10/10/16

കൊഴിയുന്ന തളിരിലകള്‍

ചിണുങ്ങിപ്പെയ്യുന്ന ചാറ്റല്‍ മഴയില്‍ കുളിരണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ഭംഗി ആസ്വദിച്ച് കിടക്കുന്നതിനിടയില്‍ എപ്പഴോ മയങ്ങിപ്പോയി. മഴയുടെ തീക്ഷ്ണത വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ജാലകത്തിനരികെയുള്ള ചാരുകസേരയില്‍ അയാള്‍ മെല്ലെ നിവര്‍ന്നിരുന്നു. ഈറനണിഞ്ഞ ചെമ്പകമരത്തിനിടയിലൂടെ പാഞ്ഞുചെന്ന അയാളുടെ കണ്ണുകള്‍ പുറമ്പോക്ക് ഭൂമിയില്‍ കായ്ച്ചുനില്‍ക്കുന്ന മാവിന്‍ ചുവട്ടിലെ ആ കൊച്ചു മേല്‍ക്കൂരയ്ക്ക് ചുവട്ടില്‍ ചെന്ന് നിന്നു. ചാക്കുകൊണ്ട് മറച്ച ഒരു കൊച്ചുകുടില്‍. ഒരു നിമിഷം അയാളുടെ ഓര്‍മ്മകള്‍ മുപ്പത് വര്ഷം പിന്നിലേക്ക് സഞ്ചരിച്ചു.

                            ആ നിമിഷത്തില്‍ അനാഥത്വത്തിന്‍റെ വിള്ളലുകള്‍ അയാളില്‍ നിന്ന് വാര്‍ന്നൊഴുകുന്നത് അയാളറിഞ്ഞു. മണ്ണിടിച്ചിലില്‍ ഒഴുകിപ്പോയ വീടിന്‍റെ സ്ഥാനത്തെ നിരപ്പായ ഭൂമിയില്‍ അച്ചനെയും അമ്മയെയും കുഞ്ഞനുജത്തിയെയും തിരക്കി, വാവിട്ടുകരയുന്ന അഞ്ചുവയസ്സുകാരന്‍റെ ബാല്യം അയാളുടെ സ്മൃതി പഥത്തില്‍ മിന്നി മറഞ്ഞു. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാറില്ല ആ നാളുകള്‍. പക്ഷെ പലപ്പോഴും അത് അയാളുടെ മനസ്സില്‍ വന്നുപോകാറുണ്ട്.

                                    ലോകമറിയുന്ന സാഹിത്യകാരന്‍, പ്രാസംഗികന്‍ ശ്രീ ബാലഗോപാല്‍.......
          അനുഭവങ്ങള്‍ ഒരുപാടുണ്ട് ബാലഗോപാല്‍ എന്ന ബാലുവിന്. അഞ്ചുവയസ്സിലെ അനാഥത്വം, തെരുവോരത്തെ അന്തി മയക്കം, ഒടുവില്‍ ആരോരും ഇല്ലാത്തവരുടെ കൂട്ടത്തില്‍ ഒരുവനായി നാലുചുവരുകള്‍ക്കിടയില്‍. അവിടെ നിന്ന് എപ്പഴോ പഠിച്ച നാലക്ഷരത്തില്‍ പിടിച്ചു കയറി ബാലു എന്ന അനാഥപ്പയ്യന്‍ ലോകമറിയുന്ന എഴുത്തുകാരനായി. കേള്‍വിക്കാരുടെ ഹരമായ പ്രാസംഗികനായി. ആ വേദികളിലെല്ലാം അയാള്‍ പറയുമായിരുന്നു,
   "ലോകമറിയുന്ന പ്രാസംഗികനാവാനല്ല, ലോകത്തെ അറിയുന്ന എഴുത്തുകാരനാവാനാണ് തനിക്കിഷ്ടമെന്ന്".

               ആര്‍ത്തുല്ലസിച്ച് പെയ്യുന്ന മഴയ്ക്കിടയില്‍, കാറ്റിന്‍റെ കൈ തട്ടലില്‍ ആഞ്ഞടിച്ച ജനാല അയാളെ ഭൂതകാലത്തില്‍ നിന്നും പടിയിറക്കി. ജനാലക്കമ്പികള്‍ക്കിടയിലൂടെ പുറത്തോട്ട് ഒരിക്കല്‍ക്കൂടി ആ പുറമ്പോക്കിലെ കുടിലില്‍ വീണ്ടും, അയാളുടെ കണ്ണുകള്‍ അലയടിച്ചു. ഒരു ദീര്‍ഘനിശ്വാസത്തിനൊടുവില്‍ ആഞ്ഞടിക്കുന്ന ജനാല മെല്ലെ ചാരുമ്പോഴും, ഒരുനേരമെങ്കിലും വയറുനിറക്കാന്‍ പറ്റാതെ തെരുവോരത്തെ കടയിലെ ചില്ലുകൂട്ടിനുള്ളിലെ മധുര പലാഹാരങ്ങള്‍ നോക്കി നില്‍ക്കുന്ന ആ പഴയ അഞ്ചുവയസുകാരനായിരുന്നു അയാളുടെ മുന്നില്‍.

               ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെത്തുമ്പോള്‍ അയാള്‍ വീണ്ടും ഏകനാവും. ഓരോ നിമിഷവും ജീവന്‍ നഷ്ടപ്പെടുന്നത് പോലെ തോന്നും. അപ്പോഴും അയാള്‍ക്ക് കൂട്ടായിരുന്നത് ഒരു കൊച്ചു കടലാസ്തുണ്ടും പേനയുമാണ്. ഇപ്പോള്‍ അതും വെറുത്തു.
                                     ആരുമില്ലെന്ന തോന്നല്‍,
                                     ജീവിതത്തിലെ നിരര്‍ത്ഥബോധം,
                                    ഏതോ... അയാളെ അവിടെ വരെ എത്തിച്ച വിഷദ്രാവകം കലര്‍ത്തിയ പാനീയം ചുണ്ടോടടുപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി കടന്നു വന്ന ഒരു ശബ്ദം.
                        കതക് തുറക്കൂ....
                        എന്നെ രക്ഷിക്കു... കതക് തുറക്കൂ...
                        തുരു തുരായുള്ള മുട്ടുകേട്ട് വാതില്‍ തുറക്കുന്നതിനിടയില്‍ അകത്തേക്ക് ഓടിയ അവള്‍ അടുക്കള വശത്തെ പത്തായപ്പുരയുടെ  ഒരു മൂലയില്‍ ഭയന്നിരുന്നു. ഇന്നുവരെ കാണാത്ത അവളുടെ മുഖം അയാളുടെ മനസ്സില്‍ അറിയാതെ കടന്നു കയറി. ഒരച്ഛന്‍റെ വാത്സല്യത്തോടെ, ഒരമ്മയുടെ സ്നേഹത്തോടെ അയാള്‍ അവളോട് ചോദിച്ചു,
                             എന്താ നിന്‍റെ പേര്?
     നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് അവള്‍ പതുക്കെ പറഞ്ഞു.
                           "ഞാന്‍ ഞാന്‍ മാളു"
                            നീ എന്തിനിവിടെ വന്നു?
                           "അവര്, അവരെന്നെ കൊല്ലും"
                            ആര്?
                           "എനിക്കറിയില്ല, എന്‍റെ ഉണ്ണിക്കുട്ടന് മരുന്ന്‍ വാങ്ങാന്‍ പോയതാ ഞാന്‍, അവരെന്നെ കൊല്ലും... എന്നെ ഒന്ന് രക്ഷിക്കു...."
                            നിന്‍റെ അച്ഛനമ്മമാര്‍?
                           "എനിക്കെന്‍റെ ഉണ്ണി മാത്രമേ ഉള്ളൂ"
                            താമസം?
                           "ദാ... അവിടെ"
               പുറമ്പോക്കിലെ മാവിന്‍ ചുവട്ടിലെ ആ കൂരയിലേക്ക് അവളുടെ കണ്ണും ചൂണ്ടു വിരലും നീണ്ടു.
              ആ സാഹചര്യത്തില്‍ അയാള്‍ക്കവളെ പറഞ്ഞുവിടാന്‍ തോന്നിയില്ല. നേരമിരുട്ടിയാല്‍ ചെന്നായകളെ പോലെ ഇരതേടിയിറങ്ങുന്ന മനുഷ്യരെ അയാള്‍ വെറുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും അവളവിടെ അധികനേരം നിന്നില്ല. പനിച്ച് വിറച്ച് കിടക്കുന്ന അവളുടെ അനിയന് വേണ്ടി വാങ്ങിയ മരുന്ന്‍ നെഞ്ചോടുചേര്‍ത്ത് അവള്‍ അവിടെ നിന്നും നടന്നുനീങ്ങി. ഏകാന്തതയുടെ നീര്‍ച്ചുഴിയില്‍ പെട്ട് പലപ്പോഴും ജീവിക്കാന്‍ മറന്ന അയാളില്‍, ജീവന്‍റെ നിലനില്‍പ്പിന് വീടിനുള്ളിലേക്ക് ഓടിക്കയറിയ മാളു ചലനങ്ങള്‍ സൃഷ്ടിച്ചു.
             
