26/10/16

എന്‍റെ പ്രണയം....

                                     സ്കൂളില്‍ പഠിക്കണ കാലത്ത് പതിവ് പോലെ ഒരു ഇന്‍റെര്‍വെല്‍ സമയത്ത്  നടയിറങ്ങി ഓടിവന്ന ഞാനും നടകയറി ഓടിപ്പോവുകയായിരുന്ന അവളും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്ന് മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം. വീഴ്ച്ചയുടെ ഓര്‍മ്മക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാട് വീണു. അതോടെ അവളുടെ സൌന്തര്യം മുഴുവന്‍ പോയി എന്ന് അവളുടെ ഉമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നത് ഞാന്‍ കേട്ടു.
        ഞാനെന്തു ചെയ്യാന്‍? ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അത് ചെയ്തില്ല.
                അവളുടെ സൗന്ദര്യം എന്ന് പറയണ ആ സാധനണ്ടല്ലോ അതിനെക്കുറിച്ച്  അന്ന് എനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞു പോയി എന്ന് അവളുടെ ഉമ്മ പറഞ്ഞതിനാലാവണം അവള്‍ക്ക് കുറഞ്ഞ തോതിലെങ്കിലും  സൗന്ദര്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് എന്ന് ഞാനങ്ങു വിശ്വസിച്ചു.
            അവിടെയായിരിക്കണം തുടക്കം.
പപ്പടം പോലെ നെറ്റിയുടെ വലതുഭാഗത്ത്‌ ഒരിക്കലും മായാത്ത പാടായി വീണ ആ മുറിവുണ്ടല്ലോ... അതായിരുന്നു എന്‍റെ പ്രണയം... അതിന്‍റെ വേദനയും നീറ്റലും മാറിക്കഴിഞ്ഞ് അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. എനിക്കല്ലാതെ അന്ന് കൂടെപടിക്കണ വേറൊരുത്തനും അന്ന് പ്രേമം എന്തെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് ആണോന്ന്‍ അറിയില്ല എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. പക്ഷേങ്കി ഓള്‍ക്ക് എന്നോട് ഇല്ലാത്തതും അതായിരുന്നു.

          അന്നത്തെ ആ കൂട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ട് പോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രമിച്ചായി അവളെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളെ നെറ്റിയിലുള്ളതിനേക്കാള്‍ വലിയ മുറിപ്പാടുണ്ടാക്കി.
        ആ മുറികളില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം  വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍പോലും അറിയാതെ. അതങ്ങനെ വളര്‍ന്ന് വളര്‍ന്ന്‍ പാഷന്‍ ഫ്രൂട്ടിന്‍റെ വള്ളി പടര്‍ന്ന്‍ പന്തലിക്കണ പോലെ  പന്തലിച്ചു. ഇനിയെന്നീ ചെമ്പകം പുഷ്പിക്കും എന്നറിയാതെ ഞാന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ നടന്നു.
           മിക്സഡ്‌ സ്കൂളിന്‍റെസ്വാതന്ത്ര്യങ്ങളില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍ കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലെക്ക് പഠനം മാറിയപ്പോള്‍ ആയിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്. അവളെ എങ്ങനെയെങ്കിലും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത അജണ്ട.
          തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ. എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നും അവള്‍ക്ക് വേണ്ടി ഞാന്‍ പ്രണയലേഖനം എഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍  അവള്‍ക് നല്‍കി പോരുകയും ചെയ്തു.
         ആഴ്ചകളും മാസങ്ങളും അത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് കൊടുത്ത പ്രണയ ലേഖനങ്ങളുടെ എണ്ണം 100 തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി. രണ്ടും കല്‍പ്പിച്ച് വീട്ടിലേക്ക് ഓടിയ ഞാന്‍ പുസ്തകം എവിടേയോ വലിച്ചെറിഞ്ഞു. റൂമില്‍ പോയിരുന്ന് ആ വിശുദ്ധ ലേഖനം ഞാന്‍ പൊട്ടിച്ചു. ആര്‍ത്തിയോടെ അതില്‍ നോക്കിയ എനിക്ക് ഒരേയൊരു വാജകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെ ആയിരുന്നു.
                     മേലാല്‍ എന്‍റെ പുറകെ നടക്കരുത്.............!
അതൊരു മുന്നറിയിപ്പായി എനിക്ക് തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കത് കൈമാറി. ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്, വായിക്കുമല്ലോ? അവള്‍ വായിച്ചുകാണും. അതിങ്ങനെയായിരുന്നു...
                        "നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം.....!"
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളചെടുക്കുകയെന്ന ദുഷ്ക്കരമായ ആ കടമ്പ ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നുതന്നെ പറയാം. വളച്ചെടുത്ത് കഴിഞ്ഞ് പിന്നെ മേയ്ചോണ്ട് നടക്കാനായിരുന്നു അതിലും പാട്. വല്ലാതെ ബുദ്ധിമുട്ടി. പെടാപ്പട്പെട്ട് കഴിഞ്ഞ ആറേഴ് വര്ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു.
             ഏല്ലാ പ്രണയങ്ങളുടെയും അവസാനം നടക്കുന്ന ട്രാജടിപോലെ ഞങ്ങളും കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെതന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷെ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ട് സംരക്ഷിച്ച് പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം കല്യാണം കഴിച്ചേ തീരൂ....
        അവളുടെ വീട്ടില്‍ കല്ല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്മാരുടെ കല്ല്യാണം പോലും ആലോജിച്ചു തുടങ്ങിയിട്ടില്ല. അവളെ ഉപ്പ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളേജില്‍ പോക്കുനിന്നു. എന്നും കട്ടന്‍ കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ ചമഞ്ഞ് ചെന്ന് നില്‍ക്കാനും, പിന്നെ ആട്ടിന്‍കൂടിനടുത്ത് വെച്ച് നടക്കുന്ന സൗഹൃദ അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി. എനിക്കായിരുന്നു തിരക്കേറെ, എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ധേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കി പോന്നു.
                   പടച്ചവനു നന്ദി. ഈ പടച്ചവന്‍ തന്നെയായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ. അവളുടെ ഉപ്പ ഇറച്ചി വെട്ടുകാരന്‍ റഷീദിക്കാക്ക് മുന്നില്‍ ഞാന്‍ വെറും പുഴുവായിരുന്നു സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണ് തരില്ല എന്നതായിരുന്നു അവസ്ഥ. ഈ ദുരവസ്ഥയില്‍ പല വഴിക്ക് മണിയടിക്കാന്‍ നോക്കിയിട്ടും പടച്ചവന്‍ കനിഞ്ഞില്ല.
          അവളുടെ സമ്മതമില്ലാതെ അവളെ കല്യാണം ഉറപ്പിച്ചു. അവള്‍ കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്ക് പൊട്ടി. ഇനിയിപ്പോ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിന് മുന്‍പ് ഒഫീഷ്യലായി അവളെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കണം. അതിനും മുന്‍പ് എന്‍റെ വീട്ടില്‍ കാര്യം അറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ ഉപ്പ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകും എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഞാനവളോട് അങ്ങനെ പറഞ്ഞദ്.
              നമുക്ക് ആത്മഹത്യ ചെയ്യാം..............!
പണ്ടാറമടങ്ങാന്‍ അവളും അത് സമ്മതിച്ചു. പിന്നെ എങ്ങനെ മരിക്കണം എന്നായി ചര്‍ച്ച. തൂങ്ങിച്ചാകാന്‍ അവള്‍ക്ക് പേടിയായിരുന്നു, എനിക്കും. വിഷം കഴിച്ചാല്‍ മരിക്കും എന്നുറപ്പില്ല. കടലില്‍ ചാടിയാലും അത് തന്നെ സ്ഥിതി. ആ സ്ഥിതിക്ക് ട്രെയിനിനു തലവെച്ചു ചാകുകയാണ് ഉചിതമായവഴി എന്നവള്‍ പറഞ്ഞു. അതാവുമ്പോള്‍ ഒരു സെക്കന്‍റില്‍ തീരുമാനം ആകും.

