1/12/16

"നിനക്കെന്താട മീശ വരാത്തത്" (ഓര്‍മ്മക്കുറിപ്പ്)

"നിനക്കെന്താട മീശ വരാത്തത്, എല്ലാവര്‍ക്കും ഉണ്ടല്ലോ...?"
               എന്നുള്ള ചോദ്യം ആദ്യമായി എന്നോട് ചോദിച്ചത് ഒന്‍പതാം ക്ലാസിലെ എട്ടും പൊട്ടും തിരിയാത്ത പെണ്ണായ രഹന ആയിരുന്നു. കുടുംബക്കാരിയും അയല്‍വാസിയുമായ അവള്‍ക്ക് അങ്ങനെ തോന്നണമെങ്കില്‍ എനിക്ക് മാത്രം ഇല്ലാഞ്ഞിട്ടല്ലേ എന്നൊക്കെയുള്ള അതിമാരകമായ ചിന്താ ശലകങ്ങള്‍ നുണഞ്ഞ്, തുപ്പിക്കളഞ്ഞ് കൊണ്ടാണ് ഞാന്‍ അടുത്തിരിക്കുന്ന ശാക്കിറിന്‍റെ മുഖത്തേക്ക് ഒന്ന് വെറുതെ നോക്കിയത്. അപ്പോള്‍ കണ്ട ആ കാഴ്ച വിശ്വസിക്കാന്‍ അടുത്തിരിക്കുന്ന വദൂദിന്‍റെ വെള്ളക്കുപ്പി (വാട്ടര്‍ ബോട്ടില്‍) തുറന്ന്‍ എനിക്കല്‍പ്പം വെള്ളം കുടിക്കേണ്ടി വന്നു...! അവന്‍റെ മൂക്കിന് താഴെ "നീ എന്താണ്ട നോക്കുന്നത്....?" എന്നും ചോദിച്ച് നില്‍ക്കുന്ന നൂറ്റിയൊന്ന് രോമങ്ങള്‍...! "പടച്ചോനെ" എന്ന് വളരെ ദയനീയമായി വിളിച്ച്, ഇപ്പുറത്തിരിക്കുന്ന രാജേഷിന്‍റെ മുഖത്തേക്ക് വളരെ പാടുപെട്ട് അവനറിയാതെ ചെരിഞ്ഞ് നോക്കിയപ്പോള്‍ അവനും, പയറ് വിത്ത് പാകിയത്‌ മുളക്കുന്ന പോലെ മീശ മുളച്ച് തുടങ്ങിയിരിക്കുന്നു.

                               പുറത്ത് പോകാന്‍ ബെല്ലടിച്ചപ്പോള്‍ (ഇന്‍റെര്‍വെല്‍) ഞാനോടി പുറത്തിറങ്ങി. വരാന്തയില്‍ കിടന്ന് തലങ്ങും വിലങ്ങും പായുന്ന (ഓടുന്ന) ഓരോരുത്തരെയും ഞാനൊന്ന്‍ നോക്കി. എല്ലാവര്‍ക്കും മീശ മുളക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലര്‍ക്ക് നല്ലപോലെ മീശ വന്നിട്ടുണ്ട്.

                     "എന്താ പടച്ചോനെ എനിക്ക് മാത്രം മീശ ഇല്ലാത്തത്...? ഞാന്‍ ആണ്‍കുട്ടി തന്നെ അല്ലെ...?" എന്ന സംശയം മനസ്സിലുദിച്ചതും, ഞാന്‍ ബോയിസിന്‍റെ മൂത്രപ്പുരയില്‍ തന്നെ ആണല്ലോ മൂത്രമൊഴിക്കാന്‍ കയറിയത് എന്ന അര്‍ത്ഥമുള്ള സുഡാള്‍ഫിക്കേഷന്‍സ് ഓര്‍മ്മ വന്നതും ആണ്‍കുട്ടി തന്നെയാണെന്ന് ബോധ്യപ്പെട്ടു.
        !പക്ഷെ മീശ ഇല്ലല്ലോ....!
കൂടുതല്‍ വൈകാതെയാണ് ഒരു ദിവസം അഭിജിത്ത് എന്നോട് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അവനും മീശ വരാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നില്ല.

        "നീ പറഞ്ഞ സങ്കടം എനിക്കും ഉണ്ടെട. എല്ലാര്‍ക്കും മീശ വരാന്‍ തുടങ്ങി. നമുക്ക് മാത്രം എന്താടാ വരാത്തെ...?" ഞാന്‍ സങ്കടത്തോടെ അഭിജിത്തിനോട് ചോദിച്ചു.

            "നമുക്ക് ഹുസൈനോട് ചോദിച്ചോക്ക്യാലോ....? ഓന്‍ക്കുണ്ടല്ലോ...?" അഭിജിത്ത് പറഞ്ഞു.

ഹുസൈന്‍ കളിയാക്കുമോ എന്ന് പേടി ഉണ്ടായിരുന്നുവെങ്കിലും അത് പുറത്ത് കാണിക്കാതെ വോളിബാള്‍ കോര്‍ട്ടിന്‍റെ അരികിലുള്ള സീറ്റില്‍ വെച്ച് അവനെ നടുവിലിരുത്തി അഭിജിത്ത് ചോദിച്ചു, " ഹുസൈനെ നിനക്ക് എങ്ങനാ മീശ വന്നെ...?"
                      "അപ്പൊ അത് ചോദിക്കാനാണല്ലേ ഈ ഇരുത്തം" എന്ന് പറഞ്ഞ് അവന്‍ ചിരിച്ച് പറയാന്‍ മടിച്ച് നിന്നു. പാടത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ ഗോളി നില്‍ക്കാന്‍ ഇഷ്ടമില്ലാത്ത അവനോട്, നീ ഇനി കളിക്കാന്‍ വന്നാല്‍ ഗോളി നില്‍ക്കേണ്ടി വരും, എന്‍റെ പന്താണ് കളിക്കാന്‍ കൊണ്ടുവരുന്നത് എന്ന് പറഞ്ഞ് അഭിജിത്ത് അവനെ ഭീഷണിപ്പെടുത്തി അവനെ കൊണ്ട് പറയിപ്പിച്ചു.

                   ഹുസൈന്‍ പറയാന്‍ തുടങ്ങി. "സുബിച്ചേട്ടന്‍റെ കടേല്‍ പോയാല്‍ വാടിക്കാനുള്ള സാദനവും ബ്ലൈഡും കിട്ടും...! 100 രൂപയെ ഉള്ളു. അത് വാങ്ങീട്ട് ആരും കാണാതെ ആദ്യം പച്ചവെള്ളം കൊണ്ട് മീശന്‍റെ അവിടെ നനക്കണം. എന്നിട്ട് മെല്ലെ ആ സാദനം കൊണ്ട് താഴേക്ക് വലിക്കുക. അപ്പോ ആദ്യത്തെ മൊത്തം പോയി മീശ പുതിയതിങ്ങനെ വരാന്‍ തുടങ്ങും. കണ്ണാടിയില്‍ നോക്കി ചെയ്‌താല്‍ മതി. അല്ലെങ്കി മൂക്ക്മ്മല്‍ ബ്ലൈഡ് തട്ടി മുറിഞ്ഞ് ആകെ എടങ്ങേറാവും.."

                        ഹുസൈന്‍ പറഞ്ഞത് അനുസരിച്ച് ഷേവിംഗ് സെറ്റ് വാങ്ങാന്‍ കയ്യില്‍ പൈസ ഇല്ലാത്തതിനാല്‍, അഭിജിത്തും ഞാനും വീട്ടില്‍ നിന്നും എടുത്ത് കൊണ്ട് പോയ തേങ്ങയും അണ്ടിയും ചെമ്പ് കമ്പിയും വിറ്റ പൈസ കൊണ്ട് ഷേവിംഗ് സെറ്റും ബ്ലൈഡും വാങ്ങിച്ചു. ഷേവിംഗ് സെറ്റും വാങ്ങി വീട്ടിലെത്തി ഷേവ് ചെയ്യാനൊരു സ്ഥലം നോക്കിയപ്പോള്‍ എവിടെ നോക്കിയാലും ആളുകള്‍. സ്വന്തമായി റൂമില്ലാത്തവന്‍റെ പറഞ്ഞാല്‍ തീരാത്ത സങ്കടം ആര്‍ക്കും മനസ്സിലാവില്ലല്ലോ.

                        അങ്ങനെയാണ് ആദ്യമായി സിഗരെറ്റ്‌ വലി ടെസ്റ്റ്‌ ചെയ്തപ്പോള്‍ പാളിപ്പോയ സ്ഥലവും, ഷഹന നീട്ടിയ പ്രേമ ലേഖനം വായിക്കാനുമൊക്കെ സഹായിച്ച കുളിമുറി(ബാത്രൂം) ഓര്‍മ്മ വന്നത്.

               ഉമ്മറത്ത് തൂങ്ങിക്കിടക്കുന്ന കണ്ണാടിയും എടുത്ത് മടിക്കുത്തില്‍ തിരുകി ഉച്ചക്ക് എല്ലാവരും ഉറങ്ങുന്ന സമയം നോക്കി ഞാന്‍ കുളിമുറിയില്‍ കയറി. കണ്ണാടി മുന്‍പില്‍ വെച്ച് എന്‍റെ മീശയെ ഞാനൊന്ന് നോക്കി. വെറുതെയല്ല രഹന ചോദിച്ചത്, എന്നൊക്കെ മനസ്സില്‍ പറഞ്ഞ് ഹുസൈന്‍റെ ഷേവോപദേശങ്ങള്‍ ഓര്‍ത്ത് മീശ നില്‍ക്കുന്ന ഭാഗം നനക്കുകയും, വടിക്കുകയും ചെയ്തു. അത് കഴിഞ്ഞ് പെട്ടന്ന് തന്നെ കുളിമുറിയില്‍നിന്നും ഇറങ്ങിയപ്പോഴാണ് ഷേവിംഗ് സെറ്റ് എവിടെ എടുത്ത് വെക്കും എന്നാലോജിക്കുന്നത്. കാരണം, വീട്ടുകാര്‍ കണ്ടാല്‍ എന്തിന്...? എപ്പോള്‍..? ആര്‍ക്ക് വേണ്ടി..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കും. ഇതിനൊക്കെ ഞാന്‍ സാഹസികമായി ഉത്തരം പറയേണ്ടി വരും എന്നൊക്കെയുള്ള കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മ വന്നതും, അടുത്ത അടവ് മനസ്സില്‍ തെളിഞ്ഞു. ഷേവിംഗ് സെറ്റ് ഒരു കവറില്‍ പൊതിഞ്ഞ് വിറക് പുരയുടെ അടുത്ത് കുഴിച്ചിട്ടു. മാറാതിരിക്കാന്‍ അടയാളമായി ഒരു ഓട്ടിന്‍കഷണം വെച്ചു.

                        പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോഴാണ് ഞാനാകെ മാനം കെട്ടത്. വരാന്ത വൃത്തിയാക്കിയത് പോലെ മീശ വടിച്ചത് ശ്രദ്ധയില്‍പ്പെട്ട സല്‍മാന്‍ അത് ക്ലാസില്‍ മുഴുവന്‍ പാടി നടക്കുകയും, എല്ലാവരും അത് അറിയുകയും ചെയ്തു. "ആരൊക്കെ എന്തൊക്കെ അറിഞ്ഞാലും രഹന മാത്രം ഇതറിയരുത് പടച്ചോനെ" എന്ന് മനസ്സില്‍ പ്രാർത്ഥിക്കാന്‍ സമയം കിട്ടുന്നതിന് മുന്‍പ് അവളും അറിഞ്ഞു. പിന്നെ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. രഹന വീട്ടിലും പോയി പറഞ്ഞ് ചിരിക്കാനുള്ള അവസരം മുതലാക്കി. വൈകീട്ട്  സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പുറത്തേക്ക് പോകാതെ എന്നെ കാത്തിരുന്ന അമ്മാവന്‍ എന്നെ കണ്ടതും, "പടച്ചോനെ, എല്ലാരും ഒന്ന് ഇങ്ങോട്ട് വന്നെ. നമ്മുടെ ആദിക്ക് മീശ വന്നു..." എന്നും പറഞ്ഞ് ഒറ്റക്ക് ചിരിക്കുമ്പോള്‍, ഞാന്‍ എന്‍റെ മനസ്സില്‍ പ്രാർത്ഥിച്ചത് "ആ ഷേവിംഗ് സെറ്റ് കുഴിച്ചിട്ട സ്ഥലം ആരും കാണരുതേ" എന്ന് മാത്രമായിരുന്നു. 

26/11/16

ലോകാവസാനം

സമയം പാതിരയായ്. കനല്‍ക്കട്ടകള്‍ക്കിടയില്‍ നിന്നും തണുപ്പിന്‍റെ പുതപ്പുചൂടിപ്പിടിച്ച് നില്‍ക്കുന്ന ആ മാനത്ത് ആരൊക്കയോ മുത്തുമാലയണിഞ്ഞുകൊണ്ട് കണ്ണ് ചിമ്മുന്നു. രാത്രിയുടെ അഗാധമായ ആ കൂരിരുട്ടിന് ഒരു തണലെന്നവണ്ണം അന്ന് ആ നിലാവ് മനസ്സിലാദ്യമായി സമാധാനം നല്‍കി. കഴിഞ്ഞ പല നാളുകളായി പകലില്‍ നഷ്ടപ്പെട്ട പ്രാര്‍ത്ഥനയുടെ ഓര്‍മ്മകള്‍ മനസ്സിലെപ്പോഴും കനല്‍ക്കട്ടകള്‍ നിറയ്ക്കുകയായിരുന്നു. അതൊരു പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന വിശ്വാസത്തില്‍ ദൈവത്തിന് സ്തുതി നല്‍കി മാസങ്ങള്‍ക്ക് ശേഷം അന്നാദ്യമായി രാത്രിയുടെ പുതപ്പിനടിയില്‍ ഒതുങ്ങിക്കൂടി.

                         പിറ്റേന്നുണ്ടായ മഴയുടെ കുളിരില്‍ മുങ്ങിയ ഒരു നാടിനെയാണ് ആദ്യം ഞാന്‍ ഓര്‍ത്തെടുത്തത്. കടുകുമണികള്‍ വീഴുന്ന താളത്തിനൊത്ത്, വീഴുന്ന ആലിപ്പഴം പെറുക്കാനായി മുറ്റത്തിറങ്ങിയതും ഓര്‍മ്മയില്‍ ഒരു പുഞ്ചിരി തൂകുന്നു. ഇടയ്ക്ക് കഴിഞ്ഞ ദിവസത്തെ ലോകസഭാ ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയില്‍ ആരൊക്കെയോ എന്നെ പിടിച്ച് വലിക്കുന്നതായി തോന്നി.

                      ഒരു മഴയില്‍ കുതിര്‍ന്നിറങ്ങിയ നാടിന്‍റെ മുത്തുമണികള്‍ വാരിയെടുക്കാനുള്ള തിടുക്കം... ആരോ എന്‍റെ ശ്രദ്ധയെ പെട്ടന്ന് മുറിവേല്‍പ്പിക്കുന്നു. കഥയുടെ ആരംഭമെന്നവണ്ണം അത് എന്നെ അതിലേക്ക് വലിച്ചിഴച്ചു. അവിടെ ആരൊക്കെയോ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ആരെന്നറിയാനുള്ള തിടുക്കത്തില്‍ ഞാന്‍ അവര്‍ക്കരികിലേക്ക് നീങ്ങി. അവരോ, അതിവേഗത്തില്‍ മിന്നിമറിയുന്നു. അതിനിടയില്‍ ഒരു കറുത്ത ഗ്രന്ഥത്തിന്‍റെ ഏടുകള്‍ അവരെനിക്ക്  മറിച്ച് തരുന്നു. പണ്ടെവിടെയോ മറന്നുവെച്ച അതിന്‍റെ താളുകള്‍ ഞാന്‍ ആ തുറസ്സായ പ്രദേഷത്തിരുന്ന്‍ മറിച്ച് തുടങ്ങിയിരിക്കുന്നു.

               
                  ഹായ് ബാല്യത്തില്‍ എവിടെയോ വെച്ച് ഞാന്‍ ആദ്യാക്ഷരം പഠിക്കാന്‍ പോകുന്ന ചിത്രങ്ങളുടെ കൂട്ടങ്ങള്‍. അതിനിടയില്‍ യുദ്ധംമുഖേന തകര്‍ന്നടിഞ്ഞ കുറേ നഗരങ്ങള്‍. പിന്നീട് എവിടെയൊക്കെയോ തട്ടിത്തടഞ്ഞ്, അവ മറച്ചുപോയപ്പോള്‍ഭീകരാന്തരീക്ഷം ചിത്രീകരിച്ച് കുറേ പേജുകള്‍.

                   അതിലുള്ള നിലാവിന്‍റെ വര്‍ണ്ണങ്ങളില്‍ ആരോ കുങ്കുമപ്പൂ ചാലിച്ചിരിക്കുന്നു. കഷ്ടം നിലാവില്‍ കുങ്കുമപ്പൂവോ? ഞാന്‍ കഴിഞ്ഞ ദിവസം കണ്ട നിലാവ്, ഒരു മുത്തുമണിപോലെ തിളങ്ങിയിരുന്നല്ലോ? ഇപ്പോള്‍ അതിനെന്തുപറ്റി. എന്നിരുന്നാലും ഞാന്‍ ഇഷ്ടപ്പെട്ട നിറമാണവ. അതെ, കുട്ടിക്കാലത്തെന്നോ കുങ്കുമപ്പൂ പറിക്കാന്‍ ചെന്നപ്പോള്‍ കണ്ട നിറം ഇന്നും മനസ്സില്‍ നിന്നും മായുന്നില്ല.