               അയാള്‍ വീണ്ടും എഴുതാനാരംഭിച്ചു. പിന്നീട് പലപ്പോഴും വീട്ടിലേക്ക് ഓടിയെത്തുന്ന അവള്‍, മിഠായിപ്പോതി കൈയ്യില്‍ കിട്ടുമ്പോള്‍ ക്ഷീണിച്ച മുഖത്തെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടരുമായിരുന്നു. ഒരു പറവയെ പോലെ പാറിനടന്ന പതിനാലുകാരി.ആ മിഠായിപ്പോതി അവളുടെ ജീവിതത്തില്‍ നഷ്ടപ്പെട്ട സ്നേഹവും വാത്സല്യവുമായിരുന്നു.....

               ....ആരാന്‍റെ എച്ചില്‍ പാത്രം കഴുകി ജീവിതം തള്ളി നീക്കുന്ന ആ കൊച്ചു പെണ്‍കുട്ടിക്ക് ബാലുവിന്‍റെ വാത്സല്യത്തിലൂടെ പണ്ടപ്പോഴോ കണ്ടു മറന്ന അവളുടെ അച്ഛനെ വീണ്ടുകിട്ടി....
     
                മാളുവിന് അവളുടെ അച്ഛനെ കണ്ട ഓര്‍മ്മ തന്നെയില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചുപോയി. പിന്നെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവളെ വളര്‍ത്താന്‍.

                   പുറമ്പോക്കിലെ കുടിലില്‍ അവളും അമ്മ ജാനകിയും ഒറ്റക്കായിരുന്നു. അമ്മയുള്ളപ്പോള്‍ അവള്‍ ഒരു കുറവും അനുഭവിച്ചിരുന്നില്ല. കവലയിലെ ഒരു വീട്ടില്‍ ജോലിക്ക് പോകുമായിരുന്നു ജാനകി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുലര്‍ച്ചയ്ക്ക് ജോലിക്ക് പോയ ജാനകി തിരിച്ചുവന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടായിരുന്നു. തെരുവില്‍ ആരോ ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്ന മൂന്നുമാസം പ്രായം തോന്നിക്കുന്ന ഒരാണ്‍കുഞ്ഞ്. ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ ജാനകി വളര്‍ത്തി. മാളു അവന് കുട്ടനെന്ന് പേരിട്ടു.  കൂടപ്പിറപ്പുകള്‍ ആരുമില്ലാത്ത മാളു കുട്ടനെ കണ്ണിന്‍റെ കൃഷ്ണമണി പോലെ കണ്ടു. ദാരിദ്ര്യമാണെങ്കിലും സന്തോഷത്തിന്‍റെ നാളുകളായിരുന്നു അവര്‍ മൂന്നുപേര്‍ക്കും.

                           അപ്രതീക്ഷിതമായാണ് ആ ദുരന്തം കടന്നുവന്നത്. ഒരപകടത്തില്‍പെട്ട് ജാനകി കിടപ്പിലായി. അന്ന്‍ തുടങ്ങിയതാണ്‌ മാളുവിന്‍റെ കഷ്ടപ്പാട്. തളര്‍ന്നു കിടക്കുന്ന അമ്മയെയും ഒന്നര വയസുള്ള കുട്ടനെയും നോക്കേണ്ട ചുമതല ഇത്തിരിയില്ലാത്ത മാളു ഏറ്റടുക്കേണ്ടിവന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ആരോടും പറയാതെ ആരും അറിയാതെ ജാനകി യാത്രയായി. മാളുവും കുട്ടനും ഒറ്റക്കായി. ഇപ്പോള്‍ മാളു വീട്ടുജോലിക്ക് പോകുന്നുണ്ട്. ഇതെല്ലാം ബാലുവിനോട് മാളു പറഞ്ഞതല്ല. അങ്ങനെ ആരോടും അവള്‍ ഒന്നും തുറന്നു പറയാറില്ല. പറമ്പ് കിളയ്ക്കാന്‍ വന്ന വേലായുധന്‍ പറഞ്ഞാണ് ബാലു ഇതെല്ലാം അറിയുന്നത്. അന്ന് രാത്രി മുഴുവന്‍ മാളുവിനെ കുറിച്ചായിരുന്നു ബാലുവിന്‍റെ ചിന്ത. അവളെയും കുട്ടനെയും പഠിപ്പിക്കണമെന്ന തീരുമാനത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു.

                    പിറ്റേന്നയാള്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ മാളുവിന്‍റെ മുറ്റത്ത് നിന്നും അകന്നുപോകുന്ന ആള്‍ക്കൂട്ടത്തെയാണ് കണ്ടത്. അയാള്‍ക്ക് ആ ദുരന്തം വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. വീട്ടു ജോലിക്കിടയില്‍ സ്റ്റവ് പൊട്ടിത്തെറിച്ചു മരിച്ച, പണക്കൊഴുപ്പുള്ള കുടുംബത്തിലെ കശ്മലന്മാരുടെ കൈയില്‍പെട്ട വേലക്കാരി അപ്പോഴേക്കും ശ്മശാനത്തില്‍ വെന്തു വെണ്ണിറായി മാറിയിരുന്നു.