        മനസ്സില്ലാ മനസ്സോടെ ഞാനും സമ്മതിച്ചു. ട്രെയിന്‍ വരുന്ന വരെ പാളത്തില്‍ തലവെച്ചു കിടക്കുന്നത് വല്ലവരും കണ്ടാല്‍?? തലവെച്ച് കിടക്കുന്നതൊക്കെ പഴയ സ്റ്റയില്‍ ആണെന്നും ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ട് ചാടുന്നതാണ് പുതിയ സ്റ്റയില്‍ എന്നും അവള്‍ തിരുത്തി തന്നു. പിന്നെ ഒന്നും ആലോജിക്കാനുണ്ടായിരുന്നില്ല. നല്ലവണ്ണം പ്രാര്‍ഥിച്ച് കൂകിപാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും....!!!
 ഞങ്ങളും മരിച്ചു.
പത്ത് സെക്കന്‍റെടുത്ത് ഞങ്ങള്‍ സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തില്‍ കയറി മുബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന്‍ അപ്പോള്‍ ആണ് മനസ്സിലായത്.
                   ചെന്നപാടെ ദൈവത്തെ കേറി കണ്ടു.
ഭൂമിയില്‍ ഒരുമിച്ച് ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വെച്ച് ഞങ്ങളുടെ കല്യാണം നടത്തി തരണം.
         ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.
ശരി ഒരു വര്‍ഷം ഇതിലെ പ്രേമിച്ച് നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ അതു കഴിഞ്ഞാവാം കല്യാണം. ദൈവം റൊമാന്റിക്കായ കക്ഷിയാണെന്ന് മനസ്സിലായി. ചുമ്മാ അടിച്ചു പൊളിച്ചോളാനും പറഞ്ഞ് ഒരു വര്‍ഷത്തെ ഒഫറാണ് തന്നിരിക്കുന്നത്.
                പിറ്റേന്ന് മുതല്‍ പരിപാടി തുടങ്ങി.
 രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ച കഴിഞ്ഞ് വൈകീട്ട് മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം. ആദ്യഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു.പിന്നെ പതിയെപ്പതിയെ ബോറഡി തുടങ്ങി.
                പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാല് വര്‍ത്തമാനം പറയുന്നതിനിടക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും ആവളുടെ ഉപ്പനെയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്ന്‍ സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.
               എന്നിരുന്നാലും ദൈവം എന്ത് വിചാരിക്കും അവള്‍ എന്ത് വിചാരിക്കും എന്ന് കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു, അവളും.
എത്രകാലം ഇത് സഹിക്കും? പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍, അവളാണേല്‍ മുന്‍ശുണ്ടിക്കാരി. ഇത്രയുംകാലം ഇതൊന്നും പുറത്ത്‌ വന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണിപോലെ അവള്‍ കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നുവെച്ചാല്‍......
            എനിക്കാ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അത് പുറത്ത് കാട്ടിയില്ല. അവളെന്തു വിചാരിക്കും?!!.... അവളൊന്നും വിജാരിക്കില്ലെന്ന് മനസ്സിലായത് പിന്നീടൊരുദിവസം ആയിരുന്നു. എന്തോ പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ച്കളഞ്ഞു.
               പിന്നെയൊരു ഭീഷണിയും. ഇനി മേലാല്‍ എന്‍റെ പിന്നാലെ നടക്കരുത്!!!!
നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നുപറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടി പോകും!!!
പിറ്റേന്ന് ഞാനും അവളും കൂടി ദൈവത്തെ ചെന്ന് കണ്ടു.
                എന്ത് പറ്റി? ആറുമാസമല്ലേ ആയുള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന  നിര്‍ബന്ധമായോ?
                ചിരിച്ചുകൊണ്ട് ദൈവം ചോദിച്ചു.
കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.... ഇതൊന്നു തലേന്നു ഒഴിവാക്കി തന്നാല്‍ മതി......!!! 

21/10/16

ആദി മോഹിച്ച സുറുമയെഴുതിയ കണ്ണ്

പരസ്പരം അറിയാതെ... പറയാതെ....
അറിഞ്ഞിട്ടും അറിയാത്തമട്ടിൽ...
പറഞ്ഞിട്ടും കേൾക്കാത്ത ഭാവത്തോടെ....
ചിലരിലെല്ലാം ഉണ്ടായിരിക്കും ഇതുപൊലൊരു പ്രണയം...
മറ്റേതു പ്രണയത്തെക്കാളും, ഓർമ്മകൾ സുന്ദരമായി തോന്നുന്ന ചില നിമിഷങ്ങളും....

       അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗൾഫ്കാരുടെ ഇഷ്ട ദിവസം. നാട്ടിലുള്ള ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അവരുടെ ഞായറാഴ്ച.എന്റെ ജീവിതത്തിൽ പല നല്ലകാര്യങ്ങളും നടന്ന ഒരു ദിവസം ആയത് കൊണ്ട് തന്നെ "വെള്ളിയാഴ്ച" എനിക്കേറ്റവും പ്രിയപ്പെട്ട ദിനമായി മാറി.

        പതിവുപോലെ ആർക്കോ വേണ്ടി ഓഫീസിൽ പോയ ഒരു ദിവസം, വർക്കൊക്കെ കഴിഞ്ഞു ആരും കാണാതെ നേരെ ഫേസ്‌ബുക്കിൽ കയറി പുതുതായി വന്ന പോസ്റ്റുകൾക് ലൈക്കുകളും കമന്റുകളും വാരിക്കോരി കൊടുക്കുന്ന സമയം. അങ്ങനെ ഓരോന്നും കണ്ടും തിരിഞ്ഞും കൊണ്ടിരിക്കുന്ന സമയത്താണ് എന്റെ കണ്ണുകൾ ആ ഫ്രണ്ട്സ് സജ്ജഷന്റെ കീഴിൽ ഉണ്ടാക്കിയത്. പെൺ നാമത്തിലുള്ള ഒരു പ്രൊഫൈൽ, സുന്ദരമായൊരു നയനത്തിന്റെ പ്രൊഫൈൽ പിക്ച്ചറും. ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടായിരിക്കണം രണ്ടാമതോന്നാലോചിക്കാതെ അവൾക് ഞാൻ സൗഹൃദ അപേക്ഷ കൊടുത്തത്. എന്താണെന്നറിയില്ല, സാധാരണ ഒരു പെൺകുട്ടിക്ക് റിക്വസ്റ്റ് അയച്ചാലുണ്ടാവുന്ന  പതിവ് കോലാഹലങ്ങൾക് വിപരീതമായി അവളത് സ്വീകരിച്ചു. മനസ്സിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടിയത്തിന്റെ മർമ്മരങ്ങൾ. ശരിയായിരുന്നു ഒരു ലഡ്ഡു പൊട്ടിയിരുന്നു. പൊട്ടണല്ലോ.അല്ലെ..???
           