                  കോളേജില്‍ പഠിച്ചിരുന്ന കാലത്ത് എന്തോ സംഭവം ഉണ്ടായി. ഓര്‍മ്മയില്ലെങ്കിലും കൂരിരുട്ടിലെ മണിനാദങ്ങള്‍ അലട്ടുന്ന പ്രതീതിതന്നെ. അതെ, ജീവിതത്തില്‍ തുടക്കവും കൌമാരവും വാര്‍ദ്ധക്യവും ചേര്‍ന്നുണ്ടാകുന്ന ശബ്ദങ്ങള്‍ എന്നെ ഇപ്പോള്‍ പലഭാഗത്ത് നിന്നും അലട്ടുന്നു. നിറങ്ങളില്‍ പിറന്നുവീണ തീനാളങ്ങള്‍ ആകാശത്ത് കത്തി ജ്വലിക്കുന്നു. ആ തീനാളങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ജന്തുക്കള്‍ ചുടപ്പെടുകയാണ്. അതിന്‍റെ നിറവും മണവും എന്നെ വീണ്ടും വലിച്ചിഴയ്ക്കുന്നു.

                 പെട്ടന്ന് ഞാന്‍ എന്‍റെ ഗ്രന്ഥത്തെ മാറോട് ചേര്‍ത്ത് പിടിച്ച് നോക്കിക്കൊണ്ടിരുന്നു. ആ നാളുകളില്‍ പിറന്നവ കഴിഞ്ഞ ദിവസം മാഞ്ഞുപോയ രാവുകള്‍ തന്നെ. ഞാന്‍ കണ്ണീരുകൊണ്ട് ആ പകലിനെ കീറിമുറിക്കുന്ന ആ മനിനാദങ്ങള്‍ പിറന്ന ദൃശ്യങ്ങള്‍ വായിച്ചു കാണുവാന്‍ തുടങ്ങി. എന്‍റെ സുന്ദരനാട് പെട്ടന്നൊരു കളങ്കതുല്യമായ നഗരമായിപ്പോയി.

                   ഞാന്‍ പേടിച്ചു കണ്ണുകള്‍ അടച്ച് മുറിവിട്ടിറങ്ങി. സമയം ഉച്ചയോ മറ്റോ... ഘടികാരങ്ങളും, മാധ്യമങ്ങളും നിലച്ച സമയമായിരുന്നു അത്. ആകെ ഇരുട്ട്. എന്നാലും ഞാന്‍ കയ്യിലുള്ള ഫോണിന്‍റെ ദിശാവെളിച്ചത്തില്‍  അവ പരിഹരിച്ചു. പെട്ടന്നുള്ള ചാറ്റല്‍ മഴയില്‍ ആരോ എന്നെ പിടിച്ച് വലിക്കുന്നു. മഴയുടെ തലോടലുകള്‍ക്കിടയില്‍ ആരോ എന്‍റെ മുന്നില്‍ മുത്തുകള്‍ പെയ്തിറക്കുന്നു. അവിടെ ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു. ആ പകലിനെ കീറിമുറിക്കുന്നവണ്ണം ആ പ്രകാശം അന്ന് പടിഞ്ഞാറ് കുങ്കുമ നിറത്തിലായിരുന്നു. ഇന്ന് മുതല്‍ ഒരു പുതിയ ദിവസമായിരിക്കും. അല്ല... ഇന്നാദിവസമല്ലെയോ?. മനുഷ്യന്‍റെ ക്രൂരതകള്‍ തോല്‍വി അറിയുന്ന ദിവസം. അന്നാദ്യമായി ഞാന്‍ ആ നിറത്തെ വെറുക്കുന്ന കുങ്കുമ ചന്ദ്രന് തുല്യമായി കണ്ടു. പെട്ടന്നെവിടെയോ കൂട്ടക്കരച്ചിലുകള്‍. വീണ്ടും ഞാന്‍ പരുങ്ങിനിന്നു പോയി.

                തീ ആളുന്ന കാറ്റുകള്‍ കടലില്‍ പിറന്നുവീണിരിക്കുന്നുവെന്ന് ആരോ വിളിച്ച് പറയുന്നു.  ജീവിതം അവസാന നാളിലെ ഓര്‍മ്മകള്‍ നിറയ്ക്കുന്ന പേജുകളില്‍ ഞാനപ്പോള്‍ മുങ്ങി മറഞ്ഞിരുന്നു.


20/11/16

ഈ എന്നോടിത് മാണ്ടെയ്നു.....! (ചെറുകഥ)



                ഈ കഥ നടക്കുന്നത് വേറെ എവിടെയും അല്ല. എന്‍റെ സ്വന്തം നാട്ടിലാണ്. കണ്ണെത്താത്ത ദൂരം പച്ചപ്പട്ടണിഞ്ഞ വിശാലമായ നെല്‍പാടം, പറമ്പുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍, അതിനിടയിലൂടെ ഒഴുകുന്ന തോട്, ഒരരികിലൂടെ വീതി കുറഞ്ഞ ഒരു നടപ്പാത. അതാണ്‌ എന്‍റെ നാട് ഇരിങ്ങല്ലൂര്‍. ആ നാട്ടിലെ ഒരേ ഒരു വിദ്യാലയം ആണ് അമ്മത്തൂര്‍ സ്കൂള്‍. ആ സ്കൂളിനെ ചുറ്റിപ്പറ്റിയാണ് ഈ സംഭവം നടക്കുന്നത്.


                    അമ്മത്തൂര്‍ സ്കൂളിന്‍റെ ഒരു മൂലയില്‍ നിന്നു കൊണ്ട് പച്ച വിരിച്ച് നില്‍ക്കുന്ന പാടത്തേക്ക്‌ നോക്കി നില്‍ക്കുകയാണ് ഞാന്‍. അവള്‍ വരുന്നതും കാത്ത്..... പെരിങ്കൊല്ലന്‍ തോടിന്‍റെ അടുത്ത് അവള്‍ എത്തുമ്പോള്‍ തുടങ്ങും എന്‍റെ ഖല്‍ബിന്‍റെ ഉള്ളില്‍ ഒരു തിരയിളക്കവും അറവന മുട്ടും.

                 അവളെന്‍റെ അടുത്തെത്തു ന്തോറും അവളുടെ  ആ പൂച്ചക്കണ്ണുകളുടെ തിളക്കം കൂടിക്കൂടി വന്നു.എന്നെയും കടന്ന്‍ പോവുമ്പോള്‍ ആ ചെഞ്ചുണ്ടില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന ഒരു ചിരി ഉണ്ട്, അത് കിട്ടുമ്പോ ലോകം കീഴടക്കിയവന്‍റെ ആഹ്ലാദം ആണെനിക്ക്. പിന്നെ അടുത്തുള്ളതൊന്നും കാണില്ല. തിരിച്ച് എങ്ങനെ ചിരിക്കണം എന്നറിയാതെ നില്‍ക്കുന്നതിനിടക്ക് എന്‍റെ അടുത്ത് നിന്നും പുറത്തേക്ക് വരുന്നത് ഒരു മാതിരി സൈക്കിളില്‍ നിന്ന് വീണ ചിരിയും. 

             രാമേട്ടന്‍റെ കടയില്‍ നിന്നും ഒരു മഞ്ചും ഒരു ഡയറി മില്‍ക്കും  അവൾ വാങ്ങി.എനിക്ക് ഏത് തരണം എന്ന് അറിയാണ്ടായപ്പോ, അത് രണ്ടും തന്ന് ഞങ്ങളെ പ്രണയം മധുരോന്മത്തമാക്കി. 
     
                              പരസ്പരം കത്തുകള്‍ കൈമാറുമ്പോള്‍ നോട്ട്ബുക്കിന്‍റെ ഉള്ളില്‍ മടക്കി വരുന്ന "സ്നേഹക്കത്തുകള്‍", മുത്തിനും മുത്തേ... കരളിന്‍റെ കരളേ... എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന ആദ്യ വരികള്‍, (ഹോ അതൊക്കെ ഒരു കാലം...) അതൊക്കെ ഏഴല്ല എഴുപതിനായിരം വട്ടം വായിച്ചാലും മതിയാവില്ലായിരുന്നു. അത് വായിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, ആ സുഖം ലോകത്ത് വേറെ എന്തിനെങ്കിലും ഉണ്ടോ എന്ന് ഇന്നുവരെ ഞാന്‍ കണ്ടു പിടിച്ചിട്ടില്ല.

                   കൂടെ പഠിച്ച കുട്ടികള്‍ക്ക് എല്ലാവര്‍ക്കും എന്നോട് അസൂയ തോന്നിയിരുന്ന കാലമായിരുന്നു അത്. ഉച്ചക്ക് ചോറ് തിന്ന് കഴിഞ്ഞാല്‍ എന്‍റെ പാത്രം അവൾ കഴുകിത്തരുമ്പോള്‍, ഞങ്ങടെ അടുത്ത് പാത്രം കഴുകി നിൽക്കുന്ന ചങ്ങാതിമാരെ മുഖത്ത് നോക്കി ഞാന്‍ എന്‍റെ ആ ഒരു ചിരി ചിരിക്കും.... അപ്പൊ അവന്മാരുടെ മുഖം കാണണം, അണ്ടി പോയ അണ്ണാനെ പോലെ. പാവങ്ങള്‍.


                    അവളുടെ ഉപ്പ ദുബായില്‍ നിന്നും വന്നപ്പോള്‍ സമ്മാനങ്ങളിൽ നിന്ന് എനിക്ക് ഒരു പാര്‍ക്കറിന്‍റെ പേനയും ഒരു തേങ്ങാ കഷ്ണത്തിന്‍റെ ഫോട്ടോ  ഉള്ള കവറിലുള്ള ചോക്ലേറ്റും തന്നു. ഇത് മാത്രമേ ഉള്ളോ എന്ന് ചോദിച്ചപ്പോള്‍ ആരും കാണാതെ കവിളില്‍ ഒരു മുത്തം തന്ന് ഓടിപ്പോയതും ഞങ്ങളുടെ പ്രണയത്തിന്‍റെ തീവ്രത കൂട്ടി.

                        അങ്ങനെ ജോറായി ഞങ്ങളുടെ പ്രണയം മുന്നേറി. ഞങ്ങള്‍ +2 വിലേക്ക് ജയിച്ചു കയറി. അങ്ങനെയിരിക്കെയാണ് അവളെ സഖി വന്നിട്ട് എന്നോട് ആ സത്യം  പറഞ്ഞത്. "ഓളെ കെട്ടാന്‍ ഒരു ഇമ്മിണി ബല്യ ദുബായ്ക്കാരന്‍ വന്നിട്ടുണ്ട്, പത്താന്തിയാണ് കല്യാണം". ഞാന്‍ ആകെ വല്ലാതായി.

ഞാന്‍ അവസാനമായി അവളെ  കാണാന്‍ തീരുമാനിച്ചു. അവളെന്നെ കാണാന്‍ കൂട്ടാക്കിയില്ല." ഈ എന്നോടിത് മാണ്ടെയ്നു തച്ചു, നീ ആരാന്നാടി അന്‍റെ വിജാരം, നീ പോയാല്‍ നിന്‍റെ കൂട്ടുകാരി അത്രേ ഉള്ളു എനിക്ക്, നീ പോയി നിന്‍റെ പണി നോക്കടി പന്ന *&^%%@#$%^$#@#മോളെ" എന്ന് ഒരു കത്തില്‍ എഴുതി അവളുടെ സഖി വശം അവള്‍ക്ക് കൊടുത്തയച്ചു. 

                     പിന്നീട് അവള്‍ സ്കൂളിലേക്ക് വന്നിട്ടേയില്ല. അവസാനമായി പെരിങ്കൊല്ലന്‍ തോടും പാടവും കടന്ന് അവള്‍ പോയ വഴി നോക്കി അല്‍പനേരം നിന്നു. അപ്പോഴേക്കും അവളുടെ  സഖി ആ വഴി നടന്നു വന്നു. അവളെന്നോട് മനോഹരമായ ഒരു പുഞ്ചിരി തൂകി.  അപ്പോള്‍ ആ പുഞ്ചിരി ആ വൃത്തികെട്ട പൂച്ചക്കണ്ണിയുടേതിനേക്കാള്‍ മനോഹരമായി തോന്നി.......

11/11/16

ലോകത്തിലെ മനുഷ്യരുടെ വഞ്ചനയില്‍പ്പെട്ട ചില നല്ല മനുഷ്യര്‍

  ഇന്നത്തേക്ക് എട്ട് വര്ഷം തികയുന്നു. അവള്‍ ജയിലില്‍ കഴിയുകയാണ്. നാടിന്‍റെ പ്രിയങ്കരിയായിരുന്നു ഇന്ദുബാല. ഒന്നല്ല രണ്ട് കൊലപാതകത്തിന്‍റെ ഉത്തരവാധിയാണ് ഇന്ദുബാല. അവളെ ഓര്‍ത്ത് ദുഖിക്കാന്‍ ഒരു നാട് മുഴുവനുണ്ട്. എങ്കിലും അവള്‍ക്കായ് എട്ട് വര്‍ഷങ്ങളായി തീരാകണ്ണീര്‍ പൊഴിക്കുകയാണ് മനോജ്‌.
                                     
         വന്നുപെട്ട ദുരന്തത്തെ ഓര്‍ത്ത് അവള്‍ക്ക് വേദനയില്ല. ആശ്വാസമേ ഉള്ളു. തങ്ങളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ള സമയത്തായിരുന്നു തന്‍റെ കൂടപിറപ്പായ ഏട്ടന്‍ ആനന്ദന്‍റെ മരണം. അത് വെറുമൊരു മരണമായിരുന്നില്ല. കരുതിക്കൂട്ടി നടത്തിയ ഒരു ചതി ആയിരുന്നു. എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു. ഇന്ദുബാലയുടെ റോജാക്കൂട്ടം എന്ന് പേരായ കൊച്ചു വീട്ടില്‍ കളിയും ചിരിയും ഒഴിഞ്ഞനേരം ഉണ്ടായിരുന്നില്ല. ആ സന്തോഷത്തില്‍ ഇന്ദുബാലയുടെ അച്ഛന്‍ ചന്ദ്രബാലനും അമ്മ നന്ദിനിയും ഏറെ സന്തോഷിച്ചു. തങ്ങള്‍ക്കുണ്ടായ മക്കള്‍ തങ്ങളെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. എന്നും ദാരിദ്ര്യം നിറഞ്ഞ സമയം ഉണ്ടായപ്പോഴും കുറ്റപ്പെടുത്തുകയോ ശപിക്കുകയോ അവര്‍ ചെയ്തിട്ടില്ല. എല്ലാ ദുഃഖങ്ങളിലും കഷ്ട്പ്പാടുകളിലും അവര്‍ അച്ഛന്‍റെയും അമ്മയുടെയും കൂടെ നിന്ന്‍ അച്ഛന്‍റെ പൊളിഞ്ഞുപോയ ബിസിനസ്സിനെ പറ്റി ഓര്‍ക്കരുത്, നമ്മള്‍ക്ക് ഒരു നല്ലകാലം വരും, നമ്മളാരെയും ഇതുവരെ ദ്രോഹിച്ചിട്ടില്ല എന്നു പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. കൂടെ കുറേ നല്ല പ്രതീക്ഷകളും നല്‍കിയിരുന്നു.

                       ഇന്ദുബാലയുടെയും ആനന്ദന്‍റെയും ആ പ്രതീക്ഷകളാവാം ചന്ദ്രബാലനെ മറ്റൊരു ബിസിനസ്സിലേക്ക്‌ തിരിയാന്‍ പ്രേരിപ്പിച്ചത്. തന്‍റെ പഴയ സുഹൃത്തായിരുന്ന ദിവാകരന്‍റെ ഒപ്പം ഒരു ബിസിനസ്സിലേക്ക്‌ കൂട്ട്കൂടുകയായിരുന്നു ചന്ദ്രന്‍. അന്ന്‍ ചന്ദ്രനറിഞ്ഞിരുന്നില്ല ഇത് തന്‍റെ കുടുംബത്തെ നശിപ്പിക്കുന്ന ജോലിയാണെന്ന്. ഇത് തന്‍റെ കുടുംബത്തെ ദാരിദ്രത്തില്‍ നിന്നും കരകയറ്റും എന്ന് അയാള്‍ വിശ്വസിച്ചു.