                   അയാളുടെ കാലുകള്‍ പതുക്കെ ആ കുടിലിനെ ലക്ഷ്യമാക്കി നീങ്ങി. ആ കുടിലിനുള്ളില്‍ കണ്ട കാഴ്ച അയാളെ നിശബ്ദനാക്കി. സംസാരിക്കാനോ, വാവിട്ടുകരയാനോ കഴിയാത്ത ഊമയായ മൂന്നുവയസുകാരന്‍ ബാലന്‍. അവള്‍ അവന്‍റെ ഒരുചാണ്‍ വയറു പുലര്‍ത്താനായിരുന്നു, ആ കശ്മലന്മാരുടെ ബലിയാടായി വെന്തുമരിച്ചതെന്ന് അയാളറിഞ്ഞു. ആ കുഞ്ഞിനെ മാറോടണച്ച് അയാളിറങ്ങി...


                   ....തന്‍റെ തോളിലൂടെ ഇറങ്ങുന്ന സ്നേഹത്തോടെയുള്ള തലോടല്‍ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. ഉറക്കമെണീറ്റ തനിക്ക് ചായയുമായി നില്‍ക്കുന്ന ഊമയായ തന്‍റെ പ്രിയമകന്‍. അയാളുടെ ദൃഷ്ടികള്‍ അവനുനേരെ തിരിഞ്ഞു. അവന്‍റെ ദൃഷ്ടികള്‍ പാഞ്ഞുചെന്ന്‍ നിന്നത് ആ മാവിലാണ്. തനിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച തന്‍റെ ചേച്ചിയെ അവനവിടെ കാണാന്‍ കഴിയുന്നത് അയാളറിഞ്ഞു......

9 അഭിപ്രായങ്ങൾ:

 1. ഇഷ്ടമായി .ഇനിയും എഴുതുക.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി...

   ഇല്ലാതാക്കൂ
 2. ഇപ്പോൾ ആദി കമന്റ്‌ ചെയ്തതിന്റെ അവശിഷ്ടമായ മെയിലുകൾ‌ നൂറിലധികമെങ്കിലും വന്നിട്ടുണ്ടാകും.രണ്ടാഴ്ചയായി പുതിയ പോസ്റ്റുകളിലൊന്നും പോകുന്നില്ല.ഒരു ഇടവേള.ആദിയെ നേരത്തെ തന്നെ ഫോളോ ചെയ്തിട്ടുള്ളതാണു കേട്ടോ.വായനയ്ക്ക്‌ എത്തിക്കോളാം.പിന്നെ ഞാനൊരു മെയിൽ അയച്ചിട്ടുണ്ട്‌.നോക്കിയിട്ട്‌ മറുപടി മെയിൽ അയക്കൂ.നന്ദി എന്റെ പോസ്റ്റുകളിൽ വന്നതിനു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Mail നോക്കി... മറുപടി അയച്ചിട്ടുണ്ട്...

   ഈ വരവിന് നന്ദി...

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി...

   ഇല്ലാതാക്കൂ
 4. ഇങ്ങിനെ കുറെ കാര്യങ്ങൾ അങ്ങെഴുതിയാൽ നല്ല കഥ ആകില്ല.

  ആദ്യത്തെ രണ്ടു ഖണ്ഡിക കഴിഞ്ഞു ഭൂത കാലത്തിലേക്ക് പോകുന്നു. അതിന്റെ അവസാനം വേണമായിരുന്നു ലോക പ്രസിദ്ധ ബാല ഗോപാലിൽ എത്താൻ.

  ആരുമില്ലെന്ന തോന്നൽ എങ്ങിനെ വന്നു എന്ന ഒരു വിശദീകരണവും കഥയിലില്ല. ഇത്രയും കഷ്ടപ്പെട്ട് വളർന്ന ആൾക്ക് ലോകത്തോട് സ്നേഹം തോന്നുകയാണ് സാധാരണ.
  പിന്നെ ഒരു നാടകീയത.

  അങ്ങിനെ പോകുന്നു... എഴുതുക,വീണ്ടും വീണ്ടും വായിക്കുക എന്നിട്ടു കാച്ചിക്കുറുക്കി എടുക്കുക. നല്ല കഥ ആകും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പോരായ്മകൾ തിരുത്താൻ ശ്രമിക്കാം.
   ഈ വായനക്കും,
   അഭിപ്രായത്തിനും ഒരുപാട് നന്ദി...

   ഇല്ലാതാക്കൂ
 5. രണ്ടു കഥയ്ക്കു വേണ്ടത്ര ഈ കഥയിലുണ്ട്. എന്നാലും നന്നായി എഴുതി

  മറുപടിഇല്ലാതാക്കൂ