                      മയിൽപ്പീലി കണ്ണിൽ സുറുമയെഴുതി. കൊലുങ്ങനെയുള്ള കയ്യിൽ കൈമുട്ടറ്റംവരെ മൈലാഞ്ചിയിട്ട് ഒരു സുന്ദരിക്കുട്ടി. ആ കണ്ണുകൾ കണ്ടാൽ ഞാനെന്നല്ല, വായ്നോട്ടം എന്ന കലയെ അന്യം നിന്നുപോകാതെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഏതൊരുത്തനും ഒന്ന് നോക്കിപ്പോവും. അങ്ങനെ അവളുടെ "ടൈംലൈൻ" മുഴുവന്‍ കറങ്ങി നടന്നു, ഓരോ വിവരങ്ങളും ഞാൻ പെറുക്കി എടുത്തു, ഇനി അവളെ മാത്രമേ പെറുക്കി എടുക്കാനുള്ളൂ. 

അങ്ങനെ അടുത്ത ഘട്ടത്തിലേക്കു കടന്നു, അവളെ ആകർഷിക്കാൻ അവളുടെ ഓരോ പോസ്റ്റിനും  ഫോട്ടോകൾക്കും എല്ലാം "ലൈക്കും , കമന്റ്റും" വാരിക്കോരി കൊടുത്തു, ആ സമയത്താണ് എനിക്കീ ഫേസ്ബുക്കിനോട് ദേഷ്യം തോന്നിയത്,കാരണം ഒരാൾക് ഒരു പോസ്റ്റിനു ഒരു ലൈക് മാത്രല്ലേ കൊടുക്കാൻ പറ്റൂ.  പക്ഷേ എന്റെ പെർഫോമൻസ് മോശമായത് കൊണ്ടാണോ എന്നറിയില്ല അവൾ അതൊന്നും തിരിഞ്ഞു നോക്കിയത് പോലും ഇല്ലെന്ന് തോന്നുന്നു. 
പിന്നെ അവളെ പരിചയപ്പെടാനായി പൂതി. ഞാൻ പണ്ടേ ഒരു പേടിത്തൊണ്ടൻ ആയത് കൊണ്ട്, "മെസ്സേജ്" ചെയ്‌താൽ കുഴപ്പാകോ എന്നും, "ബ്ലോക്ക്" ചെയ്യോ എന്നും പേടിച്ച് ഒന്നും മിണ്ടാതെ അവളെ "പോസ്റ്റ്കളും" ഫോട്ടോകളും നോക്കി എന്‍റെ ആഗ്രഹവും ഉള്ളിലൊതുക്കി, ഏതാണ്ടോ പോകാൻ പോകുന്ന അണ്ണാനെപ്പോലെ ഇരുന്നു.

           ഇരുന്ന് ഇരുന്ന് ചന്തിയിൽ വേര് മുളക്കും എന്ന് തോന്നിയപ്പോ ഇടക്ക് എണീറ്റ് നടന്നു. അപ്പോഴും അവസ്ഥക്ക് ഒരു മാറ്റവും ഇല്ലാട്ടോ. നേരത്തെ പറഞ്ഞപോലെത്തന്നെ. കുറച്ച് ദിവസങ്ങൾ അങ്ങനെ ഇരുന്നും നടന്നും നീങ്ങി. ഒന്ന് പരിചയപ്പെടാൻ പറ്റാത്തതിലുള്ള സങ്കടം എവിടെയൊക്കെയോ വിങ്ങുന്നുണ്ടായിരുന്നു. ഒരു പക്ഷെ ആ ദയനീയ മുഖം നിങ്ങളും കണ്ടിരുന്നെകിൽ, ഒന്ന്1 സമാധാനിപ്പിച്ചിട്ടെ പോവുള്ളായിരുന്നു. അത്രക്കും സങ്കടായിരുന്നു എനിക്ക്. സത്യമായിട്ടും....!

                അവളെപ്പറ്റി എന്തെങ്കിലും ഒക്കെ അറിയാൻ വേണ്ടി, അതിനുവേണ്ടി മാത്രം  അവളെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ പെൺകുട്ടികൾക്കും ഞാൻ റിക്വസ്റ്റ് വിട്ടു (മുന്നറിയിപ്പ്‌: ഇനി എന്നെ തെറ്റിദ്ധരിച്ച് കോഴി എന്നൊന്നും വിളിക്കേണ്ടട്ടോ). വിട്ടവരിൽ കുറച്ച് പേർ ആഡ് ചെയ്തു. ബാക്കി ഉള്ളവർക്ക് അസൂയയാണെന്ന് തോന്നുന്നു. അവളെപ്പറ്റി ചോദിച്ച് അവർക്ക് മെസ്സേജ് അയച്ചു. കുറച്ച് മറുപടി ഒക്കെ വന്നു. പക്ഷെ എല്ലാം എന്നെ നിരാശിക്കുന്നതായിരുന്നു . ആർക്കും അവളെ അറിയില്ല. പിന്നെയും ഞാൻ സങ്കട കടലിൽ നീരാടിക്കൊണ്ടിരുന്നു. ഇപ്പോ നിങ്ങക്കൊക്കെ ഒരു തോന്നാലുണ്ടാവുംഞാൻ എന്തിനാ ഇങ്ങനൊക്കെ കഷ്ടപ്പെടുന്നത്. ഞാൻ അവൾക്ക് നേരിട്ട് മെസ്സേജ് ചെയ്ത് പരിചയപ്പെട്ടാൽ പോരേന്ന്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പേടി... പൊരിഞ്ഞ പേടി. ആ പേടിക്കും ഉണ്ടൊരു ചെറിയ കാരണം.