           +2വിന് പഠിക്കുകയായിരുന്ന ഇന്ദുബാല സുന്ദരിയായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ആനന്ദനും, ഇന്ദുബാലയും ഒരുമിച്ചായിരുന്നു കോളേജില്‍ പോകാര്‍. ഏട്ടന്‍റെ കൂടെയുള്ള പോക്ക് കാണുമ്പോള്‍ നന്ദിനിയമ്മ പറയും ഇപ്പഴുംചെറിയകുട്ടിയാണെന്നാ വിജാരം. ഈ വര്‍ഷം കഴിഞ്ഞാല്‍ നിന്‍റെ വിവാഹം നടത്തണം. ഇപ്പഴേ എല്ലാരും ചോദിക്കുന്നുണ്ട്. നിന്‍റെ തുള്ളല്‍ നിര്‍ത്തിക്കോ. അപ്പോള്‍ ഇന്ദുബാല പറയും
 "എന്‍റെ പൊന്നമ്മേ എന്‍റെ ഏട്ടനൊന്ന്‍ പെണ്ണ്‍ കെട്ടട്ടെ, എന്നിട്ട് നാത്തൂന്‍ പോര് കുത്തിയിട്ടേ ഈ ഇന്ദു ഇവിടുന്ന്‌ പൊവൂ" എന്ന്‍.

           ദിവാകരന്‍റെ ഒപ്പം പണിക്കുപോവാന്‍ തുടങ്ങിയതിന് ശേഷം വീട്ടില്‍ മെച്ചപ്പെട്ട സ്ഥിതിയായിരുന്നു. പണികഴിഞ്ഞ് വീട്ടിലെത്തി പണം നന്ദിനിയെ ഏല്‍പ്പിക്കുമായിരുന്നു. നോക്കടോ എന്താന്നറിയില്ല ദിവാകരന് എന്നോട് പ്രത്യേക താല്‍പര്യമാണ്. അല്ലാതെ അവിടുന്ന് പഴവര്‍ഗ്ഗങ്ങള്‍ നിറച്ചലോറി അയാള്‍ പറയുന്നേടത്ത് എത്തിച്ചാല്‍ ഇത്രയും പണം ആരെങ്കിലും തരുമോ.

 'പണക്കാരിലും ഉണ്ടെടി നല്ലവന്‍'.

     "ഓ തുടങ്ങി ഈ അച്ഛന്‍റെ ദിവാകരനങ്കിളിനെപറ്റിയുള്ള പൊങ്ങച്ചം. നിര്‍ത്തീട്ട് നമുക്ക് എന്തെങ്കിലും കഴിക്കാം" എന്ന്‍ ഇന്ദു.

 "ദിവാകരനങ്കിളിന്‍റത് മാത്രം അല്ലല്ലോ ഈ കമ്പനി. അങ്കിളിന്‍റെ അളിയന്‍റെയും കൂടിയല്ലേ" എന്ന് ആനന്ദ്.

 "ശരി സമ്മതിച്ചു, കഴിക്കാന്‍ എടുക്കാം. അച്ഛനും മക്കളും കൈകഴുകി വന്നാട്ടെ" എന്ന് നന്ദിനി.

 അങ്ങനെ പറഞ്ഞപ്പോ ചന്ദ്രന്‍ പറഞ്ഞു."മോനെ...! അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ നീ വേണം ഇവരെ നോക്കാന്‍" എന്ന്.

              ദിവസങ്ങള്‍ കഴിഞ്ഞ് കൊണ്ടിരുന്നു. ഒരു ദിവസം പണിക്കുപോയ ചന്ദ്രനെ രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും കണ്ടില്ല. ആനന്ദ് ദിവാകരനങ്കിളിന്‍റെ അടുത്ത്‌ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞു.

 "അച്ഛന്‍ നേരത്തെ ഇവിടുന്ന്‌ പോയല്ലോ. എന്തോ മകള്‍ക്ക് ഒരു ആലോചന വന്നു എന്നും അവര്‍ തമ്മില്‍ നേരത്തെ അറിയാം, ഞാനൊന്ന് പോയി അന്വേഷിക്കട്ടെ എന്ന് പറഞ്ഞ ഇവിടുന്ന്‌ പോയത്. എന്തേ ഇത്രയും സമയായിട്ടും അച്ഛന്‍ വന്നില്ലേ?. നമുക്ക് അന്വേഷിക്കാം വാ"

 എന്ന് പറഞ്ഞ് ദിവാകരന്‍ ആനന്ദിനൊപ്പം ഇറങ്ങി. പക്ഷേ ചന്ദ്രന്‍ പോകുന്നത് കണ്ടവര്‍ പോലും ഇല്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞു. ചന്ദ്രനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. ആനന്ദ് പഠിപ്പ് നിര്‍ത്തി. അച്ഛന്‍റെ ഒരു വലിയ മോഹം അവിടെ അവസാനിക്കുകയായിരുന്നു. മകന്‍ പഠിച്ച് ഒരു കലക്ടര്‍ ആവണമെന്ന് ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. ദിവാകരന്‍ അങ്കിളിന്‍റെ കൂടെ അവന്‍ പണിയെടുത്ത് തുടങ്ങി. അപ്പോഴവന് ചില അറിയാത്ത കാര്യങ്ങള്‍  മനസ്സിലായിത്തുടങ്ങുകയായിരുന്നു. ഈ കമ്പനിയില്‍ നിന്നും പോകുന്ന പഴവര്‍ഗങ്ങള്‍ അടങ്ങിയ ലോറികളില്‍ പഴങ്ങളോടൊപ്പം തന്നെ മറ്റു ചില വസ്തുക്കള്‍കൂടി കയറ്റപ്പെടുന്നുണ്ട് എന്നത്. ഇത് മനസ്സിലാക്കിയ ആനന്ദ് ദിവാകരനങ്കിളിനോട് ഇതിനെപ്പറ്റി പറയാന്‍ തന്നെ തീരുമാനിച്ചു.
             അന്ന് വൈകീട്ട് ലോറികളിലെസാദനങ്ങള്‍ കയറ്റി അയക്കാതിരുന്ന ആനന്ദിനോട് ദിവാകരന്‍ ദേഷ്യപ്പെട്ടപ്പോള്‍ ആനന്ദ് പറഞ്ഞു.

 "ഇവിടുന്ന്‌ അങ്കിള്‍ പഴത്തോടൊപ്പം  മറ്റുചിലതും കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാനീസാദനങ്ങള്‍ പറഞ്ഞ സ്ഥലത്ത് എത്തിക്കാതിരുന്നത്".
 "അത് ശരി നീയിപ്പോ എന്നെ പടിപ്പിക്കാനിറങ്ങിയതാണോ? മോനേ നീ അങ്കിള്‍ പറയുന്നത് കേള്‍ക്ക്. നിനക്ക് ഞാന്‍ നല്ലൊരു തുക തരുന്നില്ലേ? ഈ സ്പിരിറ്റ്‌ കടത്തല്‍ ലോകത്ത് ആദ്യമായി അല്ല നടക്കുന്നത്. അങ്കിളിന്‍റെ ഈ ഉയര്‍ച്ചക്ക് കാരണം ഇതാണ്".

 ഇതെല്ലാം കേട്ടപ്പോള്‍ ആനന്ദിന്‍റെ ചോര തിളക്കുകയായിരുന്നു. ഇതുവരെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്ന അങ്കിള്‍ പറയുന്നു ഞാനെല്ലെങ്കില്‍ മറ്റൊരാള്‍ ഇത് എത്തേണ്ടിടത്ത് എത്തിക്കും എന്ന്. എന്‍റെ ആവശ്യം ഇല്ലപോലും. പിന്നീട് ആനന്ദ് ഒരു നിമിഷം പോലും അവടെ നിന്നില്ല. അന്ന് അവടെ നിന്നും ഇറങ്ങിപ്പോന്ന അവനു അറിയാമായിരുന്നു പാവങ്ങളായ ജനങ്ങളെപ്പോലും ഇവര്‍ കൊന്നാലും പോലീസുകാര്‍ അങ്കിളിന്‍റെ ഭാഗത്തെ നില്ക്കൂ എന്ന്. അന്ന് വീട്ടിലെത്തിയ ആനന്ദ് നന്ദിനിയോടും ഇന്ദുവിനോടും സംഭവങ്ങള്‍ വിവരിച്ചു. അവരും പറഞ്ഞു നീയാപണി ഉപേക്ഷിച്ചത് നന്നായി. പട്ടിണി കിടന്ന് മരിച്ചാലും ആ പണിക്ക് പോയി കിട്ടുന്ന പണം കൊണ്ട് നമുക്ക് ജീവിക്കണ്ട.

                 ആനന്ദ് മറ്റൊരു ജോലി അന്വേഷിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ദിവാകരന്‍റെ കമ്പനിയിലെ ഒരു പങ്കാളിയായിരുന്ന ദിവാകരന്‍റെ അളിയന്‍റെ മകന്‍ മനോജ്‌ ഇന്ദുബാലയെ വിവാഹംകഴിച്ചു തരണം എന്ന അഭ്യര്‍ത്ഥനയുമായി ആനന്ദിന്‍റെ അടുത്തെത്തിയത്. അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു മനോജിന്‍റെ ഗുണങ്ങള്‍. അച്ചനെപ്പോലെയല്ല പഠിച്ച് ഒരു ജോലി സമ്പാദിച്ച ആളാണ് മനോജ്‌. അച്ഛന്‍റെ ബിസിനസ്സിനെ എതിര്‍ക്കുന്നവനും കാണാന്‍ സുന്ദരനും ആയിരുന്ന മനോജിനെ ആനന്ദിന് ആദ്യമേ അറിയാമായിരുന്നു. ഇന്ദുവിനും അവനോട് ഇഷ്ടം ഉണ്ട് എന്നറിഞ്ഞപ്പോള്‍ ആനന്ദും നന്ദിനിയമ്മയും ആ വിവാഹത്തിന് സമ്മതിച്ചു. ഈ വിവാഹത്തെ ദിവാകരനും അളിയനും എതിര്‍ത്തു. പക്ഷേ എന്ത് വന്നാലും ഈ വിവാഹം നടത്തും എന്ന വാശിയായിരുന്നു ആനന്ദിന്. എനിക്ക് പണമോ ആഭരണമോ ആവശ്യമില്ല എന്ന് പറഞ്ഞ മനോജിന്‍റെ നിലക്കനുസരിച്ച് എന്തെങ്കിലും അവള്‍ക്ക് കൊടുക്കണം എന്നായിരുന്നു ആനന്ദിന്‍റെ തീരുമാനം. പണത്തിനായി ഇറങ്ങിയ ആനന്ദ് പിന്നീട് ആശുപത്രിയിലായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ ആനന്ദ് ഇന്ദുവിനെ വിളിപ്പിച്ചു. തന്നെ ദിവാകരന്‍ മുതലാളി കുടുക്കിയതാണെന്നും അവരുടെ അളിയന്‍ ഓടിച്ച കാറാണ് തന്നെ ഇടിച്ചത് എന്നും പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആനന്ദ് എല്ലാവരോടും യാത്രപറഞ്ഞു.

              അച്ചന്‍റെയും അമ്മാവന്‍റെയും സ്വഭാവം അറിഞ്ഞിട്ടും അവരെക്കുടുക്കാന്‍ തന്നെക്കൊണ്ട് ആവില്ല എന്ന് മനോജിന്‌ ആറിയാമായിരുന്നു. എന്നാലും ഇന്ദുവിനെ വിവാഹം കഴിക്കും എന്ന് മനോജ്‌ ഉറപ്പിച്ചു. ഇന്ദുവിനെയും നന്ദിനിയെയും ആശ്വസിപ്പിക്കാന്‍ മനോജ്‌ ഇടക്ക് റോജാക്കൂട്ടത്തില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ പോക്കിനെ എതിര്‍ക്കാന്‍ കഴിയാതെ നിന്ന ദിവാകരന്‍റെ അളിയനോട് ദിവാകരന്‍ നമുക്ക് ചന്ദ്രന്‍റെ ഭാര്യയെയും മകളെയും അടക്കം എന്ന് പറയുന്നു.

             അന്ന് രാത്രി 8 മണിയായിക്കാണും. കാറിന്‍റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഇന്ദു ദിവാകരനെയും അളിയനെയും കണ്ടപ്പോള്‍ പെട്ടന്ന് അകത്തേക്ക് പോയി. നന്ദിനി മുന്നില്‍ വന്ന് തന്‍റെ മകനെ കൊലപ്പെടുത്തിയത് ഇവരാണെന്നറിയാതെ കയറിയിരിക്കാന്‍ പറഞ്ഞു. തന്‍റെ മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ദുഖം ആ അമ്മ ഉള്ളിലൊതുക്കുകയായിരുന്നു. ഇപ്പോഴിതാ ഇവര്‍ പറയുന്നു മനോജുമായുള്ള ബന്ധം മറക്കാന്‍. അല്ലെങ്കില്‍ മോന്‍റെയും ഭര്‍ത്താവിന്‍റെയും സ്ഥിതി...... ഇത് ഇന്ദു അകത്ത് നിന്ന് കേള്‍ക്കുകയായിരുന്നു. തരിച് നിന്ന നന്ദിനിയോട് ദിവാകരന്‍ ഒരു വലഞ്ഞ ചിരിയോട് കൂടി പറഞ്ഞു.

 "അതേ നന്ദിനിയമ്മേ നിങ്ങളുടെ മകന്‍ ഞങ്ങള്‍ പറഞ്ഞത് അനുസരിച്ചില്ല. ചോരത്തിളപ്പ് ഇച്ചിരി കൂടിപ്പോയി. അത് കൊണ്ട് ഞങ്ങളത് തീര്‍ത്തു. പക്ഷേ നിന്‍റെ ഭര്‍ത്താവുണ്ടല്ലോ അവന്‍ മകനേക്കാള്‍ വിളഞ്ഞ വിത്താണ്. കൊല്ലണ്ട എന്ന് കരുതിയതായിരുന്നു. പക്ഷേ, നിന്‍റെയവനുണ്ടല്ലോ ഞങ്ങളെ പിന്നെയും ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു. അവനറിയില്ലായിരുന്നു  പണം ഉണ്ടെങ്കി സര്‍വ്വം....."

 ദിവാകരന്‍റെയും അളിയന്‍റെയും അലര്‍ച്ചയാണ് പിന്നീട് കേട്ടത്. പിന്നെ പിടഞ്ഞ് വീഴുന്നതും. പിന്നില്‍ മരം മുറിക്കുന്ന കോടാലിയുമായി ഇന്ദു. ഒരു പ്രത്യേക ഭാവം. കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നത് പോലെ. നന്ദിനി കുഴഞ്ഞു വീണു. പക്ഷേ ഇന്ദു അമ്മയെ ഒന്ന് താങ്ങുക പോലും ചെയ്തില്ല. ആളുകള്‍ ഒന്ന് രണ്ട് എന്ന് വന്നു തുടങ്ങി. പിന്നെ ഒരു പോലീസ് ജീപ്പും. അതില്‍ രണ്ട് വനിതാ പോലീസും വന്നു. ഇന്ദുവിന്റെ കൈകളില്‍ വിലങ്ങുവെച്ചു. എല്ലാവരെയും സ്നേഹിച്ച ആ സാധു പെണ്ണിന് എവിടുന്ന് കിട്ടി ഈ മനക്കരുത്ത്, മനോജ്‌ കേസ് നടത്തി. ആ വക്കീലിന്‍റെ ഗുണം കൊണ്ട് അവള്‍ കുറ്റം സമ്മതിച്ചിട്ടും എട്ട് കൊല്ലത്തെ തടവുസിക്ഷക്ക് കോടതി വിധിച്ചപ്പോള്‍ ചോദിച്ചു ചന്ദ്രബാലന്‍റെ മകള്‍ക്ക് എന്തെങ്കിലും വെളിപ്പെടുത്തുവാനുണ്ടോ. അപ്പോള്‍ ഇന്ദുവിന്‍റെ മുഖത്ത് ഒരു പരിഹാസ ചിരിയായിരുന്നു.

           ഇന്നും ആ ചിരി മനോജിന്‍റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. ആദ്യമായി അവളെ കണ്ടപ്പോള്‍ മുഖത്തുണ്ടായിരുന്ന ചിരിയല്ല ഇപ്പോള്‍. ഇന്ന് എട്ട് വര്‍ഷം തികയുന്നു. അവളെ കൂട്ടിക്കൊണ്ട് വരാന്‍ ഒരുങ്ങുകയാണ് മനോജ്‌. ഇത്രയും കാലത്തെ ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ റോജാക്കൂട്ടത്തിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ടിരുന്നു. ആവളുടെ അമ്മയും 2 വര്‍ഷം മിണ്ടാതെയും അനങ്ങാതെയും കിടന്ന് തന്‍റെ മകളെ ഒരുനോക്ക് പോലും കാണാതെ മരിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ ജയിലില്‍ അനുഭവിച്ഛതിനേക്കാള്‍  വേദന തോന്നിയെങ്കിലും അവള്‍ സന്തോഷിച്ചു. തന്നെക്കാത്തിരിക്കാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ.

 പിന്നീടവള്‍ എല്ലാം മറന്ന് ആ തിരിച്ചുവരവ് ഒരു പുതിയ ജന്മമായി കരുതി. മനോജിനോപ്പം ഉള്ള ജന്മം.

26/10/16

എന്‍റെ പ്രണയം....

