്ടായ ചിന്തയെ തിരിച്ചറിയുന്ന അവസ്ഥയാണിത്.
3) മധ്യമാ :- മനസ്സിലുണ്ടായ ചിന്ത ഈ അവസരത്തിൽ ഒരു മാധ്യമം അവലംബിക്കുന്നു.
4) വൈഖരി :- മസ്സിലുണ്ടായ ചിന്തകൾ വാക്കായി പുറത്ത് വരുന്നു.
      ഇപ്പോ ഏകദേശം എല്ലാം ഠk ആയില്ലേ? ഇല്ലങ്കിൽ ഇനി മനസ്സിലാക്കണ്ട. അല്ല പിന്നെ......!
         അയ്യോ പറഞ്ഞ് പറഞ്ഞ് ഞാനാണിപ്പോ കാട് കയറിയത്. ഞാൻ പറയാൻ ഉദ്ദേശിച്ചത് പറയാൻ മറന്നു. ഇനി വിശയത്തിലേക്ക് വരാം....

എവിടെ തുടങ്ങണം, എന്ത് എഴുതണം, എങ്ങനെ എഴുതണം എന്നൊന്നും ആദിക്ക് ഒരു നിശ്ചയവും ഇല്ല. എഴുത്തും വായനയും അറിയാത്ത ചെറിയ കുഞ്ഞിന്റെ കയ്യിൽ പെൻസിൽ കിട്ടിയ പോലെയാണ് ഇപ്പോഴെന്റെ അവസ്ഥ . 
          പാഠപുസ്തകത്തിലെ സത്യങ്ങൾക്കപ്പുറം സമൂഹത്തിന്റെ നേരും നെറിയും ഉൾക്കൊള്ളുവാനുള്ള ആദിയുടെ എളിയ ശ്രമമാണിത്. സമയവും സന്ദർഭവും ഒത്തിണങ്ങിയത് കൊണ്ട് തന്നെ ചിന്തകൾ വർണാഭമായ മറ്റൊരു ലോകത്തേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ആ ചിന്തകളൊന്നും പേപ്പറിലേക്ക് പതിയുന്നില്ല എന്നതാണ് സത്യം.
        ജീവിത മൂല്യങ്ങൾക്കപ്പുറം ലാഭേച്ഛ ലക്ഷ്യമിട്ട് ജീവിതത്തിന്റെ പൊലിമ നഷ്ടപ്പെടുത്തുന്ന, കൊന്നും കൊല്ലിച്ചും നടക്കുന്ന സമൂഹത്തിന്റെ മുന്നിലേയ്ക്ക് എതിർപ്പിന്റെ സ്പന്ദനമായി മുന്നേറുക എന്നൊന്നും "വൈഖരി"ക്ക് ലക്ഷ്യമില്ല.
    
         തോന്നുന്നത് തോന്നുമ്പോ തോന്നിയപോലെ എഴുതുക എന്നത് മാത്രമാണ് ലക്ഷ്യം. 

   ആദ്യത്തെ ബ്ലോഗായത്കൊണ്ട് വിജയം എത്രത്തോളമെന്ന് അറിയില്ല. വായനക്കാരാണ് വിലയിരുത്തേണ്ടത്. വൈഖരിയുടെ യാത്ര ആരംഭിക്കുകയാണ്. 
സ്വീകരിക്കുമല്ലോ....?

(NB :- ഈ പോസ്റ്റ് കണ്ട് വിലയിരുത്തരുത് പ്ലീസ്)
?