            പണ്ട് ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോ കാട്ടാപ്പനായിലെ ഹൃഥ്വിക് റോഷനെപ്പോലെ സുന്ദരനായിരുന്നു. ഇപ്പോഴും ആ സൗന്ദര്യത്തിന് കുറവൊന്നും ഇല്ലാന്ന് പലരും സ്വകാര്യം പറയുന്നത് ഞാൻ ഒളിഞ്ഞു കേട്ടിട്ടുണ്ട്. അവർക്കൊക്കെ കണ്ണിനെന്തെങ്കിലും കുഴപ്പണ്ടാവേർക്കുംലേ?
       അങ്ങനെ പത്താം ക്ലാസിൽ പഠിക്കണ എനിക്ക് ഏഴാം ക്ലാസിൽ പടിക്കണ രഹന എന്ന് പേരുള്ള സുന്ദരി കുട്ടിയോട് പ്രേമം. പൊരിഞ്ഞ പ്രേമം.  ഞാനവളുടെ കൂടെയും ബാക്കിലും ഒക്കെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന് ഒരീസം ഞാനെന്‍റെ പരിശുദ്ധ പ്രണയം അവളോട് തുറന്ന് പറഞ്ഞു. അവളെന്നോട് ഇഷ്ട്ടം അല്ലാന്ന് പറഞ്ഞില്ല. ഉപ്പച്ചിനോട് ചോദിച്ച് നോക്കീട്ട് പറയാന്ന് പറഞ്ഞു. അല്ല അതിന് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനവളോട് പറഞ്ഞത് ഇങ്ങനായിരുന്നു. " രഹന എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ?". കല്യാണക്കാര്യം ഒക്കെ ഉപ്പനോട് ചോദിക്കണല്ലോലെ?.
              ഓള് ചുമ്മാ പറഞ്ഞത് ആകും എന്നാണു ഞാൻ കരുതിയത്. അടുത്ത ദിവസം ഞാൻ മറുപടിയും പ്രതീക്ഷിച്ച് സ്‌കൂളിൽ പോയപ്പോൾ ആണ് മനസിലായത് ഓൾ ശരിക്കും പറഞ്ഞത് ആണെന്ന്. എന്‍റെ രഹനയും ഓളെ ബാപ്പച്ചിയും ഉണ്ടായിരുന്നു അവിടെ. സത്യം പറയാലോ അന്നെനിക്ക് നല്ല ദിവസമായിരുന്നു. ക്ലാസിൽ നിന്നെന്നെ പുറത്താക്കി. ഉപ്പാനെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ഉപ്പാനേം കൂട്ടി പോയി,പിന്നെ നടന്നതൊന്നും ഇവിടെ എഴുതാനോ പറയാനോ പറ്റില്ല.
അങ്ങനെ ആ അനശ്വര പ്രണയം അവിടെ വെച്ച് എല്ലാവരുംകൂടി മുളയിലേ നുള്ളിക്കളഞ്ഞു. പാവം ഞാൻ. അന്ന് മുതൽ തുടങ്ങിയതാണ് പേടി.

          അപ്പോ പറഞ്ഞു വന്നത്... ആഡ് ചെയ്തവരൊക്കെ ചാറ്റ് ചെയ്ത് നല്ല ഫ്രണ്ടുക്കൾ ആയി.. ഞാൻ അവരോട് അവളെപ്പറ്റി പറഞ്ഞു. അവരുടെ നിർബന്ധം കാരണം ഞാൻ അവൾക്ക് മെസ്സേജ് അയക്കാൻ തീരുമാനിച്ചു. ഇതിനിടക്ക് അവളെ ഫോട്ടോ കണ്ട് കണ്ട് എനിക്കവളോടൊരു മുഹബത്തിന്റെ കൊടുമുടി കയറാൻ തുടങ്ങി. അങ്ങനെ രണ്ടും കല്പിച്ചു ഞാൻ അവൾക്കൊരു "ഹായ്" വിട്ടു. 2 ദിവസം മറുപടി ഒന്നും കണ്ടില്ല. അടുത്ത ദിവസം ഒരു മെസ്സേജ് കണ്ടു. തുറന്നു നോക്കിയപ്പോ അവൾ ഒരു "ഹലോ" അയച്ചിരിക്കുന്നു. ഞങ്ങൾ പരസ്പ്പരം പരിചയപ്പെട്ടു. അധികം വൈകാതെ തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. പരിചയപ്പെട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ അവളോടുള്ള ഇഷ്ടം കൂടി. അങ്ങനെ സ്വന്തം എഴുതിയതും കോപ്പി പേസ്റ്റ് ചെയ്തും ഒരുപാട് ലൗ മെസ്സേജുകൾ ഞാൻ അവൾക്ക് അയക്കാൻ തുടങ്ങി. അത് കാണുമ്പോ അവൾ ചിരിക്കും, എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഇനി എനിക്ക് അവളോടുള്ള ഇഷ്ട്ടം അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുവാണോ അതോ അറിയാഞ്ഞിട്ടാണോ എന്നും എനിക്കൊരു സംശയം ഉണ്ടായിരുന്നു. ഞാസൻ മെസ്സേജ് അയക്കൽ തുടർന്നു.

           "നിന്‍റെ സ്നേഹത്തിന് മുന്നിൽ എന്‍റെ സ്നേഹം ഒന്നുമല്ല.
ഞാൻ ആ സ്നേഹത്തിനു മുന്നിൽ വീണ്ടും വീണ്ടും ഒന്നും അല്ലാതായി പോകുന്നു.
നിനക്കും നിന്‍റെ സ്നേഹത്തിനും നിന്‍റെ  സ്നേഹത്തിനും മുന്നിൽ തോറ്റു പോകുന്നു.
എങ്കിലും ആ തോൽവി ഞാൻ ഇഷ്ടപ്പെടുന്നു.
കാരണം അത് നിന്‍റെ മുന്നിൽ അല്ലെ...! നീ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്..." (ഒന്നാം ക്ലാസിൽ പരീക്ഷ എഴുതി ജയിച്ചിട്ടും, വയസ്സ് തികഞ്ഞില്ല എന്നും പറഞ്ഞു രണ്ടിലേക്ക് ആക്കാതെ ഒന്നിൽ തന്നെ ഇരുത്തിയപ്പോ, ഒറ്റ ഇരുപ്പിൽ എപ്പിസോഡായി ഒരാഴ്ച ക്ലാസിൽ പോകാതെ കരഞ്ഞിരുന്ന ഞാനാണ് ഓളോട് ഇങ്ങനൊക്കെ പറഞ്ഞത്) ഇങ്ങനെയുള്ള പഞ്ചസാര ഒട്ടും കുറയാതെയുള്ള മെസ്സേജ് കൾ ഒക്കെ ഓൾക്ക് ഞാൻ തുരു തുരാന്ന് അയച്ചുകൊണ്ടിരുന്നു.
   
         ഞാൻ അവളെപ്പറ്റി പറഞ്ഞില്ലല്ലോ. പേര് ദിൽഷാന ഞാൻ ദിലു എന്ന് വിളിക്കും. മലപ്പുറത്തുള്ള ഒരു പ്രമുഖ ഇസ്ലാമിക് സ്കൂളിൽ പഠിക്കുന്നു. അവളെപ്പറ്റി കൂടുതലായി ചുരുക്കി പറയുകയാണേൽ "ഒരു ഗ്രാമീണത തുളുമ്പുന്ന, കുസൃതിയും, പുഞ്ചിരിയും മുഖത്ത് എപ്പോഴും ഒളിപ്പിച്ച് നടക്കുന്ന ഒരു കൊച്ചു കാന്താരി". ഉപ്പാക്ക് ഗൾഫിൽ ബിസിനസ്സ്. ഉപ്പാക്കും ഉമ്മക്കും കൂടി ആകെ ഉള്ള ഒരു മകൾ.

      സത്യത്തിൽ എനിക്ക് ധൈര്യം ഒക്കെ ഉണ്ടെങ്കിലും ഈ കാര്യത്തിൽ എനിക്കൊരു പേടി. ചീറ്റിപ്പോവരുതല്ലോ. അത്രക്കും ഉണ്ടല്ലോ തോല്‍വി. അങ്ങനെ അങ്ങനെ മാസങ്ങൾ കടന്നുപോയി. എന്‍റെ പ്രണയം അവളെ അറിയിക്കാൻ മാത്രം എനിക്ക് പറ്റിയില്ല. ഇഷ്ടം തുറന്നു പറയുവാൻ കുറച്ചു കൂടി ധൈര്യം സംഭരിക്കേണ്ടിയിരിക്കുന്നു... ഒന്നു രണ്ടു തവണ സംഭരിച്ചു നോക്കി, അവളോട് ചാറ്റി വരുമ്പോൾ ചോർന്നു പോകുന്നു . എന്തു ചെയ്യാം , കുറച്ചു കാലം കൂടി ഈ നടപ്പു തുടരാം. അതിനിടക്ക് അവൾക്ക് വേറെ ലൗവർ ഒന്നും ഇല്ലെന്നു ഞാൻ ഉറപ്പ് വരുത്തി. അങ്ങനൊന്നുംഇതുവരെ ഇല്ലെന്നറിഞ്ഞപ്പോൾ എന്‍റെ മനസ്സിൽ ഒരായിരം ലഡ്ഡുക്കൾ ഒരുമിച്ച് പൊട്ടി. അല്ലങ്കിൽ അവൾ പൊട്ടിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരിയെന്ന് തോന്നുന്നു.