                                     സ്കൂളില്‍ പഠിക്കണ കാലത്ത് പതിവ് പോലെ ഒരു ഇന്‍റെര്‍വെല്‍ സമയത്ത്  നടയിറങ്ങി ഓടിവന്ന ഞാനും നടകയറി ഓടിപ്പോവുകയായിരുന്ന അവളും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്ന് മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം. വീഴ്ച്ചയുടെ ഓര്‍മ്മക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാട് വീണു. അതോടെ അവളുടെ സൌന്തര്യം മുഴുവന്‍ പോയി എന്ന് അവളുടെ ഉമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നത് ഞാന്‍ കേട്ടു.
        ഞാനെന്തു ചെയ്യാന്‍? ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അത് ചെയ്തില്ല.
                അവളുടെ സൗന്ദര്യം എന്ന് പറയണ ആ സാധനണ്ടല്ലോ അതിനെക്കുറിച്ച്  അന്ന് എനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞു പോയി എന്ന് അവളുടെ ഉമ്മ പറഞ്ഞതിനാലാവണം അവള്‍ക്ക് കുറഞ്ഞ തോതിലെങ്കിലും  സൗന്ദര്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട് എന്ന് ഞാനങ്ങു വിശ്വസിച്ചു.
            അവിടെയായിരിക്കണം തുടക്കം.
പപ്പടം പോലെ നെറ്റിയുടെ വലതുഭാഗത്ത്‌ ഒരിക്കലും മായാത്ത പാടായി വീണ ആ മുറിവുണ്ടല്ലോ... അതായിരുന്നു എന്‍റെ പ്രണയം... അതിന്‍റെ വേദനയും നീറ്റലും മാറിക്കഴിഞ്ഞ് അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. എനിക്കല്ലാതെ അന്ന് കൂടെപടിക്കണ വേറൊരുത്തനും അന്ന് പ്രേമം എന്തെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് ആണോന്ന്‍ അറിയില്ല എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. പക്ഷേങ്കി ഓള്‍ക്ക് എന്നോട് ഇല്ലാത്തതും അതായിരുന്നു.

          അന്നത്തെ ആ കൂട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ട് പോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രമിച്ചായി അവളെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളെ നെറ്റിയിലുള്ളതിനേക്കാള്‍ വലിയ മുറിപ്പാടുണ്ടാക്കി.
        ആ മുറികളില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം  വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍പോലും അറിയാതെ. അതങ്ങനെ വളര്‍ന്ന് വളര്‍ന്ന്‍ പാഷന്‍ ഫ്രൂട്ടിന്‍റെ വള്ളി പടര്‍ന്ന്‍ പന്തലിക്കണ പോലെ  പന്തലിച്ചു. ഇനിയെന്നീ ചെമ്പകം പുഷ്പിക്കും എന്നറിയാതെ ഞാന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ നടന്നു.
           മിക്സഡ്‌ സ്കൂളിന്‍റെസ്വാതന്ത്ര്യങ്ങളില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍ കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലെക്ക് പഠനം മാറിയപ്പോള്‍ ആയിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്. അവളെ എങ്ങനെയെങ്കിലും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത അജണ്ട.
          തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ. എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നും അവള്‍ക്ക് വേണ്ടി ഞാന്‍ പ്രണയലേഖനം എഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍  അവള്‍ക് നല്‍കി പോരുകയും ചെയ്തു.
         ആഴ്ചകളും മാസങ്ങളും അത് തുടര്‍ന്നു. ഞാന്‍ അങ്ങോട്ട് കൊടുത്ത പ്രണയ ലേഖനങ്ങളുടെ എണ്ണം 100 തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി. രണ്ടും കല്‍പ്പിച്ച് വീട്ടിലേക്ക് ഓടിയ ഞാന്‍ പുസ്തകം എവിടേയോ വലിച്ചെറിഞ്ഞു. റൂമില്‍ പോയിരുന്ന് ആ വിശുദ്ധ ലേഖനം ഞാന്‍ പൊട്ടിച്ചു. ആര്‍ത്തിയോടെ അതില്‍ നോക്കിയ എനിക്ക് ഒരേയൊരു വാജകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെ ആയിരുന്നു.
                     മേലാല്‍ എന്‍റെ പുറകെ നടക്കരുത്.............!
അതൊരു മുന്നറിയിപ്പായി എനിക്ക് തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കത് കൈമാറി. ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്, വായിക്കുമല്ലോ? അവള്‍ വായിച്ചുകാണും. അതിങ്ങനെയായിരുന്നു...
                        "നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം.....!"
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളചെടുക്കുകയെന്ന ദുഷ്ക്കരമായ ആ കടമ്പ ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നുതന്നെ പറയാം. വളച്ചെടുത്ത് കഴിഞ്ഞ് പിന്നെ മേയ്ചോണ്ട് നടക്കാനായിരുന്നു അതിലും പാട്. വല്ലാതെ ബുദ്ധിമുട്ടി. പെടാപ്പട്പെട്ട് കഴിഞ്ഞ ആറേഴ് വര്ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു.
             ഏല്ലാ പ്രണയങ്ങളുടെയും അവസാനം നടക്കുന്ന ട്രാജടിപോലെ ഞങ്ങളും കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെതന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷെ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ട് സംരക്ഷിച്ച് പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം കല്യാണം കഴിച്ചേ തീരൂ....
        അവളുടെ വീട്ടില്‍ കല്ല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്മാരുടെ കല്ല്യാണം പോലും ആലോജിച്ചു തുടങ്ങിയിട്ടില്ല. അവളെ ഉപ്പ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളേജില്‍ പോക്കുനിന്നു. എന്നും കട്ടന്‍ കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ ചമഞ്ഞ് ചെന്ന് നില്‍ക്കാനും, പിന്നെ ആട്ടിന്‍കൂടിനടുത്ത് വെച്ച് നടക്കുന്ന സൗഹൃദ അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി. എനിക്കായിരുന്നു തിരക്കേറെ, എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ധേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കി പോന്നു.
                   പടച്ചവനു നന്ദി. ഈ പടച്ചവന്‍ തന്നെയായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ. അവളുടെ ഉപ്പ ഇറച്ചി വെട്ടുകാരന്‍ റഷീദിക്കാക്ക് മുന്നില്‍ ഞാന്‍ വെറും പുഴുവായിരുന്നു സ്വന്തമായി ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണ് തരില്ല എന്നതായിരുന്നു അവസ്ഥ. ഈ ദുരവസ്ഥയില്‍ പല വഴിക്ക് മണിയടിക്കാന്‍ നോക്കിയിട്ടും പടച്ചവന്‍ കനിഞ്ഞില്ല.
          അവളുടെ സമ്മതമില്ലാതെ അവളെ കല്യാണം ഉറപ്പിച്ചു. അവള്‍ കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്ക് പൊട്ടി. ഇനിയിപ്പോ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിന് മുന്‍പ് ഒഫീഷ്യലായി അവളെ വീട്ടില്‍ പോയി പെണ്ണ് ചോദിക്കണം. അതിനും മുന്‍പ് എന്‍റെ വീട്ടില്‍ കാര്യം അറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ ഉപ്പ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകും എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഞാനവളോട് അങ്ങനെ പറഞ്ഞദ്.
              നമുക്ക് ആത്മഹത്യ ചെയ്യാം..............!
പണ്ടാറമടങ്ങാന്‍ അവളും അത് സമ്മതിച്ചു. പിന്നെ എങ്ങനെ മരിക്കണം എന്നായി ചര്‍ച്ച. തൂങ്ങിച്ചാകാന്‍ അവള്‍ക്ക് പേടിയായിരുന്നു, എനിക്കും. വിഷം കഴിച്ചാല്‍ മരിക്കും എന്നുറപ്പില്ല. കടലില്‍ ചാടിയാലും അത് തന്നെ സ്ഥിതി. ആ സ്ഥിതിക്ക് ട്രെയിനിനു തലവെച്ചു ചാകുകയാണ് ഉചിതമായവഴി എന്നവള്‍ പറഞ്ഞു. അതാവുമ്പോള്‍ ഒരു സെക്കന്‍റില്‍ തീരുമാനം ആകും.

        മനസ്സില്ലാ മനസ്സോടെ ഞാനും സമ്മതിച്ചു. ട്രെയിന്‍ വരുന്ന വരെ പാളത്തില്‍ തലവെച്ചു കിടക്കുന്നത് വല്ലവരും കണ്ടാല്‍?? തലവെച്ച് കിടക്കുന്നതൊക്കെ പഴയ സ്റ്റയില്‍ ആണെന്നും ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ട് ചാടുന്നതാണ് പുതിയ സ്റ്റയില്‍ എന്നും അവള്‍ തിരുത്തി തന്നു. പിന്നെ ഒന്നും ആലോജിക്കാനുണ്ടായിരുന്നില്ല. നല്ലവണ്ണം പ്രാര്‍ഥിച്ച് കൂകിപാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും....!!!
 ഞങ്ങളും മരിച്ചു.
പത്ത് സെക്കന്‍റെടുത്ത് ഞങ്ങള്‍ സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തില്‍ കയറി മുബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന്‍ അപ്പോള്‍ ആണ് മനസ്സിലായത്.
                   ചെന്നപാടെ ദൈവത്തെ കേറി കണ്ടു.
ഭൂമിയില്‍ ഒരുമിച്ച് ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വെച്ച് ഞങ്ങളുടെ കല്യാണം നടത്തി തരണം.
         ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.
ശരി ഒരു വര്‍ഷം ഇതിലെ പ്രേമിച്ച് നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ അതു കഴിഞ്ഞാവാം കല്യാണം. ദൈവം റൊമാന്റിക്കായ കക്ഷിയാണെന്ന് മനസ്സിലായി. ചുമ്മാ അടിച്ചു പൊളിച്ചോളാനും പറഞ്ഞ് ഒരു വര്‍ഷത്തെ ഒഫറാണ് തന്നിരിക്കുന്നത്.
                പിറ്റേന്ന് മുതല്‍ പരിപാടി തുടങ്ങി.
 രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ച കഴിഞ്ഞ് വൈകീട്ട് മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം. ആദ്യഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു.പിന്നെ പതിയെപ്പതിയെ ബോറഡി തുടങ്ങി.
                പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാല് വര്‍ത്തമാനം പറയുന്നതിനിടക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും ആവളുടെ ഉപ്പനെയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്ന്‍ സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.
               എന്നിരുന്നാലും ദൈവം എന്ത് വിചാരിക്കും അവള്‍ എന്ത് വിചാരിക്കും എന്ന് കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു, അവളും.
എത്രകാലം ഇത് സഹിക്കും? പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍, അവളാണേല്‍ മുന്‍ശുണ്ടിക്കാരി. ഇത്രയുംകാലം ഇതൊന്നും പുറത്ത്‌ വന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണിപോലെ അവള്‍ കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നുവെച്ചാല്‍......
            എനിക്കാ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അത് പുറത്ത് കാട്ടിയില്ല. അവളെന്തു വിചാരിക്കും?!!.... അവളൊന്നും വിജാരിക്കില്ലെന്ന് മനസ്സിലായത് പിന്നീടൊരുദിവസം ആയിരുന്നു. എന്തോ പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ച്കളഞ്ഞു.
               പിന്നെയൊരു ഭീഷണിയും. ഇനി മേലാല്‍ എന്‍റെ പിന്നാലെ നടക്കരുത്!!!!
നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നുപറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടി പോകും!!!
പിറ്റേന്ന് ഞാനും അവളും കൂടി ദൈവത്തെ ചെന്ന് കണ്ടു.
                എന്ത് പറ്റി? ആറുമാസമല്ലേ ആയുള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന  നിര്‍ബന്ധമായോ?
                ചിരിച്ചുകൊണ്ട് ദൈവം ചോദിച്ചു.
കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു. കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.... ഇതൊന്നു തലേന്നു ഒഴിവാക്കി തന്നാല്‍ മതി......!!! 

21/10/16

ആദി മോഹിച്ച സുറുമയെഴുതിയ കണ്ണ്

പരസ്പരം അറിയാതെ... പറയാതെ....
അറിഞ്ഞിട്ടും അറിയാത്തമട്ടിൽ...
പറഞ്ഞിട്ടും കേൾക്കാത്ത ഭാവത്തോടെ....
ചിലരിലെല്ലാം ഉണ്ടായിരിക്കും ഇതുപൊലൊരു പ്രണയം...
മറ്റേതു പ്രണയത്തെക്കാളും, ഓർമ്മകൾ സുന്ദരമായി തോന്നുന്ന ചില നിമിഷങ്ങളും....

       അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗൾഫ്കാരുടെ ഇഷ്ട ദിവസം. നാട്ടിലുള്ള ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അവരുടെ ഞായറാഴ്ച.എന്റെ ജീവിതത്തിൽ പല നല്ലകാര്യങ്ങളും നടന്ന ഒരു ദിവസം ആയത് കൊണ്ട് തന്നെ "വെള്ളിയാഴ്ച" എനിക്കേറ്റവും പ്രിയപ്പെട്ട ദിനമായി മാറി.

        പതിവുപോലെ ആർക്കോ വേണ്ടി ഓഫീസിൽ പോയ ഒരു ദിവസം, വർക്കൊക്കെ കഴിഞ്ഞു ആരും കാണാതെ നേരെ ഫേസ്‌ബുക്കിൽ കയറി പുതുതായി വന്ന പോസ്റ്റുകൾക് ലൈക്കുകളും കമന്റുകളും വാരിക്കോരി കൊടുക്കുന്ന സമയം. അങ്ങനെ ഓരോന്നും കണ്ടും തിരിഞ്ഞും കൊണ്ടിരിക്കുന്ന സമയത്താണ് എന്റെ കണ്ണുകൾ ആ ഫ്രണ്ട്സ് സജ്ജഷന്റെ കീഴിൽ ഉണ്ടാക്കിയത്. പെൺ നാമത്തിലുള്ള ഒരു പ്രൊഫൈൽ, സുന്ദരമായൊരു നയനത്തിന്റെ പ്രൊഫൈൽ പിക്ച്ചറും. ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനസ്സെന്തോ മന്ത്രിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടായിരിക്കണം രണ്ടാമതോന്നാലോചിക്കാതെ അവൾക് ഞാൻ സൗഹൃദ അപേക്ഷ കൊടുത്തത്. എന്താണെന്നറിയില്ല, സാധാരണ ഒരു പെൺകുട്ടിക്ക് റിക്വസ്റ്റ് അയച്ചാലുണ്ടാവുന്ന  പതിവ് കോലാഹലങ്ങൾക് വിപരീതമായി അവളത് സ്വീകരിച്ചു. മനസ്സിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടിയത്തിന്റെ മർമ്മരങ്ങൾ. ശരിയായിരുന്നു ഒരു ലഡ്ഡു പൊട്ടിയിരുന്നു. പൊട്ടണല്ലോ.അല്ലെ..???
           
                      മയിൽപ്പീലി കണ്ണിൽ സുറുമയെഴുതി. കൊലുങ്ങനെയുള്ള കയ്യിൽ കൈമുട്ടറ്റംവരെ മൈലാഞ്ചിയിട്ട് ഒരു സുന്ദരിക്കുട്ടി. ആ കണ്ണുകൾ കണ്ടാൽ ഞാനെന്നല്ല, വായ്നോട്ടം എന്ന കലയെ അന്യം നിന്നുപോകാതെ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഏതൊരുത്തനും ഒന്ന് നോക്കിപ്പോവും. അങ്ങനെ അവളുടെ "ടൈംലൈൻ" മുഴുവന്‍ കറങ്ങി നടന്നു, ഓരോ വിവരങ്ങളും ഞാൻ പെറുക്കി എടുത്തു, ഇനി അവളെ മാത്രമേ പെറുക്കി എടുക്കാനുള്ളൂ. 

അങ്ങനെ അടുത്ത ഘട്ടത്തിലേക്കു കടന്നു, അവളെ ആകർഷിക്കാൻ അവളുടെ ഓരോ പോസ്റ്റിനും  ഫോട്ടോകൾക്കും എല്ലാം "ലൈക്കും , കമന്റ്റും" വാരിക്കോരി കൊടുത്തു, ആ സമയത്താണ് എനിക്കീ ഫേസ്ബുക്കിനോട് ദേഷ്യം തോന്നിയത്,കാരണം ഒരാൾക് ഒരു പോസ്റ്റിനു ഒരു ലൈക് മാത്രല്ലേ കൊടുക്കാൻ പറ്റൂ.  പക്ഷേ എന്റെ പെർഫോമൻസ് മോശമായത് കൊണ്ടാണോ എന്നറിയില്ല അവൾ അതൊന്നും തിരിഞ്ഞു നോക്കിയത് പോലും ഇല്ലെന്ന് തോന്നുന്നു. 
പിന്നെ അവളെ പരിചയപ്പെടാനായി പൂതി. ഞാൻ പണ്ടേ ഒരു പേടിത്തൊണ്ടൻ ആയത് കൊണ്ട്, "മെസ്സേജ്" ചെയ്‌താൽ കുഴപ്പാകോ എന്നും, "ബ്ലോക്ക്" ചെയ്യോ എന്നും പേടിച്ച് ഒന്നും മിണ്ടാതെ അവളെ "പോസ്റ്റ്കളും" ഫോട്ടോകളും നോക്കി എന്‍റെ ആഗ്രഹവും ഉള്ളിലൊതുക്കി, ഏതാണ്ടോ പോകാൻ പോകുന്ന അണ്ണാനെപ്പോലെ ഇരുന്നു.