             ചുരുക്കി പറഞ്ഞാൽ ഓഫീസിലെ വൈഫൈ മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ ക്യാഷ് മുടക്കി നെറ്റ് ചെയ്യാൻ വരെ തുടങ്ങി.
സഹികെട്ട് ഒരു ദിവസം ഞാൻ രണ്ടും കല്പിച്ച് എന്‍റെ ഇഷ്ടം അവളോട് പറയാൻ തീരുമാനിച്ചു. അന്നെന്തോ ക്ലോക്ക് സ്പീഡ് കുറച്ച് ഓടുന്നപോലെയാണ് എനിക്ക് തോന്നിയത്. അവൾ ക്ലാസ് കഴിഞ്ഞ് വരാൻ സാധാരണയിലും നേരം വൈകുന്നതായി തോന്നി. അവസാനം കാത്തിരുന്ന പോലെ അവൾ വന്നു. അവൾ അന്ന് സന്തോഷത്തിൽ ആണെന്ന് ചാറ്റിംഗിനിടയിൽ എനിക്ക് മനസ്സിലായി. എന്നാൽ പിന്നെ ഗോൾ അടിക്കാൻ പറ്റിയ സമയം എന്ന് കരുതി ഞാൻ ബോൾ തട്ടാൻ തുടങ്ങി.

ഞാൻ : ദിലൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

ദിലു   : പറ ഇക്ക.

ഞാൻ : ഞാൻ പറയുന്നത് ഇഷ്ട്ടായില്ലേൽ എന്നോട് പിണങ്ങരുത്. എന്നെ ബ്ലോക്ക് ചെയ്യരുത്. നമ്മുടെ ഫ്രണ്ട്ഷിപ് പഴയ പോലെ തുടരണം. പ്രോമിസ് ചെയ്യ്.

ദിലു  :  ഇക്ക എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അത് എന്നും അങ്ങനെ തന്നെയാകും. പ്രോമിസ്

ഞാൻ : ദിലു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്മാണ്. നിനക്ക് എന്നെ ഇഷ്ടമാണോ?

ദിലു  :  ഇക്ക തമാശ പറയാണോ? ഇക്കാക്ക് ഇത് എന്താ പറ്റിയെ?

ഞാൻ : തമാശയല്ല. കാര്യമായിട്ട് ചോദിച്ചതാണ്.

ദിലു   : ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷേ കാര്യല്ല ഇക്ക. ഒരാഴ്ച മുൻപ് എന്‍റെ        കല്യാണം ഉപ്പന്റെ ഫ്രണ്ട്ന്റെ മകനുമായി പറഞ്ഞു വെച്ചിരിക്ക. ഞാൻ  ഇത് ഇക്കനോട് എങ്ങനെ പറയും എന്ന് കരുതി ഇരിക്കായിരുന്നു. ഉപ്പ ഗൾഫിൽ നിന്നും വന്നാൽ നിശ്ചയം ഉണ്ടാവും.

ഞാൻ : ഹും. സാരല്ല. ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതാടി...

എന്നും പറഞ്ഞ് ഒരു സ്‌മൈൽ എന്റെ മുഖത്ത് തന്നെ ഫിറ്റ് ചെയ്ത ഒരു ഫോട്ടോ അവൾക്ക് എടുത്ത് അയച്ച് കൊടുത്തു.
ഓടിച്ചെന്നൊരു സ്റ്റാറ്റസും ഇട്ടു.

             സ്വപ്നങ്ങളെ ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക....
എനിക്ക് കിട്ടാതെ പോയ മുന്തിരിക്കിന്നും മധുരം തന്നെയാണ്...
     അത് പിന്നെ ഇപ്പോഴും അങ്ങനെ തന്നെ ആണല്ലോ ബ്രോ എന്ന് ഒരു ചുള്ളന്റെ കമന്റും വന്നു...

                   ശുഭം

10/10/16

കൊഴിയുന്ന തളിരിലകള്‍

ചിണുങ്ങിപ്പെയ്യുന്ന ചാറ്റല്‍ മഴയില്‍ കുളിരണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ഭംഗി ആസ്വദിച്ച് കിടക്കുന്നതിനിടയില്‍ എപ്പഴോ മയങ്ങിപ്പോയി. മഴയുടെ തീക്ഷ്ണത വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ജാലകത്തിനരികെയുള്ള ചാരുകസേരയില്‍ അയാള്‍ മെല്ലെ നിവര്‍ന്നിരുന്നു. ഈറനണിഞ്ഞ ചെമ്പകമരത്തിനിടയിലൂടെ പാഞ്ഞുചെന്ന അയാളുടെ കണ്ണുകള്‍ പുറമ്പോക്ക് ഭൂമിയില്‍ കായ്ച്ചുനില്‍ക്കുന്ന മാവിന്‍ ചുവട്ടിലെ ആ കൊച്ചു മേല്‍ക്കൂരയ്ക്ക് ചുവട്ടില്‍ ചെന്ന് നിന്നു. ചാക്കുകൊണ്ട് മറച്ച ഒരു കൊച്ചുകുടില്‍. ഒരു നിമിഷം അയാളുടെ ഓര്‍മ്മകള്‍ മുപ്പത് വര്ഷം പിന്നിലേക്ക് സഞ്ചരിച്ചു.

                            ആ നിമിഷത്തില്‍ അനാഥത്വത്തിന്‍റെ വിള്ളലുകള്‍ അയാളില്‍ നിന്ന് വാര്‍ന്നൊഴുകുന്നത് അയാളറിഞ്ഞു. മണ്ണിടിച്ചിലില്‍ ഒഴുകിപ്പോയ വീടിന്‍റെ സ്ഥാനത്തെ നിരപ്പായ ഭൂമിയില്‍ അച്ചനെയും അമ്മയെയും കുഞ്ഞനുജത്തിയെയും തിരക്കി, വാവിട്ടുകരയുന്ന അഞ്ചുവയസ്സുകാരന്‍റെ ബാല്യം അയാളുടെ സ്മൃതി പഥത്തില്‍ മിന്നി മറഞ്ഞു. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാറില്ല ആ നാളുകള്‍. പക്ഷെ പലപ്പോഴും അത് അയാളുടെ മനസ്സില്‍ വന്നുപോകാറുണ്ട്.