           ഇരുന്ന് ഇരുന്ന് ചന്തിയിൽ വേര് മുളക്കും എന്ന് തോന്നിയപ്പോ ഇടക്ക് എണീറ്റ് നടന്നു. അപ്പോഴും അവസ്ഥക്ക് ഒരു മാറ്റവും ഇല്ലാട്ടോ. നേരത്തെ പറഞ്ഞപോലെത്തന്നെ. കുറച്ച് ദിവസങ്ങൾ അങ്ങനെ ഇരുന്നും നടന്നും നീങ്ങി. ഒന്ന് പരിചയപ്പെടാൻ പറ്റാത്തതിലുള്ള സങ്കടം എവിടെയൊക്കെയോ വിങ്ങുന്നുണ്ടായിരുന്നു. ഒരു പക്ഷെ ആ ദയനീയ മുഖം നിങ്ങളും കണ്ടിരുന്നെകിൽ, ഒന്ന്1 സമാധാനിപ്പിച്ചിട്ടെ പോവുള്ളായിരുന്നു. അത്രക്കും സങ്കടായിരുന്നു എനിക്ക്. സത്യമായിട്ടും....!

                അവളെപ്പറ്റി എന്തെങ്കിലും ഒക്കെ അറിയാൻ വേണ്ടി, അതിനുവേണ്ടി മാത്രം  അവളെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ പെൺകുട്ടികൾക്കും ഞാൻ റിക്വസ്റ്റ് വിട്ടു (മുന്നറിയിപ്പ്‌: ഇനി എന്നെ തെറ്റിദ്ധരിച്ച് കോഴി എന്നൊന്നും വിളിക്കേണ്ടട്ടോ). വിട്ടവരിൽ കുറച്ച് പേർ ആഡ് ചെയ്തു. ബാക്കി ഉള്ളവർക്ക് അസൂയയാണെന്ന് തോന്നുന്നു. അവളെപ്പറ്റി ചോദിച്ച് അവർക്ക് മെസ്സേജ് അയച്ചു. കുറച്ച് മറുപടി ഒക്കെ വന്നു. പക്ഷെ എല്ലാം എന്നെ നിരാശിക്കുന്നതായിരുന്നു . ആർക്കും അവളെ അറിയില്ല. പിന്നെയും ഞാൻ സങ്കട കടലിൽ നീരാടിക്കൊണ്ടിരുന്നു. ഇപ്പോ നിങ്ങക്കൊക്കെ ഒരു തോന്നാലുണ്ടാവുംഞാൻ എന്തിനാ ഇങ്ങനൊക്കെ കഷ്ടപ്പെടുന്നത്. ഞാൻ അവൾക്ക് നേരിട്ട് മെസ്സേജ് ചെയ്ത് പരിചയപ്പെട്ടാൽ പോരേന്ന്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പേടി... പൊരിഞ്ഞ പേടി. ആ പേടിക്കും ഉണ്ടൊരു ചെറിയ കാരണം.

            പണ്ട് ഞാൻ പത്താം ക്ലാസിൽ പടിക്കുമ്പോ കാട്ടാപ്പനായിലെ ഹൃഥ്വിക് റോഷനെപ്പോലെ സുന്ദരനായിരുന്നു. ഇപ്പോഴും ആ സൗന്ദര്യത്തിന് കുറവൊന്നും ഇല്ലാന്ന് പലരും സ്വകാര്യം പറയുന്നത് ഞാൻ ഒളിഞ്ഞു കേട്ടിട്ടുണ്ട്. അവർക്കൊക്കെ കണ്ണിനെന്തെങ്കിലും കുഴപ്പണ്ടാവേർക്കുംലേ?
       അങ്ങനെ പത്താം ക്ലാസിൽ പഠിക്കണ എനിക്ക് ഏഴാം ക്ലാസിൽ പടിക്കണ രഹന എന്ന് പേരുള്ള സുന്ദരി കുട്ടിയോട് പ്രേമം. പൊരിഞ്ഞ പ്രേമം.  ഞാനവളുടെ കൂടെയും ബാക്കിലും ഒക്കെ നടക്കാൻ തുടങ്ങി. നടന്ന് നടന്ന് ഒരീസം ഞാനെന്‍റെ പരിശുദ്ധ പ്രണയം അവളോട് തുറന്ന് പറഞ്ഞു. അവളെന്നോട് ഇഷ്ട്ടം അല്ലാന്ന് പറഞ്ഞില്ല. ഉപ്പച്ചിനോട് ചോദിച്ച് നോക്കീട്ട് പറയാന്ന് പറഞ്ഞു. അല്ല അതിന് അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനവളോട് പറഞ്ഞത് ഇങ്ങനായിരുന്നു. " രഹന എനിക്ക് നിന്നെ ഇഷ്ടമാണ്. ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ?". കല്യാണക്കാര്യം ഒക്കെ ഉപ്പനോട് ചോദിക്കണല്ലോലെ?.
              ഓള് ചുമ്മാ പറഞ്ഞത് ആകും എന്നാണു ഞാൻ കരുതിയത്. അടുത്ത ദിവസം ഞാൻ മറുപടിയും പ്രതീക്ഷിച്ച് സ്‌കൂളിൽ പോയപ്പോൾ ആണ് മനസിലായത് ഓൾ ശരിക്കും പറഞ്ഞത് ആണെന്ന്. എന്‍റെ രഹനയും ഓളെ ബാപ്പച്ചിയും ഉണ്ടായിരുന്നു അവിടെ. സത്യം പറയാലോ അന്നെനിക്ക് നല്ല ദിവസമായിരുന്നു. ക്ലാസിൽ നിന്നെന്നെ പുറത്താക്കി. ഉപ്പാനെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ഉപ്പാനേം കൂട്ടി പോയി,പിന്നെ നടന്നതൊന്നും ഇവിടെ എഴുതാനോ പറയാനോ പറ്റില്ല.
അങ്ങനെ ആ അനശ്വര പ്രണയം അവിടെ വെച്ച് എല്ലാവരുംകൂടി മുളയിലേ നുള്ളിക്കളഞ്ഞു. പാവം ഞാൻ. അന്ന് മുതൽ തുടങ്ങിയതാണ് പേടി.

          അപ്പോ പറഞ്ഞു വന്നത്... ആഡ് ചെയ്തവരൊക്കെ ചാറ്റ് ചെയ്ത് നല്ല ഫ്രണ്ടുക്കൾ ആയി.. ഞാൻ അവരോട് അവളെപ്പറ്റി പറഞ്ഞു. അവരുടെ നിർബന്ധം കാരണം ഞാൻ അവൾക്ക് മെസ്സേജ് അയക്കാൻ തീരുമാനിച്ചു. ഇതിനിടക്ക് അവളെ ഫോട്ടോ കണ്ട് കണ്ട് എനിക്കവളോടൊരു മുഹബത്തിന്റെ കൊടുമുടി കയറാൻ തുടങ്ങി. അങ്ങനെ രണ്ടും കല്പിച്ചു ഞാൻ അവൾക്കൊരു "ഹായ്" വിട്ടു. 2 ദിവസം മറുപടി ഒന്നും കണ്ടില്ല. അടുത്ത ദിവസം ഒരു മെസ്സേജ് കണ്ടു. തുറന്നു നോക്കിയപ്പോ അവൾ ഒരു "ഹലോ" അയച്ചിരിക്കുന്നു. ഞങ്ങൾ പരസ്പ്പരം പരിചയപ്പെട്ടു. അധികം വൈകാതെ തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി. പരിചയപ്പെട്ടപ്പോൾ അവളെ അടുത്തറിഞ്ഞപ്പോൾ അവളോടുള്ള ഇഷ്ടം കൂടി. അങ്ങനെ സ്വന്തം എഴുതിയതും കോപ്പി പേസ്റ്റ് ചെയ്തും ഒരുപാട് ലൗ മെസ്സേജുകൾ ഞാൻ അവൾക്ക് അയക്കാൻ തുടങ്ങി. അത് കാണുമ്പോ അവൾ ചിരിക്കും, എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഇനി എനിക്ക് അവളോടുള്ള ഇഷ്ട്ടം അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുവാണോ അതോ അറിയാഞ്ഞിട്ടാണോ എന്നും എനിക്കൊരു സംശയം ഉണ്ടായിരുന്നു. ഞാസൻ മെസ്സേജ് അയക്കൽ തുടർന്നു.

           "നിന്‍റെ സ്നേഹത്തിന് മുന്നിൽ എന്‍റെ സ്നേഹം ഒന്നുമല്ല.
ഞാൻ ആ സ്നേഹത്തിനു മുന്നിൽ വീണ്ടും വീണ്ടും ഒന്നും അല്ലാതായി പോകുന്നു.
നിനക്കും നിന്‍റെ സ്നേഹത്തിനും നിന്‍റെ  സ്നേഹത്തിനും മുന്നിൽ തോറ്റു പോകുന്നു.
എങ്കിലും ആ തോൽവി ഞാൻ ഇഷ്ടപ്പെടുന്നു.
കാരണം അത് നിന്‍റെ മുന്നിൽ അല്ലെ...! നീ എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്..." (ഒന്നാം ക്ലാസിൽ പരീക്ഷ എഴുതി ജയിച്ചിട്ടും, വയസ്സ് തികഞ്ഞില്ല എന്നും പറഞ്ഞു രണ്ടിലേക്ക് ആക്കാതെ ഒന്നിൽ തന്നെ ഇരുത്തിയപ്പോ, ഒറ്റ ഇരുപ്പിൽ എപ്പിസോഡായി ഒരാഴ്ച ക്ലാസിൽ പോകാതെ കരഞ്ഞിരുന്ന ഞാനാണ് ഓളോട് ഇങ്ങനൊക്കെ പറഞ്ഞത്) ഇങ്ങനെയുള്ള പഞ്ചസാര ഒട്ടും കുറയാതെയുള്ള മെസ്സേജ് കൾ ഒക്കെ ഓൾക്ക് ഞാൻ തുരു തുരാന്ന് അയച്ചുകൊണ്ടിരുന്നു.
   
         ഞാൻ അവളെപ്പറ്റി പറഞ്ഞില്ലല്ലോ. പേര് ദിൽഷാന ഞാൻ ദിലു എന്ന് വിളിക്കും. മലപ്പുറത്തുള്ള ഒരു പ്രമുഖ ഇസ്ലാമിക് സ്കൂളിൽ പഠിക്കുന്നു. അവളെപ്പറ്റി കൂടുതലായി ചുരുക്കി പറയുകയാണേൽ "ഒരു ഗ്രാമീണത തുളുമ്പുന്ന, കുസൃതിയും, പുഞ്ചിരിയും മുഖത്ത് എപ്പോഴും ഒളിപ്പിച്ച് നടക്കുന്ന ഒരു കൊച്ചു കാന്താരി". ഉപ്പാക്ക് ഗൾഫിൽ ബിസിനസ്സ്. ഉപ്പാക്കും ഉമ്മക്കും കൂടി ആകെ ഉള്ള ഒരു മകൾ.

      സത്യത്തിൽ എനിക്ക് ധൈര്യം ഒക്കെ ഉണ്ടെങ്കിലും ഈ കാര്യത്തിൽ എനിക്കൊരു പേടി. ചീറ്റിപ്പോവരുതല്ലോ. അത്രക്കും ഉണ്ടല്ലോ തോല്‍വി. അങ്ങനെ അങ്ങനെ മാസങ്ങൾ കടന്നുപോയി. എന്‍റെ പ്രണയം അവളെ അറിയിക്കാൻ മാത്രം എനിക്ക് പറ്റിയില്ല. ഇഷ്ടം തുറന്നു പറയുവാൻ കുറച്ചു കൂടി ധൈര്യം സംഭരിക്കേണ്ടിയിരിക്കുന്നു... ഒന്നു രണ്ടു തവണ സംഭരിച്ചു നോക്കി, അവളോട് ചാറ്റി വരുമ്പോൾ ചോർന്നു പോകുന്നു . എന്തു ചെയ്യാം , കുറച്ചു കാലം കൂടി ഈ നടപ്പു തുടരാം. അതിനിടക്ക് അവൾക്ക് വേറെ ലൗവർ ഒന്നും ഇല്ലെന്നു ഞാൻ ഉറപ്പ് വരുത്തി. അങ്ങനൊന്നുംഇതുവരെ ഇല്ലെന്നറിഞ്ഞപ്പോൾ എന്‍റെ മനസ്സിൽ ഒരായിരം ലഡ്ഡുക്കൾ ഒരുമിച്ച് പൊട്ടി. അല്ലങ്കിൽ അവൾ പൊട്ടിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരിയെന്ന് തോന്നുന്നു.

             ചുരുക്കി പറഞ്ഞാൽ ഓഫീസിലെ വൈഫൈ മാത്രം ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ ക്യാഷ് മുടക്കി നെറ്റ് ചെയ്യാൻ വരെ തുടങ്ങി.
സഹികെട്ട് ഒരു ദിവസം ഞാൻ രണ്ടും കല്പിച്ച് എന്‍റെ ഇഷ്ടം അവളോട് പറയാൻ തീരുമാനിച്ചു. അന്നെന്തോ ക്ലോക്ക് സ്പീഡ് കുറച്ച് ഓടുന്നപോലെയാണ് എനിക്ക് തോന്നിയത്. അവൾ ക്ലാസ് കഴിഞ്ഞ് വരാൻ സാധാരണയിലും നേരം വൈകുന്നതായി തോന്നി. അവസാനം കാത്തിരുന്ന പോലെ അവൾ വന്നു. അവൾ അന്ന് സന്തോഷത്തിൽ ആണെന്ന് ചാറ്റിംഗിനിടയിൽ എനിക്ക് മനസ്സിലായി. എന്നാൽ പിന്നെ ഗോൾ അടിക്കാൻ പറ്റിയ സമയം എന്ന് കരുതി ഞാൻ ബോൾ തട്ടാൻ തുടങ്ങി.

ഞാൻ : ദിലൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

ദിലു   : പറ ഇക്ക.

ഞാൻ : ഞാൻ പറയുന്നത് ഇഷ്ട്ടായില്ലേൽ എന്നോട് പിണങ്ങരുത്. എന്നെ ബ്ലോക്ക് ചെയ്യരുത്. നമ്മുടെ ഫ്രണ്ട്ഷിപ് പഴയ പോലെ തുടരണം. പ്രോമിസ് ചെയ്യ്.

ദിലു  :  ഇക്ക എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അത് എന്നും അങ്ങനെ തന്നെയാകും. പ്രോമിസ്

ഞാൻ : ദിലു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്മാണ്. നിനക്ക് എന്നെ ഇഷ്ടമാണോ?

ദിലു  :  ഇക്ക തമാശ പറയാണോ? ഇക്കാക്ക് ഇത് എന്താ പറ്റിയെ?

ഞാൻ : തമാശയല്ല. കാര്യമായിട്ട് ചോദിച്ചതാണ്.

ദിലു   : ഇഷ്ടം ഒക്കെ തന്നെയാണ്. പക്ഷേ കാര്യല്ല ഇക്ക. ഒരാഴ്ച മുൻപ് എന്‍റെ        കല്യാണം ഉപ്പന്റെ ഫ്രണ്ട്ന്റെ മകനുമായി പറഞ്ഞു വെച്ചിരിക്ക. ഞാൻ  ഇത് ഇക്കനോട് എങ്ങനെ പറയും എന്ന് കരുതി ഇരിക്കായിരുന്നു. ഉപ്പ ഗൾഫിൽ നിന്നും വന്നാൽ നിശ്ചയം ഉണ്ടാവും.

ഞാൻ : ഹും. സാരല്ല. ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞതാടി...

എന്നും പറഞ്ഞ് ഒരു സ്‌മൈൽ എന്റെ മുഖത്ത് തന്നെ ഫിറ്റ് ചെയ്ത ഒരു ഫോട്ടോ അവൾക്ക് എടുത്ത് അയച്ച് കൊടുത്തു.
ഓടിച്ചെന്നൊരു സ്റ്റാറ്റസും ഇട്ടു.

             സ്വപ്നങ്ങളെ ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക....
എനിക്ക് കിട്ടാതെ പോയ മുന്തിരിക്കിന്നും മധുരം തന്നെയാണ്...
     അത് പിന്നെ ഇപ്പോഴും അങ്ങനെ തന്നെ ആണല്ലോ ബ്രോ എന്ന് ഒരു ചുള്ളന്റെ കമന്റും വന്നു...

                   ശുഭം

10/10/16

കൊഴിയുന്ന തളിരിലകള്‍

ചിണുങ്ങിപ്പെയ്യുന്ന ചാറ്റല്‍ മഴയില്‍ കുളിരണിഞ്ഞു നില്‍ക്കുന്ന പ്രകൃതി ഭംഗി ആസ്വദിച്ച് കിടക്കുന്നതിനിടയില്‍ എപ്പഴോ മയങ്ങിപ്പോയി. മഴയുടെ തീക്ഷ്ണത വര്‍ദ്ധിച്ചു വരുന്നതിനിടയില്‍ ജാലകത്തിനരികെയുള്ള ചാരുകസേരയില്‍ അയാള്‍ മെല്ലെ നിവര്‍ന്നിരുന്നു. ഈറനണിഞ്ഞ ചെമ്പകമരത്തിനിടയിലൂടെ പാഞ്ഞുചെന്ന അയാളുടെ കണ്ണുകള്‍ പുറമ്പോക്ക് ഭൂമിയില്‍ കായ്ച്ചുനില്‍ക്കുന്ന മാവിന്‍ ചുവട്ടിലെ ആ കൊച്ചു മേല്‍ക്കൂരയ്ക്ക് ചുവട്ടില്‍ ചെന്ന് നിന്നു. ചാക്കുകൊണ്ട് മറച്ച ഒരു കൊച്ചുകുടില്‍. ഒരു നിമിഷം അയാളുടെ ഓര്‍മ്മകള്‍ മുപ്പത് വര്ഷം പിന്നിലേക്ക് സഞ്ചരിച്ചു.

                            ആ നിമിഷത്തില്‍ അനാഥത്വത്തിന്‍റെ വിള്ളലുകള്‍ അയാളില്‍ നിന്ന് വാര്‍ന്നൊഴുകുന്നത് അയാളറിഞ്ഞു. മണ്ണിടിച്ചിലില്‍ ഒഴുകിപ്പോയ വീടിന്‍റെ സ്ഥാനത്തെ നിരപ്പായ ഭൂമിയില്‍ അച്ചനെയും അമ്മയെയും കുഞ്ഞനുജത്തിയെയും തിരക്കി, വാവിട്ടുകരയുന്ന അഞ്ചുവയസ്സുകാരന്‍റെ ബാല്യം അയാളുടെ സ്മൃതി പഥത്തില്‍ മിന്നി മറഞ്ഞു. ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാറില്ല ആ നാളുകള്‍. പക്ഷെ പലപ്പോഴും അത് അയാളുടെ മനസ്സില്‍ വന്നുപോകാറുണ്ട്.

                                    ലോകമറിയുന്ന സാഹിത്യകാരന്‍, പ്രാസംഗികന്‍ ശ്രീ ബാലഗോപാല്‍.......
          അനുഭവങ്ങള്‍ ഒരുപാടുണ്ട് ബാലഗോപാല്‍ എന്ന ബാലുവിന്. അഞ്ചുവയസ്സിലെ അനാഥത്വം, തെരുവോരത്തെ അന്തി മയക്കം, ഒടുവില്‍ ആരോരും ഇല്ലാത്തവരുടെ കൂട്ടത്തില്‍ ഒരുവനായി നാലുചുവരുകള്‍ക്കിടയില്‍. അവിടെ നിന്ന് എപ്പഴോ പഠിച്ച നാലക്ഷരത്തില്‍ പിടിച്ചു കയറി ബാലു എന്ന അനാഥപ്പയ്യന്‍ ലോകമറിയുന്ന എഴുത്തുകാരനായി. കേള്‍വിക്കാരുടെ ഹരമായ പ്രാസംഗികനായി. ആ വേദികളിലെല്ലാം അയാള്‍ പറയുമായിരുന്നു,
   "ലോകമറിയുന്ന പ്രാസംഗികനാവാനല്ല, ലോകത്തെ അറിയുന്ന എഴുത്തുകാരനാവാനാണ് തനിക്കിഷ്ടമെന്ന്".

               ആര്‍ത്തുല്ലസിച്ച് പെയ്യുന്ന മഴയ്ക്കിടയില്‍, കാറ്റിന്‍റെ കൈ തട്ടലില്‍ ആഞ്ഞടിച്ച ജനാല അയാളെ ഭൂതകാലത്തില്‍ നിന്നും പടിയിറക്കി. ജനാലക്കമ്പികള്‍ക്കിടയിലൂടെ പുറത്തോട്ട് ഒരിക്കല്‍ക്കൂടി ആ പുറമ്പോക്കിലെ കുടിലില്‍ വീണ്ടും, അയാളുടെ കണ്ണുകള്‍ അലയടിച്ചു. ഒരു ദീര്‍ഘനിശ്വാസത്തിനൊടുവില്‍ ആഞ്ഞടിക്കുന്ന ജനാല മെല്ലെ ചാരുമ്പോഴും, ഒരുനേരമെങ്കിലും വയറുനിറക്കാന്‍ പറ്റാതെ തെരുവോരത്തെ കടയിലെ ചില്ലുകൂട്ടിനുള്ളിലെ മധുര പലാഹാരങ്ങള്‍ നോക്കി നില്‍ക്കുന്ന ആ പഴയ അഞ്ചുവയസുകാരനായിരുന്നു അയാളുടെ മുന്നില്‍.

               ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെത്തുമ്പോള്‍ അയാള്‍ വീണ്ടും ഏകനാവും. ഓരോ നിമിഷവും ജീവന്‍ നഷ്ടപ്പെടുന്നത് പോലെ തോന്നും. അപ്പോഴും അയാള്‍ക്ക് കൂട്ടായിരുന്നത് ഒരു കൊച്ചു കടലാസ്തുണ്ടും പേനയുമാണ്. ഇപ്പോള്‍ അതും വെറുത്തു.
                                     ആരുമില്ലെന്ന തോന്നല്‍,
                                     ജീവിതത്തിലെ നിരര്‍ത്ഥബോധം,
                                    ഏതോ... അയാളെ അവിടെ വരെ എത്തിച്ച വിഷദ്രാവകം കലര്‍ത്തിയ പാനീയം ചുണ്ടോടടുപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി കടന്നു വന്ന ഒരു ശബ്ദം.
                        കതക് തുറക്കൂ....
                        എന്നെ രക്ഷിക്കു... കതക് തുറക്കൂ...
                        തുരു തുരായുള്ള മുട്ടുകേട്ട് വാതില്‍ തുറക്കുന്നതിനിടയില്‍ അകത്തേക്ക് ഓടിയ അവള്‍ അടുക്കള വശത്തെ പത്തായപ്പുരയുടെ  ഒരു മൂലയില്‍ ഭയന്നിരുന്നു. ഇന്നുവരെ കാണാത്ത അവളുടെ മുഖം അയാളുടെ മനസ്സില്‍ അറിയാതെ കടന്നു കയറി. ഒരച്ഛന്‍റെ വാത്സല്യത്തോടെ, ഒരമ്മയുടെ സ്നേഹത്തോടെ അയാള്‍ അവളോട് ചോദിച്ചു,
                             എന്താ നിന്‍റെ പേര്?
     നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് അവള്‍ പതുക്കെ പറഞ്ഞു.
                           "ഞാന്‍ ഞാന്‍ മാളു"
                            നീ എന്തിനിവിടെ വന്നു?
                           "അവര്, അവരെന്നെ കൊല്ലും"
                            ആര്?
                           "എനിക്കറിയില്ല, എന്‍റെ ഉണ്ണിക്കുട്ടന് മരുന്ന്‍ വാങ്ങാന്‍ പോയതാ ഞാന്‍, അവരെന്നെ കൊല്ലും... എന്നെ ഒന്ന് രക്ഷിക്കു...."
                            നിന്‍റെ അച്ഛനമ്മമാര്‍?
                           "എനിക്കെന്‍റെ ഉണ്ണി മാത്രമേ ഉള്ളൂ"
                            താമസം?
                           "ദാ... അവിടെ"
               പുറമ്പോക്കിലെ മാവിന്‍ ചുവട്ടിലെ ആ കൂരയിലേക്ക് അവളുടെ കണ്ണും ചൂണ്ടു വിരലും നീണ്ടു.
              ആ സാഹചര്യത്തില്‍ അയാള്‍ക്കവളെ പറഞ്ഞുവിടാന്‍ തോന്നിയില്ല. നേരമിരുട്ടിയാല്‍ ചെന്നായകളെ പോലെ ഇരതേടിയിറങ്ങുന്ന മനുഷ്യരെ അയാള്‍ വെറുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും അവളവിടെ അധികനേരം നിന്നില്ല. പനിച്ച് വിറച്ച് കിടക്കുന്ന അവളുടെ അനിയന് വേണ്ടി വാങ്ങിയ മരുന്ന്‍ നെഞ്ചോടുചേര്‍ത്ത് അവള്‍ അവിടെ നിന്നും നടന്നുനീങ്ങി. ഏകാന്തതയുടെ നീര്‍ച്ചുഴിയില്‍ പെട്ട് പലപ്പോഴും ജീവിക്കാന്‍ മറന്ന അയാളില്‍, ജീവന്‍റെ നിലനില്‍പ്പിന് വീടിനുള്ളിലേക്ക് ഓടിക്കയറിയ മാളു ചലനങ്ങള്‍ സൃഷ്ടിച്ചു.
             
               അയാള്‍ വീണ്ടും എഴുതാനാരംഭിച്ചു. പിന്നീട് പലപ്പോഴും വീട്ടിലേക്ക് ഓടിയെത്തുന്ന അവള്‍, മിഠായിപ്പോതി കൈയ്യില്‍ കിട്ടുമ്പോള്‍ ക്ഷീണിച്ച മുഖത്തെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടരുമായിരുന്നു. ഒരു പറവയെ പോലെ പാറിനടന്ന പതിനാലുകാരി.ആ മിഠായിപ്പോതി അവളുടെ ജീവിതത്തില്‍ നഷ്ടപ്പെട്ട സ്നേഹവും വാത്സല്യവുമായിരുന്നു.....

               ....ആരാന്‍റെ എച്ചില്‍ പാത്രം കഴുകി ജീവിതം തള്ളി നീക്കുന്ന ആ കൊച്ചു പെണ്‍കുട്ടിക്ക് ബാലുവിന്‍റെ വാത്സല്യത്തിലൂടെ പണ്ടപ്പോഴോ കണ്ടു മറന്ന അവളുടെ അച്ഛനെ വീണ്ടുകിട്ടി....
     
                മാളുവിന് അവളുടെ അച്ഛനെ കണ്ട ഓര്‍മ്മ തന്നെയില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചുപോയി. പിന്നെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവളെ വളര്‍ത്താന്‍.

                   പുറമ്പോക്കിലെ കുടിലില്‍ അവളും അമ്മ ജാനകിയും ഒറ്റക്കായിരുന്നു. അമ്മയുള്ളപ്പോള്‍ അവള്‍ ഒരു കുറവും അനുഭവിച്ചിരുന്നില്ല. കവലയിലെ ഒരു വീട്ടില്‍ ജോലിക്ക് പോകുമായിരുന്നു ജാനകി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുലര്‍ച്ചയ്ക്ക് ജോലിക്ക് പോയ ജാനകി തിരിച്ചുവന്നത് ഒരു കൈകുഞ്ഞിനെയും കൊണ്ടായിരുന്നു. തെരുവില്‍ ആരോ ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്ന മൂന്നുമാസം പ്രായം തോന്നിക്കുന്ന ഒരാണ്‍കുഞ്ഞ്. ആ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ ജാനകി വളര്‍ത്തി. മാളു അവന് കുട്ടനെന്ന് പേരിട്ടു.  കൂടപ്പിറപ്പുകള്‍ ആരുമില്ലാത്ത മാളു കുട്ടനെ കണ്ണിന്‍റെ കൃഷ്ണമണി പോലെ കണ്ടു. ദാരിദ്ര്യമാണെങ്കിലും സന്തോഷത്തിന്‍റെ നാളുകളായിരുന്നു അവര്‍ മൂന്നുപേര്‍ക്കും.

                           അപ്രതീക്ഷിതമായാണ് ആ ദുരന്തം കടന്നുവന്നത്. ഒരപകടത്തില്‍പെട്ട് ജാനകി കിടപ്പിലായി. അന്ന്‍ തുടങ്ങിയതാണ്‌ മാളുവിന്‍റെ കഷ്ടപ്പാട്. തളര്‍ന്നു കിടക്കുന്ന അമ്മയെയും ഒന്നര വയസുള്ള കുട്ടനെയും നോക്കേണ്ട ചുമതല ഇത്തിരിയില്ലാത്ത മാളു ഏറ്റടുക്കേണ്ടിവന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ആരോടും പറയാതെ ആരും അറിയാതെ ജാനകി യാത്രയായി. മാളുവും കുട്ടനും ഒറ്റക്കായി. ഇപ്പോള്‍ മാളു വീട്ടുജോലിക്ക് പോകുന്നുണ്ട്. ഇതെല്ലാം ബാലുവിനോട് മാളു പറഞ്ഞതല്ല. അങ്ങനെ ആരോടും അവള്‍ ഒന്നും തുറന്നു പറയാറില്ല. പറമ്പ് കിളയ്ക്കാന്‍ വന്ന വേലായുധന്‍ പറഞ്ഞാണ് ബാലു ഇതെല്ലാം അറിയുന്നത്. അന്ന് രാത്രി മുഴുവന്‍ മാളുവിനെ കുറിച്ചായിരുന്നു ബാലുവിന്‍റെ ചിന്ത. അവളെയും കുട്ടനെയും പഠിപ്പിക്കണമെന്ന തീരുമാനത്തോടെ അയാള്‍ ഉറങ്ങാന്‍ കിടന്നു.

                    പിറ്റേന്നയാള്‍ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ മാളുവിന്‍റെ മുറ്റത്ത് നിന്നും അകന്നുപോകുന്ന ആള്‍ക്കൂട്ടത്തെയാണ് കണ്ടത്. അയാള്‍ക്ക് ആ ദുരന്തം വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. വീട്ടു ജോലിക്കിടയില്‍ സ്റ്റവ് പൊട്ടിത്തെറിച്ചു മരിച്ച, പണക്കൊഴുപ്പുള്ള കുടുംബത്തിലെ കശ്മലന്മാരുടെ കൈയില്‍പെട്ട വേലക്കാരി അപ്പോഴേക്കും ശ്മശാനത്തില്‍ വെന്തു വെണ്ണിറായി മാറിയിരുന്നു.

                   അയാളുടെ കാലുകള്‍ പതുക്കെ ആ കുടിലിനെ ലക്ഷ്യമാക്കി നീങ്ങി. ആ കുടിലിനുള്ളില്‍ കണ്ട കാഴ്ച അയാളെ നിശബ്ദനാക്കി. സംസാരിക്കാനോ, വാവിട്ടുകരയാനോ കഴിയാത്ത ഊമയായ മൂന്നുവയസുകാരന്‍ ബാലന്‍. അവള്‍ അവന്‍റെ ഒരുചാണ്‍ വയറു പുലര്‍ത്താനായിരുന്നു, ആ കശ്മലന്മാരുടെ ബലിയാടായി വെന്തുമരിച്ചതെന്ന് അയാളറിഞ്ഞു. ആ കുഞ്ഞിനെ മാറോടണച്ച് അയാളിറങ്ങി...


                   ....തന്‍റെ തോളിലൂടെ ഇറങ്ങുന്ന സ്നേഹത്തോടെയുള്ള തലോടല്‍ അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. ഉറക്കമെണീറ്റ തനിക്ക് ചായയുമായി നില്‍ക്കുന്ന ഊമയായ തന്‍റെ പ്രിയമകന്‍. അയാളുടെ ദൃഷ്ടികള്‍ അവനുനേരെ തിരിഞ്ഞു. അവന്‍റെ ദൃഷ്ടികള്‍ പാഞ്ഞുചെന്ന്‍ നിന്നത് ആ മാവിലാണ്. തനിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച തന്‍റെ ചേച്ചിയെ അവനവിടെ കാണാന്‍ കഴിയുന്നത് അയാളറിഞ്ഞു......

7/10/16

വെറുതെ ഒരു മോഹം

                                     +2 വിന് പഠിക്കുന്ന കാലം. ആ സമയം ഞങ്ങള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉച്ചക്ക് ശേഷം ആയിരുന്നു. ഞാന്‍ ക്ലാസ് ഒക്കെ കഴിഞ്ഞ് വളരെയേറെ ക്ഷീണിതനായി വരാന്തയില്‍ കൂടി നടന്നു വരികയായിരുന്നു. പെട്ടന്നാണ് അവളെന്‍റെ മുന്നില്‍ വന്നു പെട്ടത്... ഞാനൊരു നിമിഷം നിശ്ചലമായി നിന്നുപോയി. അന്നായിരുന്നു ഞാനവളെ ആദ്യമായി കണ്ടത്. ഇതിനുമുന്‍പ് ഒരിക്കലും ഞാനവളെ ആ ക്യാംപസില്‍ കണ്ടിട്ടില്ല. കണ്ട ആ നിമിഷം തന്നെ എനിക്കവളെ ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ നോക്കി നില്‍ക്കെ അവള്‍ വേഗത്തില്‍ എന്‍റെ കണ്ണില്‍നിന്നു മാഞ്ഞുപോയി. ആ നിമിഷം മുതല്‍ ഞാന്‍ അവളെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒക്കെയും ഞാനവളെ കാണാന്‍ ശ്രമിച്ചു. എന്‍റെ ചങ്ക് ബ്രോസ് ഇതെങ്ങനയോ  മനസ്സിലാക്കി. ഒടുവില്‍ ഞാന്‍ എന്‍റെ ആഗ്രഹം അവരോട് പറഞ്ഞു. അവര്‍ എനിക്ക് വേണ്ടി കഷ്ടപ്പെട്ട്  അവളെക്കുറിച്ച് അന്വേഷിച്ചു. അവര്‍ക്ക് അവളെക്കുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

                  അവളെക്കുറിച്ച് വീട്ടില്‍ ഒന്ന് പറഞ്ഞാലോ എന്ന് ഞാന്‍ ചിന്തിച്ചു. ഒടുവില്‍ ഏല്ലാ ഭാവിഷത്തുക്കളും അനുഭവിക്കാന്‍ തയ്യാറെടുത്ത് ഞാന്‍ ഉമ്മയോട് അവളെക്കുറിച്ച് പറഞ്ഞു. തുടര്‍ന്നുള്ള സംഭവത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ...?