                                    ലോകമറിയുന്ന സാഹിത്യകാരന്‍, പ്രാസംഗികന്‍ ശ്രീ ബാലഗോപാല്‍.......
          അനുഭവങ്ങള്‍ ഒരുപാടുണ്ട് ബാലഗോപാല്‍ എന്ന ബാലുവിന്. അഞ്ചുവയസ്സിലെ അനാഥത്വം, തെരുവോരത്തെ അന്തി മയക്കം, ഒടുവില്‍ ആരോരും ഇല്ലാത്തവരുടെ കൂട്ടത്തില്‍ ഒരുവനായി നാലുചുവരുകള്‍ക്കിടയില്‍. അവിടെ നിന്ന് എപ്പഴോ പഠിച്ച നാലക്ഷരത്തില്‍ പിടിച്ചു കയറി ബാലു എന്ന അനാഥപ്പയ്യന്‍ ലോകമറിയുന്ന എഴുത്തുകാരനായി. കേള്‍വിക്കാരുടെ ഹരമായ പ്രാസംഗികനായി. ആ വേദികളിലെല്ലാം അയാള്‍ പറയുമായിരുന്നു,
   "ലോകമറിയുന്ന പ്രാസംഗികനാവാനല്ല, ലോകത്തെ അറിയുന്ന എഴുത്തുകാരനാവാനാണ് തനിക്കിഷ്ടമെന്ന്".

               ആര്‍ത്തുല്ലസിച്ച് പെയ്യുന്ന മഴയ്ക്കിടയില്‍, കാറ്റിന്‍റെ കൈ തട്ടലില്‍ ആഞ്ഞടിച്ച ജനാല അയാളെ ഭൂതകാലത്തില്‍ നിന്നും പടിയിറക്കി. ജനാലക്കമ്പികള്‍ക്കിടയിലൂടെ പുറത്തോട്ട് ഒരിക്കല്‍ക്കൂടി ആ പുറമ്പോക്കിലെ കുടിലില്‍ വീണ്ടും, അയാളുടെ കണ്ണുകള്‍ അലയടിച്ചു. ഒരു ദീര്‍ഘനിശ്വാസത്തിനൊടുവില്‍ ആഞ്ഞടിക്കുന്ന ജനാല മെല്ലെ ചാരുമ്പോഴും, ഒരുനേരമെങ്കിലും വയറുനിറക്കാന്‍ പറ്റാതെ തെരുവോരത്തെ കടയിലെ ചില്ലുകൂട്ടിനുള്ളിലെ മധുര പലാഹാരങ്ങള്‍ നോക്കി നില്‍ക്കുന്ന ആ പഴയ അഞ്ചുവയസുകാരനായിരുന്നു അയാളുടെ മുന്നില്‍.

               ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെത്തുമ്പോള്‍ അയാള്‍ വീണ്ടും ഏകനാവും. ഓരോ നിമിഷവും ജീവന്‍ നഷ്ടപ്പെടുന്നത് പോലെ തോന്നും. അപ്പോഴും അയാള്‍ക്ക് കൂട്ടായിരുന്നത് ഒരു കൊച്ചു കടലാസ്തുണ്ടും പേനയുമാണ്. ഇപ്പോള്‍ അതും വെറുത്തു.
                                     ആരുമില്ലെന്ന തോന്നല്‍,
                                     ജീവിതത്തിലെ നിരര്‍ത്ഥബോധം,
                                    ഏതോ... അയാളെ അവിടെ വരെ എത്തിച്ച വിഷദ്രാവകം കലര്‍ത്തിയ പാനീയം ചുണ്ടോടടുപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി കടന്നു വന്ന ഒരു ശബ്ദം.
                        കതക് തുറക്കൂ....
                        എന്നെ രക്ഷിക്കു... കതക് തുറക്കൂ...
                        തുരു തുരായുള്ള മുട്ടുകേട്ട് വാതില്‍ തുറക്കുന്നതിനിടയില്‍ അകത്തേക്ക് ഓടിയ അവള്‍ അടുക്കള വശത്തെ പത്തായപ്പുരയുടെ  ഒരു മൂലയില്‍ ഭയന്നിരുന്നു. ഇന്നുവരെ കാണാത്ത അവളുടെ മുഖം അയാളുടെ മനസ്സില്‍ അറിയാതെ കടന്നു കയറി. ഒരച്ഛന്‍റെ വാത്സല്യത്തോടെ, ഒരമ്മയുടെ സ്നേഹത്തോടെ അയാള്‍ അവളോട് ചോദിച്ചു,
                             എന്താ നിന്‍റെ പേര്?
     നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് അവള്‍ പതുക്കെ പറഞ്ഞു.
                           "ഞാന്‍ ഞാന്‍ മാളു"
                            നീ എന്തിനിവിടെ വന്നു?
                           "അവര്, അവരെന്നെ കൊല്ലും"
                            ആര്?
                           "എനിക്കറിയില്ല, എന്‍റെ ഉണ്ണിക്കുട്ടന് മരുന്ന്‍ വാങ്ങാന്‍ പോയതാ ഞാന്‍, അവരെന്നെ കൊല്ലും... എന്നെ ഒന്ന് രക്ഷിക്കു...."
                            നിന്‍റെ അച്ഛനമ്മമാര്‍?
                           "എനിക്കെന്‍റെ ഉണ്ണി മാത്രമേ ഉള്ളൂ"
                            താമസം?
                           "ദാ... അവിടെ"
               പുറമ്പോക്കിലെ മാവിന്‍ ചുവട്ടിലെ ആ കൂരയിലേക്ക് അവളുടെ കണ്ണും ചൂണ്ടു വിരലും നീണ്ടു.
              ആ സാഹചര്യത്തില്‍ അയാള്‍ക്കവളെ പറഞ്ഞുവിടാന്‍ തോന്നിയില്ല. നേരമിരുട്ടിയാല്‍ ചെന്നായകളെ പോലെ ഇരതേടിയിറങ്ങുന്ന മനുഷ്യരെ അയാള്‍ വെറുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും അവളവിടെ അധികനേരം നിന്നില്ല. പനിച്ച് വിറച്ച് കിടക്കുന്ന അവളുടെ അനിയന് വേണ്ടി വാങ്ങിയ മരുന്ന്‍ നെഞ്ചോടുചേര്‍ത്ത് അവള്‍ അവിടെ നിന്നും നടന്നുനീങ്ങി. ഏകാന്തതയുടെ നീര്‍ച്ചുഴിയില്‍ പെട്ട് പലപ്പോഴും ജീവിക്കാന്‍ മറന്ന അയാളില്‍, ജീവന്‍റെ നിലനില്‍പ്പിന് വീടിനുള്ളിലേക്ക് ഓടിക്കയറിയ മാളു ചലനങ്ങള്‍ സൃഷ്ടിച്ചു.
             
               അയാള്‍ വീണ്ടും എഴുതാനാരംഭിച്ചു. പിന്നീട് പലപ്പോഴും വീട്ടിലേക്ക് ഓടിയെത്തുന്ന അവള്‍, മിഠായിപ്പോതി കൈയ്യില്‍ കിട്ടുമ്പോള്‍ ക്ഷീണിച്ച മുഖത്തെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടരുമായിരുന്നു. ഒരു പറവയെ പോലെ പാറിനടന്ന പതിനാലുകാരി.ആ മിഠായിപ്പോതി അവളുടെ ജീവിതത്തില്‍ നഷ്ടപ്പെട്ട സ്നേഹവും വാത്സല്യവുമായിരുന്നു.....

               ....ആരാന്‍റെ എച്ചില്‍ പാത്രം കഴുകി ജീവിതം തള്ളി നീക്കുന്ന ആ കൊച്ചു പെണ്‍കുട്ടിക്ക് ബാലുവിന്‍റെ വാത്സല്യത്തിലൂടെ പണ്ടപ്പോഴോ കണ്ടു മറന്ന അവളുടെ അച്ഛനെ വീണ്ടുകിട്ടി....
     
                മാളുവിന് അവളുടെ അച്ഛനെ കണ്ട ഓര്‍മ്മ തന്നെയില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചുപോയി. പിന്നെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവളെ വളര്‍ത്താന്‍.

                   പുറമ്പോക്കിലെ കുടിലില്‍ അവളും അമ്മ ജാനകിയും ഒറ്റക്കായിരുന്നു. അമ്മയുള്ളപ്പോള്‍ അവള്‍ ഒരു കുറവും അനുഭവിച്ചിരുന്നില്ല. കവലയിലെ ഒരു വീട്ടില്‍ ജോലിക്ക് പോകുമായിരുന്നു ജാനകി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുലര്‍ച്ചയ്ക്ക് ജോലിക്ക് പോയ ജാനകി തിരിച്ചുവന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടായിരുന്നു. തെരുവില്‍ ആരോ ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്ന മൂന്നുമാസം പ്രായം തോന്നിക്കുന്ന ഒരാണ്‍കുഞ്ഞ്. ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ ജാനകി വളര്‍ത്തി. മാളു അവന് കുട്ടനെന്ന് പേരിട്ടു.  കൂടപ്പിറപ്പുകള്‍ ആരുമില്ലാത്ത മാളു കുട്ടനെ കണ്ണിന്‍റെ കൃഷ്ണമണി പോലെ കണ്ടു. ദാരിദ്ര്യമാണെങ്കിലും സന്തോഷത്തിന്‍റെ നാളുകളായിരുന്നു അവര്‍ മൂന്നുപേര്‍ക്കും.

                           അപ്രതീക്ഷിതമായാണ് ആ ദുരന്തം കടന്നുവന്നത്. ഒരപകടത്തില്‍പെട്ട് ജാനകി കിടപ്പിലായി. അന്ന്‍ തുടങ്ങിയതാണ്‌ മാളുവിന്‍റെ കഷ്ടപ്പാട്. തളര്‍ന്നു കിടക്കുന്ന അമ്മയെയും ഒന്നര വയസുള്ള കുട്ടനെയും നോക്കേണ്ട ചുമതല ഇത്തിരിയില്ലാത്ത മാളു ഏറ്റടുക്കേണ്ടിവന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ആരോടും പറയാതെ ആരും അറിയാതെ ജാനകി യാത്രയായി. മാളുവും കുട്ടനും ഒറ്റക്കായി. ഇപ്പോള്‍ മാളു വീട്ടുജോലിക്ക് പോകുന്നുണ്ട്. ഇതെല്ലാം ബാലുവിനോട് മാളു പറഞ്ഞതല്ല. അങ്ങനെ ആരോടും അവള്‍ ഒന്നും തുറന്നു പറയാറില്ല. പറമ്പ് കിളയ്ക്കാന്‍ വന്ന വേലായുധന്‍ പറഞ്ഞാണ് ബാലു ഇതെല്ലാം അറിയുന്നത്. അന്ന് രാത്രി മുഴുവന്‍ മാളുവിനെ കുറിച്ചായിരുന്നു ബാലുവിന്‍റെ ചിന്ത. അവളെയും കുട്ടനെയും പഠിപ്പിക്കണമെന്ന തീരുമാനത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു.

                    പിറ്റേന്നയാള്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ മാളുവിന്‍റെ മുറ്റത്ത് നിന്നും അകന്നുപോകുന്ന ആള്‍ക്കൂട്ടത്തെയാണ് കണ്ടത്. അയാള്‍ക്ക് ആ ദുരന്തം വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. വീട്ടു ജോലിക്കിടയില്‍ സ്റ്റവ് പൊട്ടിത്തെറിച്ചു മരിച്ച, പണക്കൊഴുപ്പുള്ള കുടുംബത്തിലെ കശ്മലന്മാരുടെ കൈയില്‍പെട്ട വേലക്കാരി അപ്പോഴേക്കും ശ്മശാനത്തില്‍ വെന്തു വെണ്ണിറായി മാറിയിരുന്നു.

                   അയാളുടെ കാലുകള്‍ പതുക്കെ ആ കുടിലിനെ ലക്ഷ്യമാക്കി നീങ്ങി. ആ കുടിലിനുള്ളില്‍ കണ്ട കാഴ്ച അയാളെ നിശബ്ദനാക്കി. സംസാരിക്കാനോ, വാവിട്ടുകരയാനോ കഴിയാത്ത ഊമയായ മൂന്നുവയസുകാരന്‍ ബാലന്‍. അവള്‍ അവന്‍റെ ഒരുചാണ്‍ വയറു പുലര്‍ത്താനായിരുന്നു, ആ കശ്മലന്മാരുടെ ബലിയാടായി വെന്തുമരിച്ചതെന്ന് അയാളറിഞ്ഞു. ആ കുഞ്ഞിനെ മാറോടണച്ച് അയാളിറങ്ങി...


                   ....തന്‍റെ തോളിലൂടെ ഇറങ്ങുന്ന സ്നേഹത്തോടെയുള്ള തലോടല്‍ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. ഉറക്കമെണീറ്റ തനിക്ക് ചായയുമായി നില്‍ക്കുന്ന ഊമയായ തന്‍റെ പ്രിയമകന്‍. അയാളുടെ ദൃഷ്ടികള്‍ അവനുനേരെ തിരിഞ്ഞു. അവന്‍റെ ദൃഷ്ടികള്‍ പാഞ്ഞുചെന്ന്‍ നിന്നത് ആ മാവിലാണ്. തനിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച തന്‍റെ ചേച്ചിയെ അവനവിടെ കാണാന്‍ കഴിയുന്നത് അയാളറിഞ്ഞു......

7/10/16

വെറുതെ ഒരു മോഹം

                                     +2 വിന് പഠിക്കുന്ന കാലം. ആ സമയം ഞങ്ങള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉച്ചക്ക് ശേഷം ആയിരുന്നു. ഞാന്‍ ക്ലാസ് ഒക്കെ കഴിഞ്ഞ് വളരെയേറെ ക്ഷീണിതനായി വരാന്തയില്‍ കൂടി നടന്നു വരികയായിരുന്നു. പെട്ടന്നാണ് അവളെന്‍റെ മുന്നില്‍ വന്നു പെട്ടത്... ഞാനൊരു നിമിഷം നിശ്ചലമായി നിന്നുപോയി. അന്നായിരുന്നു ഞാനവളെ ആദ്യമായി കണ്ടത്. ഇതിനുമുന്‍പ് ഒരിക്കലും ഞാനവളെ ആ ക്യാംപസില്‍ കണ്ടിട്ടില്ല. കണ്ട ആ നിമിഷം തന്നെ എനിക്കവളെ ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ നോക്കി നില്‍ക്കെ അവള്‍ വേഗത്തില്‍ എന്‍റെ കണ്ണില്‍നിന്നു മാഞ്ഞുപോയി. ആ നിമിഷം മുതല്‍ ഞാന്‍ അവളെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒക്കെയും ഞാനവളെ കാണാന്‍ ശ്രമിച്ചു. എന്‍റെ ചങ്ക് ബ്രോസ് ഇതെങ്ങനയോ  മനസ്സിലാക്കി. ഒടുവില്‍ ഞാന്‍ എന്‍റെ ആഗ്രഹം അവരോട് പറഞ്ഞു. അവര്‍ എനിക്ക് വേണ്ടി കഷ്ടപ്പെട്ട്  അവളെക്കുറിച്ച് അന്വേഷിച്ചു. അവര്‍ക്ക് അവളെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

                  അവളെക്കുറിച്ച് വീട്ടില്‍ ഒന്ന് പറഞ്ഞാലോ എന്ന് ഞാന്‍ ചിന്തിച്ചു. ഒടുവില്‍ ഏല്ലാ ഭാവിഷത്തുക്കളും അനുഭവിക്കാന്‍ തയ്യാറെടുത്ത് ഞാന്‍ ഉമ്മയോട് അവളെക്കുറിച്ച് പറഞ്ഞു. തുടര്‍ന്നുള്ള സംഭവത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ...?