            വെടിക്കെട്ടിന് തീ കൊളുത്തിയ അവസ്ഥയായിരുന്നു വീട്ടില്‍. അങ്ങനെ ഈ വിവരം ഉപ്പാടെ ചെവീലെത്തി. "ഇനി മേലാല്‍ ഈ കാര്യം നീ ഇവിടെ പറഞ്ഞുപോകരുത്. മര്യാതക്ക് പഠിച്ച് മാര്‍ക്ക് വാങ്ങാന്‍ നോക്ക്. വേറെ വല്ല മോഹവുമുണ്ടെങ്കില്‍ അത് നടക്കില്ല". ഉപ്പയുടെ വാക്കുകള്‍ എന്‍റെ സ്വപ്നത്തിന്‍റെ ചിറകരിഞ്ഞു.

        എത്ര ശ്രമിച്ചിട്ടും ആ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി. ഇനി എന്ത് ചെയ്യും? ഒടുവില്‍ ഉറച്ച തീരുമാനം എടുത്തു. മറക്കുക,,,, അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളു. അന്ന് മുതല്‍ ഞാന്‍ " എന്‍ഫീല്‍ഡ് " ബൈക്കിനോടുള്ള മോഹം ഉപേക്ഷിച്ചു. റൂട്ടിലോടുന്ന ബസ്സാണ് എനിക്ക് പറ്റിയ വാഹനമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.


3/10/16

എഴുത്ത്

                   ഒരു പേനയും പേപ്പറുമായി ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുദിവസായി. കഥ എഴുതാം എന്ന് വെച്ചാല്‍ അത് എനിക്ക് ആറിയത്തില്ല. ആള്‍ക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പറ്റിയ ഒരു വിഷയമുണ്ട്‌, സ്ത്രീയും പീഡനങ്ങളും. പക്ഷെ അതില്‍ എനിക്കാണേല്‍ ഒട്ടും താല്‍പര്യവും ഇല്ല. പക്ഷെ എന്തെങ്കിലും ഒന്ന് എഴുതിയല്ലേ പറ്റു. എന്ത് എഴുതും....?

                                 ചുമ്മാ ബോറടിച്ചിരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ ഇടാനും, കൂടെയുള്ള ചങ്ങായിമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചളികളും എഴുതിക്കൂട്ടും എന്നല്ലാതെ വേറെന്ത് എഴുതാന്‍. അങ്ങനെ എഴുതുന്നതിനും എഴുതി കൊടുക്കുന്നതിനും ടോപ്പിക് വേണ്ടല്ലോ.... കൊച്ചു കൊച്ചു പോയത്തങ്ങള്‍ അല്ലങ്കില്‍ പ്രേമത്തെക്കുറിച്ചോ ന്യൂ ജനറേശന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കട്ട ചളികള്‍ അങ്ങനെ എന്തെല്ലാം ഉണ്ട് എഴുതി കൈമാറാന്‍. കൂട്ടുകാരുമൊത്ത് സൊറയും പറയാം. ഇനി എങ്ങാനും വല്ല ടോപ്പിക്കും കിട്ടീട്ട് എഴുതുന്നത് കണ്ടാല്‍ അപ്പൊ ഉമ്മ വിളിക്കും. എന്തെങ്കിലും പണിയും തരും. എന്തിനാ വെറുതെ പൊല്ലാപ്പ്...?

                               ശ്ശെടാ...! ഇപ്പഴും എഴുതാനുള്ള ഒരു ടോപ്പിക്ക് കിട്ടിയില്ലല്ലോ? എന്താ ഇപ്പോ എഴുതാ? ഒരു ലവ് ലെറ്റര്‍ എഴുതിയാലോ? ഹ ഹ ഹ നല്ല കാര്യമായി. ഈ ലവ് ലെറ്റര്‍ എന്ന് പറയുന്നത് എഴുതി സൂക്ഷിച്ച് വെക്കാന്‍ ഉള്ളത് അല്ലല്ലോ? ആര്‍ക്കെങ്കിലും കൊടുക്കാനുള്ളതല്ലേ?  ആര്‍ക്ക് കൊടുക്കും?  ഇനി ഏതെങ്കിലും ഒരു സുന്ദരി ആ ലെറ്റര്‍ സ്വീകരിച്ചാലോ... അയ്യോ വേണ്ടായേ.... കമിതാക്കളുടെ കഷ്ടപ്പാട് ദിവസവും കാണുന്നവന ഞാന്‍.... എപ്പഴും വട്ട്സപ്പില്‍ മെസേജ് അയക്കണം, എല്ലാരും ഉറങ്ങുമ്പോള്‍ അവരുമാത്രം ഉണര്‍ന്നിരിക്കും. എന്നിട്ട് പുതപ്പിന്‍റെ ഉള്ളിലോ, ജനലിന്‍റെ അടുത്തോ ഒക്കെ പോയിനിന്നും ഇരുന്നും കിടന്നും ഒക്കെ ഫോണ്‍ ചെയ്യണം. കഷ്ടകാലത്തിനു ബാത്ത്റൂമില്‍ പോകാനോ മറ്റോ ഉപ്പയോ ഉമ്മയോ  എഴുന്നേറ്റ് പുറത്ത് വരുമ്പോ  പതുങ്ങിയുള്ള സംസാരം കേട്ടാലോ? പിന്നെ ചോദ്യം ചെയ്യലായി അടിയായി, വഴക്കായി, പിന്നെ ഉപ്പാന്‍റെ വക ഒരു ചോദ്യം ചെയ്യലുണ്ട് കണ്ണുരുട്ടീട്ട്.


                     "ആരെയാട നീ ഈ നട്ടപ്പാതിരാക്ക് വിളിക്കണത്"

ഉമ്മയുടെ കരച്ചില്‍ ഉപദേശം. പിന്നെ ഉപദേശവും ചോദ്യംചെയ്യലും ഒന്നും സഹിക്കാന്‍ പറ്റാതെ അവളേയും സങ്കടപ്പെടുത്തി, വേണോ, വേണ്ടയോ എന്ന ചിന്തയില്‍ ചടഞ്ഞിരിക്കണം. അത് കൊണ്ട് മാത്രം,
വേണ്ട.

                                  വേണ്ട. എനിക്ക് ലവ് ലെറ്ററും എഴുതണ്ട. എന്തിനാണ് വെറുതെ അട്ടയെ പിടിച്ച മെത്തയില്‍ കിടത്തുന്നത്...? എഴുതാതിരുന്നാല്‍ പോരെ?
                                              എന്‍റെ പൊന്നേ എനിക്ക് ഒന്നും എഴുതുകയേ വേണ്ട....!



30/9/16

നോവലിലെ പ്രവചനം

ഒരു നോവലിനെ വിലയിരുത്താനും അഭിപ്രായം പറയാനും ഒന്നും ഞാന്‍ ആളല്ല. എങ്കിലും ചെറിയൊരു കാര്യം മാത്രം ഇവിടെ കുറിക്കാം.

                     വര്‍ഷം 1898 മോര്‍ഗണ്‍ റോബര്‍ട്ട്‌സണ്‍ എന്ന എഴുത്തുകാരന്‍ ഒരു നോവലെഴുതി. "ഫ്യുട്ടിലിറ്റി" അതായിരുന്നു നോവലിന്‍റെ പേര്. ഒരു ആഡംബര കപ്പലിനെ കുറിച്ചായിരുന്നു നോവല്‍. ആദ്യത്തെ യാത്രക്കായി പുറപ്പെട്ട കപ്പല്‍ ഒരു മഞ്ഞുകട്ടയില്‍ ഇടിച്ച് തകര്‍ന്നു. കപ്പലില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ മരിച്ചു.

             നോവല്‍ പ്രസിദ്ധീകരിച്ചു. 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. 1912 ഏപ്രില്‍ 12 ലോകത്തന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ആഡംബര കപ്പല്‍ അതിന്‍റെ കന്നിയാത്ര പുറപ്പെട്ടു. പക്ഷെ ആ കപ്പല്‍ അന്ന് രാത്രി മഞ്ഞുകട്ടയില്‍ ഇടിച്ച് തകര്‍ന്നു. ആ കപ്പല്‍ "ടൈറ്റാനിക്ക്" ആയിരുന്നു. നോവലിലെ കപ്പലിന്‍റെ പേര് "ടൈറ്റന്‍" എന്നായിരുന്നു. നോവലില്‍ പറഞ്ഞിരിക്കുന്ന കപ്പലിന്‍റെ അതെ വലിപ്പവുമാണ്‌ ടൈറ്റാനിക്ക് ന്. നോവലിലെ കപ്പലില്‍ മുവ്വായിരത്തോളം പേര്‍ക്ക് സഞ്ചരിക്കാം. ടൈറ്റാനിക്കിലും അത്രയും പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.

           ടൈറ്റാനിക്ക് ദുരന്തവും റോബര്‍ട്ട്സണ് ന്‍റെ നോവലും തമ്മില്‍ എങ്ങനെ ഇത്രയതികം സാമ്യമുണ്ടായി? ആ നോവല്‍ ടൈറ്റാനിക്ക് ദുരന്തത്തെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായിരുന്നു എന്നാണ് ചിലരൊക്കെ കരുതുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ യാദൃശ്ചികതയായും ഇതിനെ കാണുന്നു.

നോവൽ ഡൗൺലോഡ് ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      
https://archive.org/details/wrecktitanorfut01robegoog

27/9/16

ഓർമ്മകൾ {കഥ}

പതിവ് പോലെ ജോലി  കഴിഞ്ഞ് ഫാരിസ് മേശപ്പുറത്തെ പത്രത്തിലേക്ക് കണ്ണോടിച്ചു. പെട്ടന്ന് ഒരു ഫോട്ടോക്ക് മുന്നിൽ കണ്ണുകൾ തടഞ്ഞു നിന്നു.
              ഫോട്ടോയുടെ അടിയിൽ എഴുതിയ കുറിപ്പവൻ വായിച്ചു. "ഷെറിൻ നടത്തുന്ന അനാഥാലയത്തിലേക്ക് പണം അയക്കാൻ താല്പര്യമുള്ളവർ... ഈ അഡ്രസ്സിൽ പണം അയക്കണമെന്ന് വിനീതപൂർവ്വം അപേക്ഷിക്കുന്നു". ആ വാർത്ത വായിച്ച് അവനാകെ അസ്വസ്ഥനായി. കാറെടുത്ത് ഫ്ളാറ്റിലേക്ക് പോകുമ്പോൾ അവന്റെ മനസ്സിൽ നിറഞ്ഞത് കുറ്റബോധമായിരുന്നു. ഫ്ളാറ്റിലെത്തി ഊണ് പോലും കഴിക്കാതെ നേരെ ബെഡ്റൂമിലെത്തി കട്ടിലിലേക്ക് വീണു. ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണം കാരണം അവൻ കണ്ണടച്ചു കിടന്നു. കഴിഞ്ഞ കാലത്തെ ഓർമ്മകൾ അവന്റെ മനസ്സിലേക്ക് എത്തുകയായിരുന്നു. അവൻ ഓർക്കുകയായിരുന്നു ഷെറിനെ പരിജയപ്പെട്ട ദിവസം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പഠിക്കാനുള്ളതുകൊണ്ട് ഞായറാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്നപ്പോൾ നേരം വൈകിയിരുന്നു.  രാവിലെ എഴുന്നേറ്റ് കോളേജിലേക്ക് പോകാൻ റെഡിയാകുമ്പോഴാണ് ഉമ്മ കാപ്പി കുടിക്കാൻ വിളിച്ചത്. വീട്ടിലെ നിത്യചെലവും അവന്റെയും സഹോദരിയുടേയും വിദ്യാഭ്യാസവും എല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഉമ്മയെക്കുറിച്ച് ഓർത്തപ്പോൾ ഫാരിസിന്റെ കണ്ണുകൾ നിറഞ്ഞു. ഉപ്പ മരിച്ച ശേഷം എല്ലാ ചുമതലയും വന്നു ചേർന്നത് ഉമ്മയുടെ തലയിലായിരുന്നു. ഉമ്മ അവനോട് എപ്പഴും പറയും ഫാരീ, നീ പഠിച്ച് ഒരു ജോലി നേടിയാലേ നമ്മുടെ കഷ്ടപ്പാട് മാറുകയുള്ളു. അത് കേൾക്കുമ്പോൾ അവൻ ഉമ്മയെ ആശ്വസിപ്പിക്കും.
               വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 9 ആയിരിക്കുന്നു. ബസ്സിന്റെ ഹോണടി കേട്ടപ്പോൾ മറ്റൊന്നും ഓർക്കാതെ ബാഗുമെടുത്ത് ഓടിച്ചെന്ന് ബസ്സിൽ കയറി. കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നപ്പോഴാണ് പേഴ്സ് എടുക്കാൻ മറന്ന കാര്യം ഓർമ്മ വന്നത്. അവൻ നിന്ന് വിറക്കാൻ തുടങ്ങി. കണ്ടക്ടറുടെ വായയിൽ നിന്ന് ചീത്ത മുഴുവനും കേട്ട ശേഷം അപ്പോൾത്തന്നെ അവനോട് ബസ്സിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു. പെട്ടന്ന് ബസ്സിന്റെ മുൻസീറ്റിൽ ഇരുന്ന പെൺകുട്ടി കണ്ടക്ടറോട് അയാളെ ബസ്സിൽ നിന്ന് ഇറക്കി വിടണ്ട എന്ന് പറഞ്ഞ് അവന്റെ  ടിക്കറ്റ് എടുത്തു. ആരാണ് തന്റെ ടിക്കറ്റ് എടുത്തത് എന്ന് ഫാരിസ് നോക്കി. അത് ഷെറിനായിരുന്നു. അവളെ അറിയാത്തവരായി ക്യാമ്പസിൽ ആരും തന്നെ ഉണ്ടാവില്ല. കാരണം ഷെറി അതി സുന്ദരിയാണ്. മാത്രമല്ല, നന്നായി പാടുകയും ചെയ്യും. അതു കൊണ്ട്തന്നെ അവളുടെ പ്രണയം പിടിച്ചുപറ്റാൻ പലരും ശ്രമിക്കാറുണ്ട്. പക്ഷേ ആരും തന്നെ വിജയിച്ചിട്ടില്ല.  കോളേജിനടുത്ത് ബസ്സ് നിറുത്തിയപ്പോൾ ബസ്സിൽ നിന്നിറങ്ങി ഷെറിന്റെ അടുത്ത് ചെന്ന് ടിക്കറ്റ് എടുത്തതിന് നന്ദി പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും അവർ തമ്മിൽ കാണാറുണ്ടായിരുന്നു. അപ്പോൾ ആ സൗഹൃദം ഒരു പുഞ്ചിരിയിലോ ഒന്ന് രണ്ട് വാചകത്തിലോ ഒതുക്കുമായിരുന്നു. ആ സൗഹൃദത്തിൽ നിന്നാണ് പിന്നീടവർ പ്രണയത്തിലായത്. ക്യാമ്പസിലെ മരങ്ങളുടെ ചുവട്ടിലൂടെ നടക്കുമ്പോൾ അവൻ അവളോട് പറയും "ഷെറീ നിനക്ക്  എന്നേക്കാൾ സ്വത്തും നല്ല വീടും ഒക്കെ ഉള്ള ഒരാളെ ഭർത്താവായി കിട്ടും. അതു കൊണ്ട് നീ...." ബാക്കി പറയാൻ ഒരിക്കലും അവൾ സമ്മതിക്കാറില്ല. ആ പ്രണയം ഷെറിന്റെ വീട്ടിൽ അറിഞ്ഞു. അവളെ ഉപ്പ ഫാരിസിനെ വീട്ടിൽ വിളിച്ചു വരുത്തി പറഞ്ഞത് ഉദ്യോഗവും നല്ലൊരു വീടും, പണവും ഒന്നുമില്ലാത്ത അവന് ഷെറി നെ വിവാഹം കഴിച്ച് കൊടുക്കില്ല എന്നായിരുന്നു. ഷെറിക്ക് എന്താണ് ആ വിഷയത്തെക്കുറിച്ച് പറയാനുള്ളത് എന്ന് കേൾക്കാൻ പോലും നിക്കാതെ ഫാരി ആ വീട്ടിൽ നിന്നും ഇറങ്ങി. അപ്പോൾ അവൻ  ഓർമ്മിച്ചു ഉദ്യോഗവും പണവും ഇല്ല എന്ന് പറഞ്ഞാണ് ഷെറിന്റെ വീട്ടുകാർ തന്നെ അപമാനിച്ചത്. അതെ, ഇനി തന്റെ ലക്ഷ്യം അതാണ്. നല്ലൊരു ഉദ്യോഗം നേടനം. കുറച്ചധികം പണം  സമ്പാദിക്കണം. അവനാ ലക്ഷ്യത്തിലൂടെ സഞ്ചരിക്കുമ്പോൾ പല തവണ ഷെറിൻ അവനെ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. പക്ഷെ അവൻ അവളിൽ നിന്ന് ഒഴിഞ്ഞ്മാറി. അത് ഒരു പ്രതികാരം ചെയ്യലായിരുന്നു.  ഷെറിൻ ദുഃഖിക്കുമ്പോൾ അവനത് വളരെ  സന്തോഷമുള്ള കാര്യമായിരുന്നു. ക്രമേണ ഫാരിസ് ഷെറിൻ നെ മറക്കാൻ ശ്രമിച്ചു എന്ന് പറയുന്നതിലധികം മറന്നു എന്ന് പറയുന്നതാണ് ശരി.
           ഇന്ന് അവൻ വലിയ പണക്കാരനാണ്. കുടുംബസമേതം ജോലിസ്ഥലത്തുള്ള ഒരു ഫ്ളാറ്റിൽ താമസിക്കുന്നു. റോഡിൽ നിന്ന് കാറിന്റെ നിറുത്താതെയുള്ള ഹോണടി കേട്ട് ഭാര്യ അയാളെ വിളിച്ചുണർത്തിയപ്പോൾ ഓർമ്മകളിൽ നിന്ന് അവനുണർന്നു. എണീറ്റ് വന്ന് നോക്കിയപ്പോൾ ഓഫീസിലെ ജോലിക്കാരനാണ് കാറിൽ വന്നത്. ഫാരിസിനെ മാനേജർ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവൻ കാറിലേക്ക് കയറി. കാർ ഓടികൊണ്ടിരിക്കുന്നതിനിടയിൽ അവൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ച് ആ അനാഥാലയത്തിലെ അഡ്രസ്സ് ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചു.......