            വെടിക്കെട്ടിന് തീ കൊളുത്തിയ അവസ്ഥയായിരുന്നു വീട്ടില്‍. അങ്ങനെ ഈ വിവരം ഉപ്പാടെ ചെവീലെത്തി. "ഇനി മേലാല്‍ ഈ കാര്യം നീ ഇവിടെ പറഞ്ഞുപോകരുത്. മര്യാതക്ക് പഠിച്ച് മാര്‍ക്ക് വാങ്ങാന്‍ നോക്ക്. വേറെ വല്ല മോഹവുമുണ്ടെങ്കില്‍ അത് നടക്കില്ല". ഉപ്പയുടെ വാക്കുകള്‍ എന്‍റെ സ്വപ്നത്തിന്‍റെ ചിറകരിഞ്ഞു.

        എത്ര ശ്രമിച്ചിട്ടും ആ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി. ഇനി എന്ത് ചെയ്യും? ഒടുവില്‍ ഉറച്ച തീരുമാനം എടുത്തു. മറക്കുക,,,, അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളു. അന്ന് മുതല്‍ ഞാന്‍ " എന്‍ഫീല്‍ഡ് " ബൈക്കിനോടുള്ള മോഹം ഉപേക്ഷിച്ചു. റൂട്ടിലോടുന്ന ബസ്സാണ് എനിക്ക് പറ്റിയ വാഹനമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.


3/10/16

എഴുത്ത്

                   ഒരു പേനയും പേപ്പറുമായി ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുദിവസായി. കഥ എഴുതാം എന്ന് വെച്ചാല്‍ അത് എനിക്ക് ആറിയത്തില്ല. ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റിയ ഒരു വിഷയമുണ്ട്‌, സ്ത്രീയും പീഡനങ്ങളും. പക്ഷെ അതില്‍ എനിക്കാണേല്‍ ഒട്ടും താല്‍പര്യവും ഇല്ല. പക്ഷെ എന്തെങ്കിലും ഒന്ന് എഴുതിയല്ലേ പറ്റു. എന്ത് എഴുതും....?

                                 ചുമ്മാ ബോറടിച്ചിരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ഇടാനും, കൂടെയുള്ള ചങ്ങായിമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചളികളും എഴുതിക്കൂട്ടും എന്നല്ലാതെ വേറെന്ത് എഴുതാന്‍. അങ്ങനെ എഴുതുന്നതിനും എഴുതി കൊടുക്കുന്നതിനും ടോപ്പിക് വേണ്ടല്ലോ.... കൊച്ചു കൊച്ചു പോയത്തങ്ങള്‍ അല്ലങ്കില്‍ പ്രേമത്തെക്കുറിച്ചോ ന്യൂ ജനറേശന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കട്ട ചളികള്‍ അങ്ങനെ എന്തെല്ലാം ഉണ്ട് എഴുതി കൈമാറാന്‍. കൂട്ടുകാരുമൊത്ത് സൊറയും പറയാം. ഇനി എങ്ങാനും വല്ല ടോപ്പിക്കും കിട്ടീട്ട് എഴുതുന്നത് കണ്ടാല്‍ അപ്പൊ ഉമ്മ വിളിക്കും. എന്തെങ്കിലും പണിയും തരും. എന്തിനാ വെറുതെ പൊല്ലാപ്പ്...?

                               ശ്ശെടാ...! ഇപ്പഴും എഴുതാനുള്ള ഒരു ടോപ്പിക്ക് കിട്ടിയില്ലല്ലോ? എന്താ ഇപ്പോ എഴുതാ? ഒരു ലവ് ലെറ്റര്‍ എഴുതിയാലോ? ഹ ഹ ഹ നല്ല കാര്യമായി. ഈ ലവ് ലെറ്റര്‍ എന്ന് പറയുന്നത് എഴുതി സൂക്ഷിച്ച് വെക്കാന്‍ ഉള്ളത് അല്ലല്ലോ? ആര്‍ക്കെങ്കിലും കൊടുക്കാനുള്ളതല്ലേ?  ആര്‍ക്ക് കൊടുക്കും?  ഇനി ഏതെങ്കിലും ഒരു സുന്ദരി ആ ലെറ്റര്‍ സ്വീകരിച്ചാലോ... അയ്യോ വേണ്ടായേ.... കമിതാക്കളുടെ കഷ്ടപ്പാട് ദിവസവും കാണുന്നവന ഞാന്‍.... എപ്പഴും വട്ട്സപ്പില്‍ മെസേജ് അയക്കണം, എല്ലാരും ഉറങ്ങുമ്പോള്‍ അവരുമാത്രം ഉണര്‍ന്നിരിക്കും. എന്നിട്ട് പുതപ്പിന്‍റെ ഉള്ളിലോ, ജനലിന്‍റെ അടുത്തോ ഒക്കെ പോയിനിന്നും ഇരുന്നും കിടന്നും ഒക്കെ ഫോണ്‍ ചെയ്യണം. കഷ്ടകാലത്തിനു ബാത്ത്റൂമില്‍ പോകാനോ മറ്റോ ഉപ്പയോ ഉമ്മയോ  എഴുന്നേറ്റ് പുറത്ത് വരുമ്പോ  പതുങ്ങിയുള്ള സംസാരം കേട്ടാലോ? പിന്നെ ചോദ്യം ചെയ്യലായി അടിയായി, വഴക്കായി, പിന്നെ ഉപ്പാന്‍റെ വക ഒരു ചോദ്യം ചെയ്യലുണ്ട് കണ്ണുരുട്ടീട്ട്.


                     "ആരെയാട നീ ഈ നട്ടപ്പാതിരാക്ക് വിളിക്കണത്"

ഉമ്മയുടെ കരച്ചില്‍ ഉപദേശം. പിന്നെ ഉപദേശവും ചോദ്യംചെയ്യലും ഒന്നും സഹിക്കാന്‍ പറ്റാതെ അവളേയും സങ്കടപ്പെടുത്തി, വേണോ, വേണ്ടയോ എന്ന ചിന്തയില്‍ ചടഞ്ഞിരിക്കണം. അത് കൊണ്ട് മാത്രം,
വേണ്ട.

                                  വേണ്ട. എനിക്ക് ലവ് ലെറ്ററും എഴുതണ്ട. എന്തിനാണ് വെറുതെ അട്ടയെ പിടിച്ച മെത്തയില്‍ കിടത്തുന്നത്...? എഴുതാതിരുന്നാല്‍ പോരെ?
                                              എന്‍റെ പൊന്നേ എനിക്ക് ഒന്നും എഴുതുകയേ വേണ്ട....!