24/9/16

ആത്മ നൊമ്പരം

കൂട്ടൂകാരെ ആദ്യമായി എഴുതിയ കഥയാണ്... 
തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം... പറഞ്ഞ് തിരുത്തിക്കണം...


           തന്റെ പിറന്നാൾ ദിനത്തിലെ ഈ പ്രഭാതത്തിന് എന്തേ ഒരു വിളർച്ച. എല്ലാ പിറന്നാളിനും നിറഞ്ഞ ചിരിയുമായി എത്തിയിരുന്ന പ്രഭാതം ഇപ്പോൾ മുഖം കറുപ്പിച്ചിരിക്കുന്നു. ഇക്കുറി എല്ലാം വളർച്ചയുടെ മുഖംമൂടിയിലല്ലേ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് "നീ ഇനിയും ഒരുങ്ങിയില്ലേ?" എന്ന ചോദ്യവുമായി അമ്മ കയറി വന്നത്. 'നേരത്തേ എത്തണം പറഞ്ഞത് ഓർമ്മയില്ലേ? എന്തിനും ഏതിനും ഞാനൊപ്പം വേണമെന്ന് വെച്ചാൽ ഞാനെന്താ ചെയ്യ്യാ? ഈ കുട്ടിയുടെ ഒരു കാര്യം. വേഗം ഒരുങ്ങാൻ നോക്ക് ' എന്നും പറഞ്ഞ് അമ്മ പോയപ്പോൾ സ്നേഹ വീണ്ടും ചിന്തകളിൽ മുഴുകി.

               ' സ്നേഹ ' അച്ഛന്റെ ഇഷ്ടപ്പെട്ട പേര്. തന്നെ ഗർഭം ധരിച്ചിരിക്കുമ്പോൾ അമ്മയുടെ വയറ്റിൽ മുഖം ചേർത്ത് 'മോളൂട്ടി' എന്ന് വിളിക്കുമ്പോൾ താൻ വയറ്റിൽ കിടന്ന് ഇളകിയിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. ഒരുപാട്  സ്നേഹമുള്ള അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഹങ്കരിച്ചിട്ടുമുണ്ട്. സംഗീതപ്രിയനായ അച്ഛൻ ആനന്ദഭൈരവിയും, മോഹനവും, ഭൂവാളവും ആലപിക്കുമ്പോൾ താൻ നിശബ്ദനായി ശ്രവിക്കുമായിരുന്നത്രെ. എന്റെ മോളെ ഞാൻ രാജകുമാരിയെപ്പോലെ വളർത്തും സംഗീതവും നൃത്തവും എല്ലാം അവളെ പഠിപ്പിക്കും എന്ന് അച്ഛൻ ചെറുപ്പത്തിലേ പറയുമായിരുന്നത്രെ. അച്ഛന്റെ ആഗ്രഹം പോലെ വളർന്ന ഞാൻ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും എല്ലാം മുന്നിലായിരുന്നു. എവിടെയും തന്റെ സാന്നിദ്ധ്യം പ്രമുഖമായിരുന്നു. മറ്റുള്ളവരുടെ അനിഷ്ടമോ ദൈവത്തിന്റെ കളിയോ എന്താണ് തന്റെ ഈ വിധിക്ക് കാരണം എന്ന് പലപ്പോഴും ആലോചിച്ചു. കളികളിലൂടെയും തമാശകളിലൂടെയും തന്നെതന്നെ മറക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാലും പലപ്പോഴും തനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥകൾ വന്നിട്ടുണ്ട്. മനസ്സിന്റെ വിങ്ങൽ ആരേയുമറിയിച്ചില്ല. തന്റെ പ്രിയപ്പെട്ട നന്ദനെപ്പോലും. അതായിരുന്നല്ലോ അവന്റെ പരാതിയും.  നീയെന്തിനാ ഇങ്ങനെ എല്ലാം ഉള്ളിലൊതുക്കി നടക്കുന്നത്?  ആരോടെങ്കിലും ഒന്ന് തുറന്ന് പറഞ്ഞ് മനസ്സിന്റെ ഭാരം അൽപം കുറച്ചൂടെ എന്ന് അവൻ പലപ്പോഴും ചോദിച്ചിരുന്നു. എന്റെ വേദന എന്റേത് മാത്രമായി തീരുന്നതാണ് എനിക്കിഷ്ടം. മറ്റുള്ളവരുടെ പരിഹാസം അവഗണിക്കാൻ ഞാൻ എന്നെ തന്നെ പഠിപ്പിച്ചു. സഹതാപം ഒട്ട് ആഗ്രഹിച്ചുമില്ല.

                          പിറന്നാളിന് കിട്ടിയ സമ്മാനങ്ങളിൽ നിന്ന് മുത്തശ്ശി വാങ്ങി തന്ന തന്റെ പ്രിയപ്പെട്ട വെള്ള നിറമുള്ള പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് കാറിൽ കയറുമ്പോൾ 'ചേച്ചി ഞങ്ങളും വരുന്നെന്ന്' അനിയന്മാർ പറഞ്ഞപ്പോൾ മൗനമായി നിന്നു. തിരിച്ച് വരാത്ത ഒരു യാത്രയാണ് ഇനിയുള്ളതെന്ന് അവർക്കറിയില്ലല്ലോ. ചേച്ചിക്ക് ഇനി അവരുമായി അടികൂടാൻ കഴിയില്ലെന്ന് അവരറിയണ്ട. നനഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ ശ്രദ്ധ പുറത്തേക്ക് തിരിച്ചു. തന്നെ ശുണ്ഠി പിടിപ്പിക്കാൻ ശ്രമിച്ച അവരെ അമ്മ ശാസിച്ചു. 'സാരല്ല്യ അമ്മേ ഇനി അധികകാലമൊന്നും ഇല്ലല്ലോ' എന്ന് പറഞ്ഞ് താനും അവരെ കൂടെ കൂടാൻ ശ്രമിച്ചു.

              കാറിന്റെ ചില്ലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ, തന്റെ പ്രിയപ്പെട്ട മഴത്തുള്ളികൾ കാറിന്റെ ചില്ലിലൊന്ന് തട്ടി. നേരമില്ലാത്ത നേരത്ത് ഒരു മഴ എന്ന് പറഞ്ഞ് അമ്മ ചില്ല് താഴ്ത്തി. മണ്ണിന്റെ നേർത്ത ഗന്ധവും, തുള്ളികളുടെ കുളിർമയും താൻ ആസ്വതിക്കുമ്പോൾ നിനക്ക് വട്ടാണെന്ന് പറഞ്ഞ് നന്ദൻ തന്നെ കളിയാക്കിയിരുന്നു. ഓർമ്മകളിൽ മുഴുകി അറിയാതെ തന്റെ ചിരിയുടെ ശബ്ദം ഉയർന്നു. എന്താ നീ ചിരിക്കുന്നത് എന്ന് അമ്മ ചോദിച്ചപ്പോഴാണ് പരിസരബോധമുണ്ടായത്. ചേച്ചിക്ക് ഇപ്പോൾ എപ്പഴും സ്വപ്നം കാണലാണ് പണിയെന്ന് പറഞ്ഞ് അനുജന്മാർ കളിയാക്കിയിരുന്നു.

                  എപ്പോഴായിരുന്നു തന്റെ അസുഖത്തിന്റെ തുടക്കം എന്ന് കൃത്യമായി ഓർക്കുന്നില്ല. ഇടക്കിടക്ക് വരുന്ന തലവേദനയെ വേദനസംഹാരികളിൽ ഒതുക്കി നിർത്തും. ഓട്ടവും ചാട്ടവും ഒന്ന് കുറച്ചൂടെ കുട്ട്യേ എന്ന് പറഞ്ഞ് മുത്തശ്ശി തലയിൽ ചന്ദനം പുരട്ടി തരും. ഒരിക്കൽ മൂക്കിൽകൂടി രക്തം വന്ന് കൂട്ടുകാർ വീട്ടിൽ കൊണ്ടു വന്നപ്പോൾ അതൊരു ദുരന്തത്തിന്റെ തുടക്കമാണ് എന്നറിഞ്ഞിരുന്നില്ല.

               അച്ഛന്റെ ഫ്രണ്ടായ ഡോക്ടറെ കാണിച്ചപ്പോൾ വിശദമായ ഒരു ചെക്കപ്പ് നടത്താൻ ആവശ്യപ്പെട്ടു. ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത ക്യാൻസറിന്റെ പിടിയിലാണ് തന്റെ മകൾ എന്നറിഞ്ഞ അമ്മയുടെ മുഖം തനിയ്ക്ക് ഇപ്പോൾ ഓർക്കാൻ കഴിയുന്നില്ല. ദുഃഖമോ, നിർവികാരതയോ, ഞെട്ടലോ ഒക്കെ ആ മുഖത്തിൽ പ്രതിഫലിച്ചിരുന്നു. ഏങ്ങലടിച്ചു കരയുന്ന മുത്തശ്ശിയെ എങ്ങനെ ആശ്വസിപ്പിക്കും. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിയാത്തതിനാൽ അനിയന്മാർക്ക് പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. നേർച്ചകൾക്കും പ്രാർത്ഥനകൾക്കും രക്ഷിക്കാൻ കഴിയില്ലെന്നറിയാമായിരുന്നിട്ടും അറിയാവുന്ന അമ്പലങ്ങളിൽ എല്ലാം കയറി മുത്തശ്ശിയും അമ്മയും പ്രാർത്ഥനകളും വഴിപാടുകളും കഴിച്ചു.

                       'മോൾക്ക് കുറച്ച് പൂവ് വാങ്ങി കൊള്ളു' എന്ന അമ്മയുടെ ശബ്ദം എന്റെ  ഓർമ്മകളെ മുറിച്ചു. പൂവ് വാങ്ങി തന്റെ മുടിയിൽ ചൂടിക്കുമ്പോൾ നനഞ്ഞ കണ്ണുകൾ മറക്കാൻ അമ്മ പാടുപെടുന്നത് താൻ കണ്ടില്ലെന്നു നടിച്ചു. കോളേജിൽ പോകുമ്പോൾ എന്നും അമ്മയായിരുരുന്നു മുടി കെട്ടി തന്നിരുന്നത്. ഇത്രയും വലുതായിട്ടും ഒറ്റക്ക് മുടി കെട്ടാൻ അറിയില്ലേ എന്ന് ചോദിച്ച് കൂട്ടുകാരികൾ കളിയാക്കുമായിരുന്നു.  ഇപ്പോൾ മുടിയെല്ലാം കൊഴിഞ്ഞിരിക്കുന്നു. എന്റെ തലക്ക് സുഖമില്ല എന്ന് പറഞ്ഞ് കൂട്ടുകാരികൾ കളിയാക്കി. തന്നെ ഇനിയും കോളേജിൽ വിടാൻ അമ്മക്ക് പേടിയായിരുന്നു. തുടർച്ചയായ ചെക്കപ്പുകളും മരുന്നുകളും തന്നെ തളർത്തിയിരുന്നു.  മാസത്തിൽ രക്തം മാറ്റണമായിരുന്നു. അതിനു വേണ്ടി അച്ഛൻ ആരോഗ്യവും സമ്പാദ്യവും എല്ലാം നഷ്ടപ്പെടുത്തി ഓടി നടന്നു.  മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും രക്ഷപ്പെടാൻ പഠനം തുടരാൻ താൻ വാശി പിടിച്ചു. അവസാനം തന്റെ വാശിക്ക് മുന്നിൽ അമ്മ വഴങ്ങി.

              ചെറിയൊരു ഇടവേളക്കുശേഷം കോളേജിൽ എത്തിയ താൻ പഴയ പ്രസരിപ്പ് മുഖത്ത് വരുത്താൻ ശ്രമിച്ച് കൂട്ടുകാർക്കിടയിലേക്ക് നീങ്ങി. ഇടക്കിടക്ക് അപ്രത്യക്ഷമാകുന്ന തന്നെ അവർ മാവേലി എന്നാണ് വിളിച്ചിരുന്നത്.  ആരും ഒന്നും അറിയരുതെന്നും സഹതാപനേത്രങ്ങളും ആശ്വാസവചനങ്ങളും പൊതിയരുതെന്നും ആഗ്രഹിച്ചു. പഴയതിലും കൂടുതൽ പ്രസരിപ്പോടെ എല്ലാത്തിലും മുന്നിൽ പ്രവർത്തിക്കാൻ തുടങ്ങി. പക്ഷെ തന്റെ ഒരു ചെറിയ ചലനം പോലും ശ്രദ്ധിച്ചിരുന്ന നന്ദനോട് എല്ലാം തുറന്നു പറഞ്ഞു. തനിയ്ക്കു വേണ്ടി അവന്റെ ജീവിതം പാഴാക്കുന്നത് എന്തിനാണ്. അവന്റെ മുഖഭാവം എന്താണ് എന്ന് നോക്കാൻ നിൽക്കാതെ റിഹേഴ്സൽ ക്യാമ്പിലേക്ക് നടന്നു. താനും നന്ദനും ചിട്ടപ്പെടുത്തിയ മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരിയുടെ' അവതരണം. ജീവിതത്തിൽ കൊതിച്ചതൊന്നും കിട്ടാതിരുന്ന നായികയുടെ ദുഃഖം താൻ പൂർണ്ണമായും ഉൾകൊണ്ടോ എന്ന് തോന്നി. പ്രാക്ടീസിന്റെ കാഠിന്യം തന്നെ തളർത്തി. നന്ദന്റെ വിങ്ങുന്ന നോട്ടത്തിനു മുന്നിൽ എല്ലാം ഒരു ചിരിയിൽ ഒതുക്കി. മൂക്കിൽ നിന്നും വരുന്ന രക്തം ആരും കാണാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകി. തനിയ്ക്ക് പകരം വേറെ ആരെയെങ്കിലും കണ്ടുപിടിക്കാൻ പറഞ്ഞ്  ഞാൻ അവിടെ നിന്നും ഇറങ്ങി.

                   ഇന്ന് തന്റെ പിറന്നാളാണെന്നും, അന്നാണ് ട്രീറ്റ്മെന്റിന് ആശുപത്രിയിൽ പോകുന്നതെന്നും അവനോട് പറഞ്ഞിരുന്നു. താൻ ഇറങ്ങുന്നതുവരേയും അവൻ വന്നില്ല. 'എന്തൊരു മഴ' കുട നിവർത്തിക്കോ മോളേ എന്ന് അമ്മ പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ എത്തിയ കാര്യം അറിയുന്നത്. കുടയും പിടിച്ച് മഴയിലൂടെ ലാബിന്റെ മുന്നിലേക്ക് നടന്നു. അറിയാതെ കണ്ണുകൾ നന്ദൻ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. ഈ ദിവസത്തിന്റെ ഓർമ്മ അവനിൽ ഇല്ലേ?. ഇനിയും  എനിക്ക് ആഘോഷിക്കാൻ ഒരുപാട് പിറന്നാളില്ലല്ലോ എന്ന് അവനറിയില്ലല്ലോ.

                  ലാബിൽ നിന്ന്  ഇറങ്ങി മുറിയിലെത്തിയപ്പോഴാണ് മേശപ്പുറത്തെ സമ്മാനപൊതി ശ്രദ്ധിച്ചത്. 'സ്നേഹയ്ക്ക് പിറന്നാളാശംസകളോടെ നന്ദൻ'. തുറന്നു നോക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട ലഡ്ഡുവായിരുന്നു അതിൽ. എന്താ ചേച്ചി എന്ന് ചോദിച്ച്  അനിയന്മാർ തമ്മിൽ ലഡ്ഡുവിന് അടി കൂടാൻ തുടങ്ങി. അമ്മ അവരെ ശാസിച്ചു നിർത്തി.  കണ്ണുനീരിന്റെ ഉപ്പ് ചുണ്ടിൽ എത്തിയപ്പോഴാണ് താൻ കരയുകയാണെന്ന് ബോധ്യം വന്നത്. എന്താ മോളേ? ക്ഷീണമുണ്ടെങ്കിൽ കിടന്നോളൂ എന്ന അമ്മയുടെ ശബ്ദം തന്റെ പ്രിയപ്പെട്ട മഴയുടെ ശബ്ദത്തിൽ അലിഞ്ഞു ചേർന്നു.